UDF

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി


സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്കുള്ളവരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായുള്ള ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെറിറ്റ് സീറ്റുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പ് പാലിക്കാത്തിനോട് യോജിക്കാന്‍ കഴിയില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ചേരുമെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ വരികയും വളരെ താഴ്ന്ന മാര്‍ക്കുവാങ്ങിയവര്‍ക്ക് മാത്രം പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. നിയമപരമായ അനുകൂല സാഹചര്യം അവര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിന് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതുമൂലം മികച്ച മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റില്‍ പവേശനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചത്.