UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

COVID എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
COVID എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, ജനുവരി 21, വെള്ളിയാഴ്‌ച

കോവിഡ് രൂക്ഷമാകുമ്പോൾ പാർട്ടി സമ്മേളനം: വേലി തന്നെ വിളവ് തിന്നുന്നു

 


വേലി തന്നെ വിളവുതിന്നുന്നതുപോലെ കോവിഡ് നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച് സിപിഎം ജില്ലകള്‍ തോറും നടത്തിവരുന്ന  പാര്‍ട്ടി സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത്. 

പാര്‍ട്ടി സമ്മേളന വേദികളില്‍നിന്ന് ഉന്നതര്‍ക്കുപോലും കോവിഡ് ബാധിച്ചിട്ടും അടച്ചിട്ടമുറികളില്‍ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സമ്മേളനങ്ങള്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. 

യു.ഡി.എഫ്. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും ദിവസങ്ങള്‍ക്ക് മുമ്പേ റദ്ദാക്കി. മത, സാംസ്‌കാരിക സംഘടനകളെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി.  എന്നാല്‍ സാമൂഹ്യ വ്യാപനം തടയാനും നിശ്ചിത എണ്ണത്തിന് അപ്പുറമുള്ള കൂട്ടായ്മകള്‍ നിയന്ത്രിക്കാനും ഗവണ്‍മെന്റിനു യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്ന ധാരണയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അടുത്ത മൂന്നാഴ്ച കോവിഡ്/ ഒമിക്രോണ്‍ വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നല്കിയെങ്കിലും അതിന് അനുസൃതമായ ജാഗ്രതാ നടപടികളോ, ഭരണ നടപടികളോ ഉണ്ടായില്ല. ഇതു സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.  

ഒന്നും രണ്ടും ഘട്ടങ്ങളുടെ കോവിഡ് വ്യാപന കാലത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച  'വോളണ്ടിയര്‍ ബ്രിഗേഡുകള്‍'  സംവിധാനം അടിയന്തരമായി പുന:സ്ഥാപിക്കണം. രോഗികള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതമാകുന്നതോടെ വീട്ടില്‍ എല്ലാവരും രോഗബാധിതരാകുന്ന സ്ഥിതിവിശേഷം തടയാന്‍ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍  പുന:സ്ഥാപിക്കണം. വീടുകളില്‍ തന്നെ നില്ക്കുവാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ക്കു അതിന് അവസരം കൊടുക്കണം.

മരുന്നിനും കോവിഡ് രോഗവും ആയി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന തുക സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണം.  കോവിഡ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ വളരെ സഹായകമായിരുന്ന ആയിരത്തോളം പി.ജി. വിദ്യാര്‍തഥികളുടെ  സേവനം ഇപ്പോള്‍ ലഭ്യമല്ല.  ഈ കുറവ് നികത്താന്‍ എം.ബി.ബി.എസ്. പാസ്സായവരെ അടിയന്തരമായി നിയോഗിക്കണം. 

ആരോഗ്യ രംഗത്തെ ജീവനക്കാരെ പ്രതിനിധികരീക്കുന്ന സംഘടനകളുമായും ഐ.എം.എ. ഉള്‍പ്പെടെയുള്ള സംഘടനകളുമായും  ഗവണ്‍മെന്റ് ആശയവിനിമയം നടത്തണം. സ്വകാര്യമേഖലയെ കൂടതല്‍ വിശ്വാസത്തിലെടുക്കണം. 

കോവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സയ്ക്ക് സഹായം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. കോവിഡിന്റെ മൂന്നാം വരവ് ചിലരില്‍  വളരെയേറെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അവര്‍ക്ക് കൗണ്‍സിലിന് സൗകര്യം ഏര്‍പ്പെടുത്തണം. 

വിദേശത്തു നിന്നും വരുന്നവരില്‍ രണ്ട് കുത്തിവയ്പുകള്‍ നടത്തുകയും വരുന്ന രാജ്യത്തും ഇവിടെയും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ആകുകയും രോഗലക്ഷണം ഇല്ലാതിരിക്കുകയും ചെയ്താല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്ന കാര്യം  പരിഗണിക്കണം.

രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. ഇതിന് കേന്ദ്ര ഗവണ്‍മെന്റ് സഹായം കൂടി ലഭ്യമാക്കണം. 

കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ വ്യത്യസ്ഥ സ്ഥിതിയില്‍ വരുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍  കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജി ഉണ്ടാക്കണം.

2021, ജൂലൈ 6, ചൊവ്വാഴ്ച

കോവിഡ് മരണസംഖ്യ മറച്ചുവയ്ക്കുന്നത് വേദനാജനകം

 

കോട്ടയം പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നു 


കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.

ഇതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് കിട്ടുന്ന സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല. കോവിഡ് നെഗറ്റീവ് ആയ ശേഷം അതുമായി ബന്ധപ്പെട്ടാണ് മരണങ്ങള്‍ സംഭവിക്കുന്നത്. മരണസംഖ്യകുറച്ച് കാണിച്ച് സര്‍ക്കാര്‍ പ്രസ്റ്റീജിന് വേണ്ടി നോക്കുമ്പോള്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നില്ല.

