UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Court എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Court എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, ഫെബ്രുവരി 2, ബുധനാഴ്‌ച

ലോകായുക്തയെ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

 


പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

ലോകായുക്തയ്ക്ക് കടിക്കാനുള്ള അധികാരം നല്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് യുഡിഎഫ് സര്‍ക്കാര്‍ ലോകായുക്തയെ ശാക്തീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

യുഡിഎഫ് സര്‍ക്കാര്‍ 2011 മെയ് 18ന് അധികാരമേറ്റ ഉടനേ ജൂണ്‍ 28ന് 117 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നതാണ് വിപ്ലവകരമായ മാറ്റം. അതുവരെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററും ഐഎച്ച്ആര്‍ഡിയും മാത്രമായിരുന്നു ലോകായുക്തയുടെ പരിധിയില്‍ ഉണ്ടായിരുന്നത്. ഐഎച്ച്ആര്‍ഡിയെ വിഎസ് സര്‍ക്കര്‍ അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പ് 4.5.2011ല്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക രാഷ്ട്രീയതാത്പര്യങ്ങളുടെ പേരിലാണ്.

ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും ഒറ്റയടിക്ക് ലോകായുക്തയുടെ പരിധിയിലാക്കിയത്. 1999ല്‍ ലോകായുക്ത രൂപീകരിച്ചശേഷം നടത്തിയ ഏറ്റവും വലിയ ശാക്തീകരണ നടപടിയായിരുന്നു അത്.

ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അഴിമതി സംബന്ധിച്ച ഇടതുപക്ഷത്തിന്റെ ഇതുവരെയുള്ള നിലപാടുകള്‍ പൊള്ളയായിരുന്നെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

ലോകായുക്തയെ ദുര്‍ബലപ്പെടുത്താൻ വ്യാജ ആരോപണങ്ങൾ

 


ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നത്. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്.

എംജി സര്‍വകലാശാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. അനുകൂലമായ കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷന്‍ റെഡ്ഢിയും ഉണ്ടായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ ജാന്‍സി ജെയിംസിനെ നിയമിച്ചപ്പോള്‍ എല്ലാ വിഭാഗത്തില്‍ നിന്നും അതിനു വലിയ സ്വീകാര്യത ലഭിച്ചു. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും അന്ന് ഉയര്‍ന്നിരുന്നില്ല. പിന്നീട് ഡോ ജാന്‍സി കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലറായി. അക്കാദമിക് മികവാണ് അവരെ ഉന്നതപദവികളിലെത്തിച്ചത്. വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇടതുസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇതു ഇടയാക്കും. 



2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ശബരിമല വിഷയത്തിലെ നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍

 


ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണ്.  കേന്ദ്ര-  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍  സഹായകരമായ നിയമ നിര്‍മാണം നടത്തുമെന്നു   വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തും.  ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍, ലിസ്റ്റ് 3, എന്‍ട്രി 28 പ്രകാരം  മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ട്.

വിധിക്കെതിരേ നല്കിയ  റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന്  ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല.  റിവ്യൂ ഹര്‍ജിയുള്ളതുകൊണ്ട് നിയമനിര്‍മാണം സാധ്യമല്ലെന്ന ഇടതുസര്‍ക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ശബരിമലയില്‍ ഭൂരിപക്ഷവിധിക്കെതിരേ നല്കിയ അമ്പതോളം റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാള്‍പോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്ക്കുന്നു. സിപിഎമ്മും ബിജെപിയും  ഇതിനൊരു പരിഹാരം നിര്‍ദേശിക്കുന്നില്ല.  ശബരിമലയില്‍  ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുമെന്നു പോലും പറയാന്‍ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല.  യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തില്‍ അന്നും ഇന്നും വ്യക്തയുള്ളത്.

2016 ഫിബ്രുവരി 4-ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ  സത്യവാങ്മുലത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തി വാദിച്ചിരുന്നു. എന്നാല്‍,  ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായത്. കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്.

