UDF

2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മൽത്സ്യ ലേലവും വിപണനവും: ഓർഡിനൻസ് ജനാധിപത്യ വിരുദ്ധം

 

കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലില്‍ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‌ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡിനന്‍സ്.

ഈ കരിനിയമത്തിനെതിരെ ആര്‍എസ്പിയുടെ പിന്നാലെ  യുഡിഎഫും  ശക്തമായ പോരാട്ടം നടത്തും.

മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് 5% തുക ഈടാക്കണം എന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.  ഈ തുക ലേലക്കാര്‍,  മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശസ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റര്‍, മാനേജ്‌മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്ക് വീതിച്ചു കൊടുക്കും.  മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഇപ്പോള്‍ തന്നെ യൂസര്‍ ഫീ ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് നികുതി ഈടാക്കി മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഉപയോഗിക്കുന്നതു കൊള്ളയാണ്.

കേരളത്തില്‍ പത്ത് ഫിഷിംഗ് ഹാര്‍ബറുകളും ഏതാനും ലാന്റിംഗ് സെന്ററുകളും മാത്രമെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയില്‍ യാനങ്ങള്‍ എത്തിക്കുന്നത് ഓര്‍ഡിനസിലൂടെ നിയമ വിരുദ്ധമാക്കി. ഇതു മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന കൊടുംക്രൂരതയാണ്.  സര്‍ക്കാരിനു താല്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ വഴി മത്സ്യ ബന്ധന മേഖലയാകെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.

മത്സ്യം നിയമവിധേയമായി പിടിച്ചെടുത്തതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗ്ഗം മുതലായ വിവരങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രം നേടാന്‍ യാന ഉടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ് എന്ന വകുപ്പ് അപ്രായോഗികവും മത്സ്യത്തൊഴിലാളിയെ പരിഹസിക്കുന്നതുമാണ്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന മത്സ്യത്തിന്റെ നിലവാരം സാക്ഷ്യപ്പെടുത്തല്‍ എന്ന നിയമത്തിലെ 21-ാം വകുപ്പും അതിന്റെ 3 വരെയുള്ള ഉപവകുപ്പുകളും മത്സ്യത്തൊഴിലാളിയെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതുമാണ്.

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിനു എതിരേ അപ്പീല്‍ നല്‍കണമെങ്കില്‍ മത്സ്യത്തൊഴിലാളി മൊത്തം പിഴത്തുക കെട്ടിവയ്ക്കണം.  ഉദേ്യാഗസ്ഥന്‍ തെറ്റായ തീരുമാനം എടുത്താല്‍ അയാള്‍ക്കെതിരെ വ്യവഹാരമോ, പ്രോസിക്യൂഷനോ, നിയമ നടപടികളോ പാടില്ല. തികച്ചു ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകളാണിവ.