UDF

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂ


 തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. അതേ സമയം അത് വ്യവസായത്തിന് കൂടി താങ്ങാന്‍ പറ്റുന്നതുമാകണം. ആയതിനാല്‍ ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്‌മെന്റും തുറന്ന മനസ്സോടെ ചര്‍ച്ചനടത്തണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ സ്വീകരിക്കുന്നത് പ്രായോഗിക സമീപനമാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

500 രൂപ ശമ്പളം നല്‍കിയാല്‍ കമ്പനി അടച്ചിടേണ്ടിവരുമെന്ന ഉടമകളുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോക്കൗട്ടിനെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ നികുതിയുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തേണ്ടതുണ്ട്. പ്ലാന്റേഷന്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമായി വരുന്നതിനാണ് അധിക വരുമാനമുണ്ടാക്കുന്നതിനായി അഞ്ച് ശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റേത് രാഷ്ട്രീയ തട്ടിപ്പാണ്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും മൂന്നാറില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനത്തില്‍ അദ്ദേഹത്തിന്റെ കാലത്ത് കൂട്ടിക്കൊടുത്തത് വെറും 8.74 രൂപയാണ്. അതിന്റെ മൂന്നിരട്ടി 33.61 രൂപ അടിസ്ഥാന വേതനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധന വരുത്തി. ഇതാണ് വസ്തുത എന്നിരിക്കെയാണ് വി.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. വെറും രാഷ്ട്രീയ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നത്.

കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപ്പുണ്ടോ ഇല്ലയോ എന്നകാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ താനില്ല. പക്ഷേ ഇതൊന്നും സര്‍ക്കാരിന്റെ നടപടിയെ സ്വാധീനിക്കില്ല. ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.