UDF

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കുവൈത്ത് റിക്രൂട്ട്മെന്റ്: ഖദാമത്തിന്റെ അനുമതി റദ്ദാക്കണം


കുവൈത്തിലേക്കു തൊഴിൽ തേടിയും മറ്റും പോകുന്നവരെ മെഡിക്കൽ സ്ക്രീനിങ് ടെസ്റ്റ് നടത്താനായി നിയോഗിച്ചിരിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ പ്രവർത്തനം കേരളത്തിന് ഒരു വിധത്തിലും പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ അവർക്കു നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മ‍ൻചാണ്ടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്കു കത്തയച്ചു.

മറ്റു ഗൾഫ് രാജ്യങ്ങൾ ഇതിനായി ജിഎഎംസിഎയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖദാമത്ത് അന്യായ ഫീസാണു ചുമത്തുന്നതെന്നും മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇവർക്ക് ഓഫിസ് ഉള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു കേരളത്തിൽ നിന്നുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

സ്ക്രീനിങ്ങിനും ടെസ്റ്റിനും ഖദാമത്തിനു സൗകര്യമില്ല. ഖദാമത്തിന്റെ അനുമതി തൽക്കാലം കുവൈത്ത് സർക്കാർ തട​ഞ്ഞിട്ടുണ്ട്. കുവൈത്ത് സർക്കാരിനെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി അനുമതി റദ്ദാക്കാൻ നടപടി എടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.