 ഇതിനെതിരെ സുപ്രീം കോടതി ഗൗരവമായി തന്നെയാണ് പറഞ്ഞിരിക്കുന്നത്. പ്രോട്ടോക്കാള്‍ ഇവിടെ നിശ്ചയിച്ചത് സര്‍ക്കാര്‍ തന്നെയാണ് ഉദ്യോഗസ്ഥരല്ല. ഉദ്യോഗസ്ഥരെ പഴിചാരാനും കഴിയില്ല. ഇക്കാര്യത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സംസ്ഥാനത്തിന്റെ ക്രമസമാധാനം അപകടകരമായ നിലയിലാണ്. സ്വര്‍ണ്ണക്കടത്ത്,ക്വട്ടേഷന്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. കേരളത്തിന്റെ പുറത്ത് പോകുന്ന മലയാളികള്‍ക്ക് നാടിനെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടു.ക്രമസമാധാന രംഗം പ്രതിസന്ധിയിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ച വധഭീഷണിക്കത്ത് സംബന്ധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സിപിഎം സംസ്ഥാനസെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങളെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.

പെട്രോള്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നത്.കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ടാക്സിന്റെ അധിക വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. യുഡിഎഫ് ഭരണകാലത്ത് നാലു പ്രവശ്യം നികുതി വരുമാനം ഉപേക്ഷിച്ചതിലൂടെ 618 കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടം സഹിച്ചത്. ഇന്ധവില വര്‍ധനവിനെതിരെ ഒരു വശത്ത് സമരവും മറുവശത്ത് എതിര്‍ത്ത നികുതിയുടെ വരുമാനം ഉപേക്ഷിക്കാതിരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുത്ത നാലുകോടി രൂപ അതാത് നിയോജകമണ്ഡലത്തിലെ ആരോഗ്യരംഗത്തെ കോവിഡ് നേരിടുന്നതിന് വേണ്ടി മാത്രം ചെലവിഴിക്കണം. ഇതില്‍ 25 ലക്ഷം രൂപ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് ചെലവഴിക്കണം.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ഈ രീതിയില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാന്‍ 35 കോടി രൂപ മാത്രമേ ചെലവി വരുകയുള്ളു. ഇതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ ഇരുപത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കണം. എം എല്‍ എ ഫണ്ടില്‍ നിന്ന് പിടിച്ച തുക അതാത് മണ്ഡലങ്ങളില്‍ തന്നെ വിനിയോഗിച്ചാല്‍ എം എല്‍ എമാരുടെ ആവശ്യവും സര്‍ക്കാരിന്റെ ലക്ഷ്യവും നടക്കും.


2021, ജൂൺ 2, ബുധനാഴ്‌ച

'പൾസ് ഓക്സിമീറ്റർ ചലഞ്ചിന് ' മികച്ച പ്രതികരണം

 


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് റിലീഫ് @പുതുപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'പൾസ് ഓക്സിമീറ്റർ ചലഞ്ചിന് ' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഈ പ്രതിസന്ധി കാലഘട്ടത്തിൽ കാരുണ്യത്തിന്റെ കരസ്പർശമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി ആളുകളാണ് ഈ ചലഞ്ചിൽ കൈകോർത്തത്.

ഈ ചലഞ്ചിലേക്ക് 100 പൾസ് ഓക്സിമീറ്ററുകൾ നൽകിയ ഡോ. ഡാനിഷ് സലിം, അതോടൊപ്പം ഈ ചലഞ്ചിൽ പങ്കാളികളായ വാകത്താനത്തെ ഊർജ്ജസ്വലരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കാനഡയിലെ മലയാളി കൂട്ടായ്മ, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണക്കാരായ ആളുകൾ, ഏവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

പൾസ് ഓക്സിമീറ്റർ ചലഞ്ചിൽ നിന്നും ലഭിച്ച ഓക്സിമീറ്ററുകൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസധനങ്ങൾ, CFLTC കൾ, DCC കൾ എന്നിവിടങ്ങളിലും ആശാ വർക്കറുമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കും വിതരണം ചെയ്തു. ആവശ്യക്കാരിലേക്ക് ഓക്സിമീറ്ററുകൾ എത്തിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഈ നിമിഷം വരെ കോവിഡ് റിലീഫ് @പുതുപ്പള്ളിയുടെ ഭാഗമായി ആത്മാർഥമായി പ്രവർത്തിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..

#OcSpeaks 

2021, മേയ് 14, വെള്ളിയാഴ്‌ച

ബി വി ശ്രീനിവാസിനെ ചോദ്യം ചെയ്ത സംഭവം: രാജത്തിനാകെ ലജ്ജാകരം

 


കോവിഡ് മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിനെ പ്രതികാര നടപടിയുടെ ഭാഗമായ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്. 

രോഗാതുരമായ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജീവൻ പോലും പണയപ്പെടുത്തി രാഷ്ട്രീയം നോക്കാതെ ജീവവായു എത്തിച്ച യുവ പോരാളിയാണ് ശ്രീനിവാസ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  ധാരാളം അഭിനന്ദനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. 

രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ നേരെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ വീഴ്ച്ചകൾ മറച്ചുവെക്കാനാണ് ഇത്തരം ദ്രോഹനടപടി. മനുഷ്യത്വ രഹിതമായ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ചിന്തിക്കുമെന്ന് എനിയുക്കുറപ്പുണ്ട്.