വിധി ഉണ്ടായ ഉടനേ അതു നടപ്പാക്കാന്‍ കാട്ടിയ ധൃതിയും കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിര്‍മിച്ച വനിതാമതിലും നവോത്ഥാന പ്രചാരണവുമൊക്കെ യുവതീപ്രവേശം നടപ്പാക്കാനുള്ള  ഗൂഢാലോചനയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മൗനം.


2021, ജനുവരി 25, തിങ്കളാഴ്‌ച

ശബരിമല മുറിവുണക്കാന്‍ നിയമനടപടി വേണം

 


ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കാന്‍, വിധിക്കെതിരേ നല്കിയ  റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന്  മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ നിര്‍ദേശിച്ചു.

സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയാണ് നല്‌കേണ്ടത്.  

1950 ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിലെ വ്യവസ്ഥകള്‍ക്കും 1991 ഏപ്രില്‍ 5-ാം തീയതിയിലെ കേരള ഹൈക്കോടതിയുടെ മഹീന്ദ്രന്‍ കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ആചാര വിശ്വാസങ്ങള്‍ക്കെതിരേ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

2016 ഫിബ്രുവരി 4-ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ  സത്യവാങ്മുലത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് ഹര്‍ജി നിലനില്ക്കില്ലെന്ന് ശക്തിയുക്തം വാദിച്ചിരുന്നു. എന്നാല്‍,  ഹര്‍ജി വാദത്തിനുവന്നപ്പോള്‍ ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമമൊരു വിധി ഉണ്ടായത്. കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാണ്.

1991 ഏപ്രില്‍ 4-ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ദര്‍ശനാനുമതി നിരോധിച്ചു കൊണ്ടുള്ള നടപടി ഭരണഘടനാ   വ്യവസ്ഥകള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  1950 ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ച് അയ്യപ്പ ക്ഷേത്രത്തിലെ ദൈനംദിന ആരാധന ആഘോഷങ്ങള്‍ ആചാരമനുസരിച്ചായിരിക്കണമെന്നും വ്യക്തമാണ്. ഇവ ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിക്കാത്തിടത്തോളം കാലം നിലനില്‍ക്കും. അയ്യപ്പക്ഷേത്രത്തില്‍ 10-നും 50-നും ഇടയിലുള്ള  സ്ത്രീകള്‍ക്ക് ദര്‍ശനാനുമതി നിയന്ത്രിച്ചുകൊണ്ടുള്ള വ്യവസ്ഥ റദ്ദ് ചെയ്യുന്നതും അയ്യപ്പ വിശ്വാസികള്‍പോലുമല്ലാത്ത ഹര്‍ജിക്കാര്‍  സുപ്രീം കോടതിയെ സമീപിച്ചതും നിയമപരമായി നിലനില്ക്കില്ല.   ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബാധകമല്ല.  

സുപ്രീകോടതി വിധിയും പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളും കേരളീയ സമൂഹത്തിനും അയ്യപ്പഭക്തര്‍ക്കും മേല്‍ ഏല്പിച്ച മുറിവുണക്കാന്‍ ഇനിയും ഒട്ടും വൈകരുത്.


2021, ജനുവരി 12, ചൊവ്വാഴ്ച

സുപ്രീം കോടതി സ്‌റ്റേ: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണം

 


കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണം.

ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്. വിദഗ്ധസമിതിയംഗങ്ങള്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കര്‍ഷകര്‍ക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കര്‍ഷകര്‍ തന്നെ എതിര്‍ക്കുമ്പോള്‍, ഇതു കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമമല്ലെന്നു വ്യക്തം.

കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന് കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരേയുള്ള പോരാട്ടം തുടരുകയും ചെയ്യും. 

2020, ഡിസംബർ 2, ബുധനാഴ്‌ച

പെരിയ കേസ്: സുപ്രീം കോടതി വിധി നീതിയുടെ വിജയം

 


പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയം.  

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി സുപ്രീംകോടതി കേട്ടപ്പോള്‍ ഇടതുസര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നു. അതിനേറ്റ കനത്ത പ്രഹരമാണ് വിധി.

