UDF

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ നിലപാട് അംഗീകരിച്ചു

 ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയുണ്ട്. അന്തിമവിജ്ഞാപനം രണ്ട് മാസത്തേക്ക് കൂടി നീട്ടിവെക്കേണ്ടി വരുമെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ചർച്ചയുടെ ഫലമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ച മറ്റു കാര്യങ്ങൾ ഇവയാണ്:

  • കഴിഞ്ഞ വർഷം മാർച്ച് 10നു പുറത്തിറക്കിയ കരട് വിജ്‌ഞാപനത്തെ അടിസ്‌ഥാനമാക്കിയാവും തുടർനടപടികൾ. കേരളത്തിന്റെ 119 വില്ലേജുകളാണു വിജ്‌ഞാപന പരിധിയിലുൾപ്പെടുക.
  • വില്ലേജിനെ മുഴുവനായി ഇഎസ്‌എയായി കണക്കാക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചു. ഒരു വില്ലേജിൽ തന്നെ ഇഎസ്‌എയും അല്ലാത്ത പ്രദേശവുമുണ്ടാകും.
  • പശ്‌ചിമഘട്ടത്തിലുൾപ്പെടുന്ന വനഭൂമിയത്രയും ഇഎസ്‌എയിൽ പെടുത്തും. ആൾത്താമസവും കൃഷിയുമില്ലാതെ വനത്തോടു ചേർന്നുള്ള സർക്കാർ വക ഭൂമിയും ഇഎസ്‌എയിൽ ഉൾപ്പെടുത്തും.

കരട് വിജ്‌ഞാപനത്തിന്റെ കാലാവധി അവസാനിക്കാറായതിനാൽ ചില വിശദീകരണങ്ങൾ വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതിനാലാണു നേരിട്ടുവന്നത്. കേരളത്തിന് ആശങ്കപ്പെടാൻ തക്കതായി ഒന്നുംതന്നെയില്ല. കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഒൻപതിന് അവസാനിക്കുമെന്നും ബാക്കി നടപടികൾക്ക് ഒന്നുരണ്ടു മാസം വേണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കരട് വിജ്‌ഞാപനത്തിന്റെ പ്രശ്‌നം എങ്ങനെ നേരിടണമെന്നതു കേന്ദ്രത്തിന്റെ പ്രശ്‌നമാണ് – മുഖ്യമന്ത്രി വിശദീകരിച്ചു.

119 ഗ്രാമങ്ങളില്‍ പരിസ്ഥിതി പ്രാധാന്യമുള്ളതും അല്ലാത്തതുമായ പ്രദേശങ്ങളുണ്ടാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം നീളും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് കേരളം മറുപടി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയത്.