#OCspeaks

2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

പുതിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം, സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

 


വിദേശത്തു നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രവാസി സമൂഹം ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. ഇന്ത്യയിലേക്കു പോകുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ സമയപരിധിയിലുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികളാണ് ദുരിതത്തിലാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ മാര്‍ഗ്ഗിനിര്‍ദ്ദേശ പ്രകാരം നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് മാത്രം നല്‍കേണ്ടിവരുന്നത്. 150 ദിര്‍ഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി 600 ദിര്‍ഹം (പന്ത്രണ്ടായിരം രൂപയോളം) ആണ് ചെലവ്. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തിലും സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്തണം. കോവിഡ് കാലത്ത് ശമ്പളം ലഭിക്കാതെയും, ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നടിഞ്ഞ് നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസിയെ സംബന്ധിച്ച് ഇത് ഏറെ ഗുരുതരമായ വിഷയമാണ്. പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലാബുകളില്‍ സൗജന്യ പരിശോധന നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

2021, ജനുവരി 31, ഞായറാഴ്‌ച

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം

 


കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായി. ഇതെക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമതി രൂപീകരിക്കണം.  

ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തില്‍. 3722 മരണങ്ങളുമായി രാജ്യത്ത് പന്ത്രണ്ടാമത്.  ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ   കോവിഡ് ഡേറ്റ വിശ്വാസയോഗ്യമല്ലെന്നാണ് പ്രശസ്ത സാംക്രമികരോഗ വിദഗ്ധന്‍ ഡോ രാമന്‍ കുട്ടി ടൈംസ് ഓഫ് ഇന്ത്യ (30.1.21)യില്‍ ചൂണ്ടിക്കാട്ടിയത്.

കോവിഡ് പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണം. ശനിയാഴ്ച 59,759 ടെസ്റ്റുകളാണ് നടന്നത്. ഇത് ഒരു ലക്ഷമെങ്കിലും ആക്കണമെന്ന് ആരോഗ്യവിദഗ്ധരും  സംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെട്ടതാണ്. കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഒരു വര്‍ഷമായിട്ടും ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ വ്യാപിപ്പില്ല.  സര്‍ക്കാരിലെ തന്നെ വലിയൊരു വിഭാഗം വിദഗ്ധരെയും സ്വകാര്യമേഖലയെയും അവഗണിച്ചത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തി. സ്വകാര്യമേഖലയെ കൂടുതല്‍ സഹകരിപ്പിക്കുകയും  കൂടുതല്‍ ടെസ്റ്റുകളും ടെസ്റ്റിംഗ് സെന്ററുകളും ഏര്‍പ്പെടുത്തുകയും വേണം. കോവിഡ് ഡേറ്റ ഗവേഷകര്‍ക്ക് വിട്ടുകൊടുക്കണം.

കൂടുതല്‍ ജനസാന്ദ്രത  കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹരോഗികളും  കൂടുതലാണെന്നും മറ്റുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ  സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും  കോവിഡ് നിയന്ത്രിക്കപ്പെട്ടു.  പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാള്‍ മുന്നില്‍  സംസ്ഥാനങ്ങളുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി.




2021, ജനുവരി 23, ശനിയാഴ്‌ച

പെട്രോള്‍ വില വര്‍ധന തികച്ചും അന്യായം

 


കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായം.  

ഈ മാസം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74  രൂപയുമായതോടെ വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി. അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞുനില്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം  ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48  രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ മൂന്നിരട്ടിയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 10 മടങ്ങായി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുവേളിയില്‍ മാത്രം ഒരു രൂപയുടെ ഇളവ് നല്കി. കര്‍ണാടക തെരഞ്ഞെടുപ്പുവേളയില്‍ മൂന്നാഴ്ച പെട്രോളിയം കമ്പനികള്‍ വില കൂട്ടിയില്ല. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം.



2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

സര്‍ക്കാര്‍ മാപ്പു പറയണം; കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളെന്ന ആരോപണം പൊളിഞ്ഞു


 കോവിഡ് രോഗികള്‍  സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും (ഓഗസ്റ്റ് 13) സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും (മാതൃഭൂമി അഭിമുഖം ഒക്‌ടോ 5) വ്യക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞു.  

യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ  പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ നിഗമനത്തെ  മുഖ്യമന്ത്രിയും  പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിഗമനം  ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു.  കേരളത്തില്‍ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ്  ഓഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നിഗമനം പുറത്തുവന്നത്. പ്രതിപക്ഷ സമരമാണ്  കോവിഡ് പടരാന്‍ കാരണമെന്നതു സംബന്ധിച്ച എന്തെങ്കിലും ഡേറ്റ സര്‍ക്കാരിനു പക്കലുണ്ടോയെന്ന് വ്യക്തമാക്കണം

കോവിഡ് കേരളത്തിലെത്തിയിട്ട് 9 മാസം പിന്നിടുമ്പോള്‍ കോവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.  ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 5 ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സര്‍ക്കാരിന് 9 മാസം തയാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള  കോവിഡ് സൂചികകള്‍.

ആദ്യം പ്രവാസികളെയും പിന്നീട് മത്സ്യത്തൊഴിലാളികളെയും ഏറ്റവും ഒടുവില്‍ പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിലെ പരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിവച്ച  പ്രതിപക്ഷ നേതാവിനെ ധനമന്ത്രി പുച്ഛിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയുമല്ലേ കോവിഡ് മഹാമാരിയെ നേരിടേണ്ടത്?



2020, ജൂൺ 16, ചൊവ്വാഴ്ച

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവാസികളെ മരണത്തിലേക്കു തള്ളിവിടും


പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20നാണ് പ്രാബല്യത്തില്‍ വരുന്നത്. അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞ കാര്യം നാം മറക്കരുത്.

