UDF

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

ജേക്കബ് തോമസിന്റെ നിലപാടുകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി


തിരുവനന്തപുരം∙ ജേക്കബ് തോമസിനെ അഗ്നിശമന സേനയുടെ തലപ്പത്തുനിന്നും നീക്കിയത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കോ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിക്കോ പങ്കില്ല. മുഖ്യമന്ത്രി എന്ന നിലയിൽ അതിന്റെ പൂർണ ഉത്തരാവാദിത്തം തനിക്കാണ്. അഗ്നിശമനസേനാ മേധാവിയെന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകൾ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി സ്ഥാനം മാറ്റിയ തീരുമാനത്തെ ന്യായീകരിച്ചത്. ജേക്കബ് തോമസിന്റെ സ്ഥാനമാറ്റം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

കണ്ണൂർ റയിൽവെ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ട സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ഫയർഫോഴ്സിനെ സമീപിച്ചപ്പോൾ ഇത് ഞങ്ങളുടെ ഡ്യൂട്ടി അല്ല എന്നു പറഞ്ഞ് അവർ ഒഴിയുകയാണ് ചെയ്തത്. താമരശേരി ചുരത്തിൽ അപകടാവസ്ഥയിൽ മരം വീണ് കിടന്നത് വെട്ടിമാറ്റാൻ‌ പറഞ്ഞപ്പോഴും മരം വെട്ടുന്നതല്ല ഞങ്ങളുടെ ജോലിയെന്ന് പറഞ്ഞ് അവർ ഒഴിയുകയായിരുന്നു. പത്തനംതിട്ടയിലും സമാനമായ രീതിയിൽ ഫയർഫോഴ്സിന്റെ ഭാഗത്തുനിന്നും നിലപാടുണ്ടായി. ഇതെല്ലാം കോളജുകളിലെ വിവാദ ഓണാഘോഷങ്ങളെത്തുടർന്ന് ജേക്കബ് തോമസ് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിന്റെ മറപിടിച്ചായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അഗ്നിശമന സേനയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന സേവനങ്ങളെല്ലാം ജേക്കബ് തോമസ് ഇല്ലാതാക്കി. പ്രത്യക്ഷത്തിൽ ഈ നിലപാടുകളെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ അഗ്നിശമന സേനയുടെ തലപ്പത്ത് വച്ചുകൊണ്ടിരിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൈലിഫ്റ്റ് ഇല്ലെന്ന പേരിൽ ബഹുനിലകെട്ടിടങ്ങൾക്ക് അനുമതി നിഷേധിച്ചു. സർക്കാർ സ്കൈലിഫ്റ്റ് വാങ്ങാത്തതിന്റെ പേരിൽ അനുമതി നിഷേധിക്കുന്നത് ശരിയല്ല. ജേക്കബ് തോമസിനെ സ്ഥാനംമാറ്റിയതിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നടപടിയേയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്കൈലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകിയിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.