കോടികള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണം. പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് വ്യക്തമായ പങ്ക്  ഉള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. സുപ്രീംകോടതിയുട പരിഗണനയിലുള്ള മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും സമാനമായ വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പെരിയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ശിപാര്‍ശ ചെയ്യണം. 5 രാഷ്രട്രീയ കൊലക്കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരത്തും സിബിഐ അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത്.

2020, ജൂലൈ 14, ചൊവ്വാഴ്ച

വിശ്വാസികളുടെ വികാരം മാനിക്കുന്ന വിധി; എൽഡിഎഫിന് തിരിച്ചടി


ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പഴുതടച്ച സംവിധാനം ഏര്‍പ്പെടുത്തി.

ഒരു എസ്പിയുടെ നേതൃത്വത്തില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഇരുനൂറോളം പോലീസുകാരെയാണ് 24 മണിക്കൂര്‍ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയത്. അവര്‍ക്ക് ക്ഷേത്രപരിസരത്ത് ക്യാമ്പ് ഓഫീസ് തുറന്നു. അത്യാധുനിക കാമറ ഉള്‍പ്പെടയുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചു. 25 കോടിയിലധികം രൂപ യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചു.

ശ്രീപത്മനാഭ ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധിയെ ശബരിമല വിഷയത്തിന്റെ വെളിച്ചത്തില്‍ സ്വാഗതം ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

2019, നവംബർ 15, വെള്ളിയാഴ്‌ച

ശബരിമല: സുപ്രീംകോടതി നടപടി വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ സഹായിക്കും



വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും ശബരിമല സ്ത്രീപ്രവേശന വിഷയം വിശാലബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടി സഹായിക്കും.

സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ്. സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം സുഗമമാക്കാനും അതിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണം.


2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.


ശരത് ലാലിന്റേയും കൃപേഷിന്റെയും കുടുംബങ്ങൾക്ക് നീതി നിഷേധിച്ച കേരള ഗവണ്മെന്റിന്റെ നടപടിക്ക് കനത്ത തിരിച്ചടിയാണ് കേസ് സി.ബി.ഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈകോടതി വിധി. ഈ വിധിയിൽ കേസന്വേഷണത്തിൽ വരുത്തിയ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്ത , അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് നിൽക്കാൻ സാധ്യമല്ല. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം സത്യപ്രതിജ്ഞ ലംഘനമാണ്. അത് അദ്ദേഹത്തിന് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു.

2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം


പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റില്‍എറണാകുളം ജില്ലയിലെ താമസിക്കുന്നവരെ സന്ദർശിച്ചു.

ഫ്‌ളാറ്റുകൾ പൊളിക്കുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നവരോട് കാര്യങ്ങള്‍ ചോദിക്കാനോ അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനോപോലും തയാറാകാതെ ഇത്തരത്തില്‍ സ്ഥിതി വിശേഷം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്.

സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ ശരിയായ വിവരം കോടതിയെ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.

മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ഇതിനു വേണ്ടി അഖിലകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോകുകയും പ്രധാനമന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരേയും പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പരിഹാരം കണ്ടെത്തണം.

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

മരട്; സര്‍വകക്ഷി യോഗം വിളിക്കണം


എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയിലെ 5 കെട്ടിട സമുച്ചയങ്ങള്‍ സെപ്റ്റംബര്‍ 20-ാം തീയതിക്കകം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് ചെയ്യണമെുള്ള സുപ്രീംകോടതി വിധി സൃഷ്ടിച്ച അതീവ ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേർക്കണം.

യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്കുവാന്‍ കേന്ദ്രത്തെ സമീപിക്കണമെന്നും നിർദേശിക്കുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഖിലകക്ഷി നിവേദക സംഘം ഉടന്‍ ഡല്‍ഹിക്കു പോകണം.