ഇറ്റലിയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ കോവിഡ് 19നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരേ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് 11ന് നിയമസഭയില്‍ ശക്തമായി രംഗത്തുവരുകയും കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അത്തരമൊരു നിലപാട് ഗള്‍ഫിലെ പ്രവാസികളോടു മുഖ്യമന്ത്രി സ്വീകരിക്കണം. .

കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരെയും സര്‍ക്കാര്‍ ചെലവില്‍ ഒരുപോറല്‍പോലും ഏല്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ചരിത്രമാണ് നമുക്കുള്ളത്. എന്നാല്‍ കൊറോണമൂലം സമ്പത്തും ആരോഗ്യവും ജോലിയും നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ചെലവുപോലും കേന്ദ്രം വഹിക്കുന്നതില്ല. വന്ദേഭാരത് മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ നാട്ടിലേക്കു വരാന്‍ കാത്തിരിക്കുന്ന മൂന്നുലക്ഷത്തോളം പ്രവാസികളെ കൊണ്ടുവരാന്‍ ആറു മാസമെങ്കിലും വേണ്ടിവരും. അവരെ കൊണ്ടുവരാന്‍ ലോക്ഡൗണ്‍ കാലത്തു ലഭിച്ച മൂന്നു മാസം ഫലപ്രദമായി വിനിയോഗിച്ചില്ല.

ഈ പശ്ചാത്തലത്തിലാണ് വിവിധ മലയാളി പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് പ്രവാസിലോകത്ത് വലിയ ആശ്വാസവും പ്രതീക്ഷയും ഉയര്‍ത്തി. അതാണ് ഇപ്പോള്‍ അസ്ഥാനത്തായത്. പ്രവാസികള്‍ക്ക് രണ്ടരലക്ഷം കിടക്ക തയാറാണെന്നും തിരിച്ചുവരുന്നവരുടെ പരിശോധനയുടെയും ക്വാറന്റീന്റെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല.


കഴിഞ്ഞ ശനിയാഴ്ച രാത്രി ചാനല്‍ പരിപാടിയില്‍ പ്രവാസികളുടെ പ്രതിനിധിയായി പങ്കെടുത്ത സജീര്‍ കൊടിയത്തൂര്‍ പലവട്ടം കണ്ണീരണിഞ്ഞതു ലോകംമുഴുവന്‍ കണ്ടതാണ്. അതു പ്രവാസി ലോകത്തിന്റെ കണ്ണീരും തേങ്ങലുമാണ്. അവരുടെ വേദന കണ്ടില്ലെന്നു നമുക്ക് നടിക്കാനാകുമോ?

2020, ജൂൺ 14, ഞായറാഴ്‌ച

ചാർട്ടേഡ് ഫ്ലൈറ്റില്‍ വരുന്നവർക്ക് കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്


വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വേണം വരാനെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന്് പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

കോവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ആളുകള്‍ കേരളത്തിലേക്ക് വരുവാന്‍ കാത്ത് നില്‍ക്കുകയാണ്. ഇതുവരെ പതിനഞ്ച് ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. നമ്മുടെ ആളുകള്‍ക്ക് വേഗം നാട്ടിലെത്തിക്കണമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടിയെ തീരുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മലയാളികളെ പ്രതിനിധീകരിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്.

അതുകൊണ്ട് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന ഈ അപ്രായോഗികമായി ഈ ഉത്തരവ് പിന്‍വലിക്കുകയും കോവിഡിന്റെ ജാഗ്രത പുലര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാന്‍ തയ്യാറാകണം.

2020, ജൂൺ 12, വെള്ളിയാഴ്‌ച

നിരക്കു കൂട്ടാതെ കെഎസ്ഇബി മലയാളികളെ ഷോക്കടിപ്പിച്ചു


വൈദ്യുതി ബോര്‍ഡ് നിരക്ക് കൂട്ടുമ്പോഴൊക്കെ ഷോക്കടിപ്പിച്ചു എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ നിരക്കു കൂട്ടാതെ തന്നെ ഷോക്കടിപ്പിച്ചു എന്നതാണ് കോവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേകത.

ബോര്‍ഡിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മാത്രമാണ് അതിനു കാരണം.

ബസ് ചാര്‍ജ്, മദ്യത്തിന്റെ വില തുടങ്ങി കൂട്ടാവുന്നതൊക്കെ കൂട്ടുന്നതിനിടയ്ക്കാണ് വൈദ്യുതിക്ക് കൂടിയ നിരക്ക് അടിച്ചേല്പിച്ചത്.

ലോക്ഡൗണും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ആളുകള്‍ നട്ടംതിരിയുമ്പോഴാണ് വെള്ളിടിപോലെ ഈ നിരക്ക് വന്നത്.

ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ടവരെയാണ്. മൊത്തം 1.37 കോടി ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം പാവപ്പെട്ടവരാണ്. 240 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സബ്‌സിഡി നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കോവിഡുമൂലം റീഡിംഗ് എടുക്കാന്‍ വൈകിയതുകൊണ്ട് പാവപ്പെട്ടവരുടെ വൈദ്യുതി ഉപയോഗം 240 യൂണിറ്റിനു മുകളിലാകുകയും സബ്‌സിഡി നഷ്ടപ്പെട്ട അവര്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കേണ്ടി വരുകയും ചെയ്തു.

