UDF

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടും


കൊച്ചി: തോട്ടം മേഖലയില്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്‌നത്തില്‍ വ്യവസായം തകരാത്ത തരത്തിലുള്ള സമീപനമാണ് തൊഴിലാളികളില്‍ നിന്നുണ്ടാകേണ്ടത്. കേരള പ്ലാന്റേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ രംഗത്തിറങ്ങുന്നത് സമൂഹം ഉറ്റുനോക്കുകയാണ്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പൂര്‍ണ മനസ്സോടെ തോട്ടം ഉടമകള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്നു ലഭിക്കുന്ന വേതനം കുറവാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് ഇവര്‍ സമര രംഗത്തേക്ക് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ ഉത്പന്നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം വ്യവസായത്തിന് താങ്ങാനാകാത്ത രീതിയിലേക്ക് കൂലി ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ പറയുന്നതും ശരിയല്ല. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കിട്ടണം. അതേസമയം അത് താങ്ങാനാകാത്ത നിലയിലുള്ളതാണെങ്കില്‍ വ്യവസായം തകരും. തോട്ടം ഉടമകളും തൊഴിലാളികളും ഒന്നിച്ചു മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.