സുപ്രീംകോടതി പരിശോധിച്ച നിയമ-സാങ്കേതിക വശങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു കാണിക്കുന്ന താല്പര്യവും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കില്ല. എന്നാല്‍ നിയമവശങ്ങള്‍ പരിശോധിച്ചും ശരിയായ അനുമതി ലഭിച്ചു എന്ന് ഉറപ്പ് വരുത്തിയും നിര്‍മ്മാണം നടത്തേണ്ട കെട്ടിട നിര്‍മ്മാതാക്കള്‍ വില്പന പൂര്‍ത്തിയാക്കിയതിനുശേഷം രംഗത്തില്ല. അവിടെ താമസിക്കു 357 കുടുംബങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ രക്തസാക്ഷികള്‍. ഒരു തെറ്റും ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും കെട്ടിടം നിര്‍മ്മിച്ച് ലാഭം ഉണ്ടാക്കിയവര്‍ രക്ഷപ്പെടുകയും ചെയ്യുന്ന ദു:ഖകരമായ സ്ഥിതയാണ് മരട് മുനിസിപ്പാലിറ്റിയില്‍ സുപ്രീം കോടതി വിധി മൂലം ഉണ്ടായിരിക്കുന്നത്. 

സുപ്രീംകോടതി വിധി നടപ്പിലാക്കുവാനുള്ള ഗവണ്‍മെന്റിന്റെ നിയമപരമായ ബാദ്ധ്യതയുടെ അടിസ്ഥാനത്തില്‍ കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരുകയും മൂന്നു കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം.

1) അഞ്ച് വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ അവിടത്തെ വെള്ളക്കെട്ടുകളില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചെന്നൈ ഐ.ഐ.ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ഗുരുതരമെന്നു കോടതിയെ ബോദ്ധ്യപ്പെടുത്തണം. ഇത്രയും വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുവാനുള്ള സാങ്കേതിക-പ്രായോഗിക ബുദ്ധിമുട്ടുകളും കോടതിയെ അറിയിക്കണം. ഇതിനു വരുന്ന ഭാരിച്ച ചെലവും പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന ലക്ഷക്കണക്കിനു ടണ്‍ വസ്തുക്കള്‍ വെള്ളക്കെട്ടുകള്‍ നശിപ്പിക്കുമെന്നുമുള്ള ജനങ്ങളുടെ ആശങ്കയും അസ്ഥാനത്തല്ല.

2) പത്തു വര്‍ഷമായി അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ അറിയിക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയുള്ള സുപ്രീംകോടതി വിധി മൂലം എല്ലാവര്‍ക്കും നീതി ലഭിക്കുന്നുവെന്ന് അവകാശപ്പെടുവാന്‍ സാധിക്കില്ല. ഇവരുടെ വാദം കൂടി കേള്‍ക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാന ഗവമെന്റ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

3) ഫ്‌ളാറ്റുകളില്‍ താമസിക്കുവരുടെ ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നതു കേന്ദ്ര ഗവണ്‍മെന്റ് 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനമാണ്. ഇതിലെ വ്യവസ്ഥകള്‍ അനുസരിച്ച് പൊളിച്ചു മാറ്റുവാന്‍ നോട്ടീസ് നല്കിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ച് കളഞ്ഞ അതേ സ്ഥലത്ത് പുതുതായി പണിയാം. പുതിയ തീരദേശ വിജ്ഞാപനത്തില്‍ ഈ പ്രദേശത്തെ തീരദേശ നിയന്ത്രണ മേഖല കാറ്റഗറി 3-ല്‍ നിന്നും 2 ആക്കി മാറ്റിയതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഈ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കുവാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ആവശ്യമായ നിയമ സാധുത ഇല്ലാതെ പണിത കെട്ടിട സമുച്ചയങ്ങള്‍ക്ക് പിഴ ഈടാക്കി, ഇവയെ നിയമാനുസൃതമാക്കുതിനു കേന്ദ്ര ഗവമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനു വേണ്ടി അഖിലകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോകുകയും പ്രധാനമന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരേയും പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പരിഹാരം ഉണ്ടാക്കുകയും വേണം.

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചു

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചിരിയ്ക്കുകയാണ് . ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരും. യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു.

ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസ്സാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാര്‍ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടില്‍ പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുക- യാണുണ്ടായത്. ഇത് വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കാനെ ഉപകരിയ്ക്കു.