മറ്റു സ്ലാബുകളില്‍ ഉള്ളവര്‍ക്കും കൂടിയ സ്ലാബുകളിലുള്ള നിരക്കില്‍ വൈദ്യുതി നിരക്ക് അടക്കേണ്ടി വന്നു. ലോക്ഡൗണ്‍ കാലത്ത് ശരാശരി ബില്‍ തുക കൂട്ടിയപ്പോഴും നിരവധി പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെടുകയും അവര്‍ കൂടിയ സ്ലാബുകളിലേക്കു മാറുകയും ചെയ്തു.

ബോര്‍ഡ് റീഡിംഗ് എടുക്കാന്‍ വൈകിയതു ശിക്ഷ ലഭിച്ചത് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്കാണ്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് അനായാസം പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.

വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസില്‍ ചെന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ബോര്‍ഡ് പറയുന്നത്. ആളുകള്‍ അവിടെ ക്യൂ നില്ക്കുകയാണ്. എന്നാല്‍ കംപ്യൂട്ടറൈസ്ഡ് ബില്ലിലെ സങ്കീര്‍ണമായ കണക്കുകളും മറ്റും ചൂണ്ടിക്കാട്ടി ഉപയോക്താക്കളെ പറഞ്ഞുവിടുകയാണു ചെയ്യുന്നത്.

ലോക്ഡൗണ് കാലത്ത് ലാഭം കൊയ്ത അപൂര്‍വം സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. സാധാരണഗതിയില്‍ ഒരു ദിവസത്തെ മൊത്തം ഉപഭോഗം 7.5 കോടി യൂണിറ്റാണെങ്കില്‍ ഡോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക ഉപഭോഗം മാത്രം ഏഴു കോടിയോളമായിരുന്നു.

വന്‍ ലാഭം കൊയ്ത വൈദ്യുതി ബോര്‍ഡ് ബിപിഎല്ലുകാരുടെ കയ്യില്‍ നിന്നു പിടിച്ചു വാങ്ങിയ അമിതതുകയെങ്കിലും അവര്‍ക്ക് തിരിച്ചു നല്കണം.

ഉപയോക്താക്കള്‍ക്ക് നീതി നല്കണം.

2020, ജൂൺ 11, വ്യാഴാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്നു.


അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നു നില്ക്കുമ്പോള്‍ പെട്രോള്‍/ ഡീസല്‍ ഉല്പന്നങ്ങള്‍ക്ക് കുത്തനെ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്നു.

നാലു ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും രണ്ടു രൂപയിലധികമാണു വില വര്‍ധിച്ചത്. ഇനിയും കൂടുമെന്നു കരുതപ്പെടുന്നു.

്അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനേ ഇടിഞ്ഞപ്പോള്‍ കേന്ദ്രം എക്‌സൈസ് നികുതി കൂട്ടുകയാണു ചെയ്തത്. അപ്പോള്‍ ദൈനംദിന വില നിര്‍ണയമില്ല. അസംസ്‌കൃത എണ്ണയുടെ വില കയറുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍/ ഡീസല്‍ വില കൂട്ടുകയും ചെയ്യുന്നു. ഇത് മുച്ചൂടും ചൂഷണമാണ്.

കേന്ദ്ര- സംസ്ഥാന നികുതികളാണ് പെട്രോള്‍/ ഡീസല്‍ വില കുത്തനേ ഉയര്‍ത്തുന്നത്. നിലവില്‍ നികുതി പെട്രോളിന് 49.97 രൂപയും ഡീസലിന് 48.73 രൂപയുമാണ്. യഥാര്‍ത്ഥത്തില്‍ പെട്രോളിന് 17.96 രൂപയും ഡീസലിന് 18.49 രൂപയും മാത്രമാണ് അടിസ്ഥാനവില. ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്. അങ്ങനെയാണ് കേരളത്തില്‍ പെട്രോളിന്റെ വില 75.12 രൂപയും ഡീസലിന്റെ വില 69.28 രൂപയുമായി കുതിച്ചു കയറിയത്.

കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു. അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ ആനുപാതികമായ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല.

ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തങ്ങളുടെ ജീവിതം മെല്ലെ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക സഹായവും ലഭ്യമാക്കേണ്ട സമയമാണിത്. അതിനു പകരം പെട്രോള്‍/ ഡീസല്‍ വിലയിലുണ്ടാകുന്ന വില വര്‍ധന ജനങ്ങളോടു കാട്ടുന്ന ക്രൂരതയാണ്.

2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയപ്പോള്‍ നികുതി കുറച്ച് പെട്രോള്‍ വില 85 രൂപ കടക്കാതിരിക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2014ല്‍ എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി കുതിച്ചു കയറി. സംസ്ഥാന നികുതി യഥാക്രമം 16.99 രൂപയും 16.90 രൂപയുമായി അഞ്ചിരട്ടിയോളമായി. യുപിഎ സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് അന്ന് സബ്‌സിഡി നല്കിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയത്

കൊറോണ ഭീഷണിയും സാമ്പത്തികതകര്‍ച്ചയും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം നല്കാന്‍ ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച കേന്ദ്രനികുതിയും റോഡ് സെസും അടിയന്തരമായി പിന്‍വലിക്കണം.

2020, ജൂൺ 9, ചൊവ്വാഴ്ച

വന്ദേഭാരത് മിഷനില്‍ പ്രവാസികള്‍ക്ക് വരാന്‍ വളരെ കുറച്ച് വിമാനങ്ങള്‍


ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരാന്‍ കാത്തിക്കുന്ന പ്രവാസികള്‍ 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്‍ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ ഉള്ളത്. വന്ദേഭാരത് മിഷനില്‍ കേരളത്തിന് പരമാവധി വിമാനങ്ങള്‍ വിമാനങ്ങള്‍ നല്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തുനല്കി.

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ എയര്‍ ഇന്ത്യ 2020 ജൂണ്‍ 10 മുതല്‍ ജൂലൈ ഒന്ന് വരെയും എയര്‍ ഇന്ത്യ എക്‌സപ്രസ് ജൂണ്‍ 9 മുതല്‍ ജൂണ്‍ 23 വരെയും പ്രഖ്യാപിച്ച മിഷനില്‍ 19 വിമാനങ്ങള്‍ മാത്രമാണ് കേരളത്തിലേക്കുള്ളത്. ഷെഡ്യൂള്‍ പ്രകാരം എയര്‍ ഇന്ത്യ ജൂണില്‍ 9 വിമാനങ്ങള്‍ സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍ 23 വരെ 10 വിമാനങ്ങള്‍ സൗദി ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് അയയ്ക്കുന്നത്. 19 വിമാനങ്ങളില്‍ മൊത്തം 4100 ഓളം പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിയുക.

മെയ് 4 വരെ 4.27 ലക്ഷം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫില്‍ നിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 3.89 ലക്ഷം പേരാണ്. ഇതില്‍ യുഎഇയില്‍ നിന്നു മാത്രം 2,04,263 പേരുണ്ട്. പിന്നീടുള്ളവര്‍ എംബസികളിലാണ് രജിസ്റ്റര്‍ ചെയ്തത്. ഈ രീതിയിലാണെങ്കില്‍ ഒരു വര്‍ഷം ആയാല്‍പ്പോലും കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരാനാകില്ല.

അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാരാളം വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം ഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്.

വന്ദേഭാരത് മിഷനില്‍ ജൂണ്‍ 30 വരെ ഡല്‍ഹിയില്‍ നിന്നു 3 വിമാനങ്ങള്‍ മാത്രമാണ് കൊച്ചിയിലേക്കുള്ളത്. രണ്ടെണ്ണം തിരുവനന്തപുരത്തേക്കും. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ധാരാളം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന പ്രവാസികളെ ക്വാറന്റീനിലാക്കി ഹോട്ടലുകളിലേക്കാണ് അയയ്ക്കുന്നത്. വലിയ തുകയാണ് ഇതിനു ചെലവ് വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കുമൊക്കെ താങ്ങാവുന്നതിനപ്പുറം.

അമേരിക്ക, യൂറോപ്പ്, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തുന്നതിന് ദിവസവും ഒരു വിമാനമെങ്കിലും ഡല്‍ഹിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണം.

വിദേശരാജ്യങ്ങളില്‍ മൂന്നുമാസമായി കുടങ്ങിക്കിടക്കുന്നവര്‍ മാനസികമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടിലാണ് . ജൂലൈ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും അനായാസം നാട്ടിലെത്തിക്കാം.

2020, ജൂൺ 8, തിങ്കളാഴ്‌ച

ഏപ്രിലിൽ തയാറാക്കിയ രണ്ടരലക്ഷം കിടക്കകൾ എവിടെ?


കോവിഡ് 19മൂലം മടങ്ങിയെത്തുന്ന പ്രവാസികളെ സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിട്ട് അതു മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ പുറത്തുവിടാതിരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.

ഒരു മണിക്കൂറോളം നീളുന്ന ദിവസേനെയുള്ള പത്രസമ്മേളനത്തില്‍ എല്ലാ കാര്യങ്ങളും വളരെ വിശദമായി പറയാറുള്ള മുഖ്യമന്ത്രി, ജൂണ്‍ 3ന് എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ?

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇനി വീടുകളിലുള്ള ക്വാറന്റീന്‍ മാത്രം. 14 ദിവസത്തെ വീടുകളിലുള്ള ക്വാറന്റീനുശേഷം ഇവര്‍ 14 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തിലുമായിരിക്കും എന്നാണ് പുതിയ മാര്‍ഗരേഖ (No. 31/F2/2020 Health - 3rd June 2020)

ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി ആളുകളെ വീട്ടിലേക്ക് മാറ്റാന്‍ ജില്ലാകളക്ടര്‍മാര്‍ ഉത്തരവ് നല്കിക്കൊണ്ടിരിക്കുന്നു. വിമാനത്താവളങ്ങളില്‍ നിന്ന് ആളുകളെ നേരേ വീട്ടിലേക്ക് അയയ്ക്കുകയാണിപ്പോള്‍.

വിദേശത്തുനിന്ന് എത്തുന്നവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിലും കഴിയുന്നതായിരുന്നു നിലവിലെ രീതി.

എല്ലാവിഭാഗത്തിലുംപെട്ട 21,987 പേരാണ് വിവിധ ജില്ലകളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റീനിലുള്ളത്. ഇതില്‍ വിമാനത്താവളം വഴി വന്നവര്‍ 11,924 പേര്‍ മാത്രം. അക്കൂട്ടത്തില്‍ ആഭ്യന്തര യാത്രക്കാരുമുണ്ട്.

വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യമൊരുക്കുമെന്ന പഴയ നിലപാട് തുടരുമെന്നു പ്രതീക്ഷിക്കുന്നു.

പ്രവാസികള്‍ക്ക് എല്ലാ ജില്ലകളിലുമായി 2.5 ലക്ഷം കിടക്കകളുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഏപ്രില്‍ 16ലെ ദേശാഭിമാനി പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇതു 1.5 ലക്ഷമായി കുറച്ചിരുന്നു.