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഏകപക്ഷീയമായ വിധി


ബാംഗ്ലൂർ സിറ്റി സിവിൽ കോടതിയിൽ നിന്നുണ്ടായിട്ടുള്ള വിധി എന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ വിധിയാണ്. വിധി പകർപ്പിൽ തന്നെ ഇത് എക്സ് പാർട്ടി വിധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ്സിൽ എന്റെ ഭാഗം കേൾക്കുകയോ, തെളിവോ പത്രികയോ നൽകാൻ അവസരം നൽകുകയോ അതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ല.

ബാംഗ്ലൂർ കോടതിയിൽ നിന്നും ലഭിച്ച നോട്ടീസ് പ്രകാരം എന്റെ കേസ് നടത്തുവാൻ അഡ്വക്കേറ്റ് രവീന്ദ്രനാഥിന് വക്കാലത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് എനിക്ക് കോടതിയിൽ നിന്നും ഒരു സമൻസും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ എം.കെ കുരുവിള എന്നെ നേരിൽ കണ്ട് എന്റെ ബന്ധുവായ ഒരു ആൻഡ്രുസും പി.എ ആയ ദിൽജിത്തും ചേർന്ന് തന്നേ കബിളിപ്പിച്ചു പണം തട്ടിയെടുത്തതായി പരാതി നൽകുകയുണ്ടായി. കുരുവിള പറഞ്ഞ പ്രകാരം ആൻഡ്രുസ് എന്ന പേരിൽ ഒരു ബന്ധുവോ ദിൽജിത് എന്ന പേരിൽ ഒരു പി.എയോ എനിക്കില്ല. എങ്കിലും കുരുവിളയുടെ പരാതി അന്നത്തെ ഡി.ജി.പി ശ്രീ ബാലസുബ്രമണ്യത്തിന് അന്വേഷണത്തിനായി നൽകി പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുകയുണ്ടായി. ഇതിന്റെ തുടർ വിവരങ്ങൾ എനിക്കറിയില്ല.

ഇന്നത്തെ വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. കോടതിയിൽ നിന്നും വിധിപകർപ്പും ഡിക്രിയും ലഭിച്ചാൽ ഉടൻ പ്രസ്തുത വിധി അസ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കും. ഈ കാര്യത്തിൽ നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരു പങ്കും ഇല്ലന്നും കോടതിയെ ഇത് ബോധ്യപ്പെടുത്താൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്..


2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സൗമ്യ വധക്കേസ്: അഭിഭാഷകരുടെ നടപടി വലിയ തെറ്റ്


സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നടപടി പൊറുക്കാനാവാത്ത തെറ്റ്.  കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടത് വലിയ വീഴ്ചയാണ്.

ഇപ്പോൾ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുന്നു. അക്രമം കാണിച്ചാലും പൊതുമുതൽ നശിപ്പിച്ചാലും കേസ് എടുക്കുന്നത് മനസിലാക്കാം എന്നാൽ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുക എന്നാൽ ഇവിടെ പ്രതിഷേധിക്കാൻ അവകാശം ഇല്ല എന്നാണോ? വാ മൂടിക്കെട്ടി പോകണം എന്നാണോ? കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും   ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. കഴിഞ്ഞ അഞ്ചു വർഷം ഇവർ ചെയ്തത് എന്തെന്ന് മറക്കരുത്. ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുത്തു ആണ് മുന്നോട്ടു പോകുന്നതെങ്കിൽ അതിനു  എതിരെയും ശക്തമായീ പ്രതികരിക്കും.

#OommenChandy


2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

സൗമ്യ വധം: കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച


സൗമ്യവധക്കേസ് സുപ്രിം കോടതിയില്‍ നടത്തിയതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. കേസ് നടത്തിപ്പില്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഏകോപനത്തോടെയുള്ള സമീപനം സ്വീകരിച്ചില്ല. 

വീഴ്ച വരുത്തിയതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. കേസിന്റെ ഗൗരവം മുഖ്യമന്ത്രിയെ  നേരിട്ട് ധരിപ്പിക്കും. മുന്‍ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടാത്തത് കേസില്‍ തിരിച്ചടിയായിട്ടുണ്ട്. 