ഏപ്രിലില്‍ ഏര്‍പ്പെടുത്തിയെന്നു പറയുന്ന ആ സൗകര്യത്തിന് എന്തു സംഭവിച്ചു എന്നാണ് പ്രവാസികള്‍ക്ക് അറിയേണ്ടത്.

ഇരുനൂറിനടുത്ത് പ്രവാസികളുടെ ജീവന്‍ ഗള്‍ഫില്‍ പൊലിഞ്ഞു കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനവധാനതയാണോ അവരുടെ ജീവനെടുത്തതോ?

പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ അയച്ചുതരുന്ന പ്രവാസികളോട്, കേരളത്തെ കേരളമാക്കിയ അവരോട് നാം നന്ദികേടു കാട്ടിയോ?

2020, ജൂൺ 5, വെള്ളിയാഴ്‌ച

പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യത്തിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്‍റെ മുന്നൊരുക്കങ്ങള്‍ പാളി


പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങള്‍ അമ്പേ പാളി. ഇത് ഗള്‍ഫില്‍ 160ലധികം മലയാളികളുടെയും ദേവിക എന്ന 14കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയുടെയും ജീവനെടുത്തു.

ഈ സാഹചര്യത്തില്‍..

1) മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ അടിയന്തരനടപടികള്‍ ഉണ്ടാകണം.

2) ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പുവരുത്തിയിട്ടേ ഇനി തുടരാവൂ.

3) വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണം.

മദ്യം വിതരണം ചെയ്യാന്‍ കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

2020, ജൂൺ 1, തിങ്കളാഴ്‌ച

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നു



ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നു. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോിമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കുന്നു. വിക്ടേഴ്‌സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ ഇന്റർനെറ്റോ ടി വി സൗകര്യമോ ഇല്ലാത്ത കുട്ടികളെ കൂടി എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കണം. ആ വിദ്യാർത്ഥികളെ കൂടി ഉൾക്കൊള്ളിച്ച് വേണം ക്ലാസ്സുകൾ ആരംഭിക്കാൻ.

2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്‌സ ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ്.

2004ല്‍ ആണ് ഐഎസ്ആര്‍ഒ വിദ്യാഭ്യാസത്തിനു മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണു കേരളം. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്‌സ്. 2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുള്‍ കലാം തിരുവനന്തപുരത്തെത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാഷ്ടപതി ഒരു അധ്യാപകനെപ്പോലെ ക്ലാസെടുക്കുകയും കുട്ടികളുമായി നേരിട്ടും വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റര്‍ ആക്ടീവ് ടെര്‍മിനലുകൡരുന്ന വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനിലും സംവദിച്ചു. . അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി മുഹമ്മദ് ബഷീര്‍ ഈ പദ്ധതിക്ക് പ്രത്യേക താത്പര്യം എടുത്തിരുന്നു.

എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്‌സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. IT പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമില്‍ IT പരീക്ഷ സോഫ്റ്റ്വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിര്‍പ്പ് ഉയര്‍ത്തി. ഓണ്‍ലൈന്‍ ചാനല്‍ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു.

വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 2011-16ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് 5 വര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, പരീക്ഷാത്തലേന്ന് സാമ്പള്‍ ചോദ്യപേപ്പറിന്റെ വിശകലനം, എന്‍ട്രന്‍സ് കോച്ചിംഗ്, പത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകള്‍, അധ്യാപക പരിശീലനം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി വിക്ടേഴ്‌സ് ചാനലിനെ മുന്‍നിരയില്‍ എത്തിച്ചു.

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നു.

2020, മേയ് 27, ബുധനാഴ്‌ച

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടി



പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്.

നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്. കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല.

പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണം.

അവരില്‍ നിന്ന് ക്വാറന്റീന്‍ തുക ഈടാക്കാനുള്ള തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം.

2020, മേയ് 16, ശനിയാഴ്‌ച

പാക്കേജുകള്‍ അപര്യാപ്തം, പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ മാധ്യമങ്ങളെ കാണുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ പാക്കേജ് പ്രഖ്യാപനം. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യ വിൽപനയ്ക്ക് തടയിട്ട സംസ്ഥാന സർക്കാർ നടപടി ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും.

പാവപ്പെട്ടവരെ മറന്നുകൊണ്ടാണ് കേന്ദ്ര സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്.  ഇന്ന് വരെ പ്രഖ്യാപിച്ച ഒരു സഹായവും സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ല. ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിരക്കുകയാണ് കേന്ദ്രം ചെയ്തത്. ക്രൂഡ് ഓയിലിന്‍റെ വില ഇടിഞ്ഞിട്ടും ഒരു രൂപ പോലും ജനങ്ങൾക്ക് പ്രയോജനമുണ്ടായില്ല.  ജനങ്ങൾക്ക് നൽകേണ്ട തുകയാണ് കേന്ദ്ര ഖജനാവിലേക്ക് പോയത്. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള സാഹചര്യം ഉണ്ടായിട്ടും കേന്ദ്ര സർക്കാർ അത് നൽകിയില്ല.

കേന്ദ്ര സർക്കാരിന്‍റെ അതേ പാതയിലാണ് സംസ്ഥാന സർക്കാരും നീങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു രൂപ പോലും നല്‍കാന്‍ സർക്കാർ തയാറായില്ല .  കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്. തുടർച്ചയായ മദ്യദുരന്തങ്ങൾ ആവർത്തിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബിവറേജസ് കോർപറേഷൻ എന്ന ആശയം കൊണ്ടുവന്നത്. എന്നാൽ ഇതിനെ തകിടംമറിക്കുന്നതാണ് ഇപ്പോഴത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യവില്‍പനയ്ക്ക് തടയിട്ട സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് പിന്‍വലിച്ച് മദ്യദുരന്തം ഒഴിവാക്കാൻ സർക്കാർ തയാറാകണം.

പാസില്ലാതെ ആരെയും കടത്തിവിടണമെന്ന് ഒരു യു.ഡി.എഫ് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങളുടെ ദുരിതം കാണണമെങ്കില്‍ ചെക്ക്പോസ്റ്റില്‍ ഒന്നു ചെന്നുനോക്കിയാല്‍ മാത്രം മതി.




2020, മേയ് 6, ബുധനാഴ്‌ച

പ്രവാസി ടിക്കറ്റിന് എംബസികളിലെ ഫണ്ട് വിനിയോഗിക്കണം


ജോലിയും കൂലിയും നഷ്ടപ്പെട്ട അനേകം പ്രവാസികള്‍ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തീർത്തും മനുഷ്യത്വരഹിതമാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമ ഫണ്ടും ഇതിനായി വിനിയോഗിക്കണം. പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് എംബസികള്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന തുക ക്ഷേമഫണ്ടിലുണ്ട്. വിവിധ ഇന്ത്യന്‍ എംബസികളില്‍ ഇപ്രകാരം സമാഹരിച്ച തുക ചെലവഴിക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ടിക്കറ്റ് നല്കാനായി അതു വിനിയോഗിക്കാം.

ചുരുങ്ങിയ സമയംകൊണ്ട് അന്യസംസ്ഥാനങ്ങളിലുള്ള മുഴുവന്‍ മലയാളികളേയും കൊണ്ടുവരണമെങ്കില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ലഭ്യമാക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാസ്സ് വാങ്ങി വാഹനങ്ങള്‍ വാടകയ്ക്കു എടുത്തു വരുവാന്‍ ഒരുപാട് പേര്‍ക്ക് സാധിക്കില്ല. പ്രായമായവര്‍ക്കും രോഗികള്‍ക്കും ദീര്‍ഘ ദൂരം റോഡ് യാത്ര സുരക്ഷിതമല്ല.

ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും ചെന്നൈ, ബംഗളൂരൂ, ഹൈദ്രാബാദ് എന്നീ നഗരങ്ങളില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

മുഖ്യമന്ത്രിയുടേത് സ്ഥാനം മറന്നുള്ള അന്ധമായ കോൺഗ്രസ് വിരോധം


ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്കുള്ള മടക്ക യാത്രാ ചെലവ് പൂർണമായും വഹിക്കുവാൻ വിസമ്മതം കാട്ടിയ ബി.ജെ.പി ഗവണ്മെന്റിനെതിരെ കോൺഗ്രസ് അധ്യക്ഷ എടുത്ത ശക്തമായ നിലപാടാണ് സംസ്ഥാന കോൺഗ്രസ് കമ്മറ്റികളോട് ചെലവ് വഹിക്കുവാൻ ആവശ്യപ്പെട്ടത് . കർണാടക പി.സി.സി. പ്രസിഡന്റ് ഒരു കോടിയുടെ ചെക്ക് നൽകി കഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ ചെലവ് പി.സി.സി. വഹിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്.

അതിനെ പുച്ഛിച്ച മുഖ്യമന്ത്രി അല്പസമയത്തേക്ക് മുഖ്യമന്ത്രി എന്നത് മറന്ന് അന്ധമായ കോൺഗ്രസ് വിരോധം വച്ച് പുലർത്തുന്ന പാർട്ടിക്കാരനായി. സാലറി ചലഞ്ചിനെ ജീവനക്കാരുടെ മേൽ നിർബന്ധമായി അടിച്ചേൽപ്പിക്കരുതെന്ന് യു.ഡി.എഫ് അനുകൂല സംഘടനകൾ പറഞ്ഞപ്പോൾ അതിനെ രൂക്ഷമായി എതിർത്ത മുഖ്യമന്ത്രി, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക കുറഞ്ഞു പോകുമെന്ന ചിന്തയിലാണെന്ന് വിചാരിച്ചവർക്ക് ഇപ്പോൾ കാര്യം വ്യക്‌തമായി .

കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടിനെകുറിച് നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് മുഴുവൻ ചിലവും വഹിക്കാമെന്ന കേന്ദ്ര തീരുമാനം.

ശ്രീമതി സോണിയ ഗാന്ധിയുടെ തീരുമാനത്തിന്റെ ശക്‌തിയും ആഴവും തിരിച്ചറിഞ്ഞ ബി.ജെ.പി, നിലപാട് തിരുത്തി . കോൺഗ്രസ്സിനെ പുച്ഛിച്ച മുഖ്യമന്ത്രിയുടെ അന്ധമായ കോൺഗ്രസ് വിരോധത്തിന് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടമില്ലെന്നു പാർലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടില്ലെന്നു ജനങ്ങൾ തിരിച്ചറിയും.

പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വെറും പൊള്ളത്തരമാണ് , സഹകരിക്കുവാൻ തയ്യാറായ പ്രതിപക്ഷത്തെ പുച്ഛിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.