വധശിക്ഷക്കെതിരായ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ നിലപാട് സുപ്രിം കോടതി വിധിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്‌.  വി.എസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ജനരോഷം തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. 



2016, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ കേസ് നടത്തിയത് ജാഗ്രതയോടെ


യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ വധക്കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തത്. സൗമ്യയുടെ അമ്മ സുമതിയെ നേരില്‍കണ്ട് സംസാരിച്ചിരുന്നു. അമ്മയുടെ ഹിതപ്രകാരമുള്ള നടപടികള്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. എ സുരേഷിനെ നിയോഗിച്ചത്.

വിചാരണ കോടതിയില്‍ നടന്ന ഏഴുമാസം നീണ്ട കേസിന്റെ വിചാരണയ്ക്കിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലീസ് ടീമും ഒരു മനസോടെയാണ് പ്രവര്‍ത്തിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവിടെയുള്ള മുതിര്‍ന്ന അഭിഭാഷകനെ സഹായിക്കാന്‍ അഡ്വ. സുരേഷിനെ ചുതതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. 

കേസ് നടത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടിയ ജാഗ്രത പിന്നീട് നഷ്ടപ്പെട്ടു. കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത കഠിനാധ്വാനം പാഴായി. അഡ്വ.സുരേശന്റെ സഹായം തേടണമെന്ന ഉത്തരവ് നടപ്പായില്ല.  സര്‍ക്കാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച വരുത്തി. 




2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

സൗമ്യ കേസിൽ സർക്കാരിന്റേതു ഗുരുതര വീഴ്ച


സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ശിക്ഷ ഉറപ്പാക്കാൻ യുഡിഎഫ് സർക്കാർ കാട്ടിയ ജാഗ്രത മുഴുവൻ ഒറ്റയടിക്കു കളഞ്ഞുകുളിച്ച എൽഡിഎഫ് സർക്കാർ ഇനിയെങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കാൻ തയാറാകണം.

കേസ് വിചാരണ കോടതിയിലും ഹൈകോടതിയിലും നടന്നപ്പോഴുണ്ടായ അനുഭവം മുന്‍നിര്‍ത്തി സുപ്രിം കോടതിയിലെ അഭിഭാഷകന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സൌകര്യമൊരുക്കിയില്ല. കേസിലെ പ്രോസിക്യൂട്ടറായിരുന്ന സുരേഷനെ കേസ് നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായിപോയി.

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകരെയും അവരെ സഹായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെയും നിയമിച്ചാണു യുഡിഎഫ് സർക്കാർ കേസിനു കോട്ടംതട്ടാതെ സൂക്ഷിച്ചത്. പ്രതി സുപ്രീം കോടതിയിൽ അപ്പീലിനു പോയപ്പോൾ അവിടെ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് തോമസ് പി. ജോസഫിനെയാണു യുഡിഎഫ് സർക്കാർ അഭിഭാഷകനായി വച്ചത്. അദ്ദേഹത്തെ കേസിൽ സഹായിക്കാൻ അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

എന്നാൽ ഇൗ സർക്കാർ നിയോഗിച്ച പുതിയ സ്റ്റാൻഡിങ് കോൺസലിന്റെ ജാഗ്രതക്കുറവാണു സുപ്രീംകോടതിയിൽ ദയനീയ സ്ഥിതിയുണ്ടാക്കിയത്. തോമസ് പി.ജോസഫിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഒരു മാസം മുൻപു തന്നെ കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിരുന്നെങ്കിലും അതൊന്നും സർക്കാരോ സ്റ്റാൻഡിങ് കോൺസലോ അറിഞ്ഞില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശക്തമായ 17 സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്ള കേസിൽ സുപ്രീം കോടതിക്കു മുന്നിൽ‌ ഉത്തരംമുട്ടേണ്ടിവന്നതു സർക്കാരിന്റെ ഏകോപനമില്ലായ്മയുടെ തെളിവാണ്‌.