UDF

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

സി.ഡി.എസ്.അധ്യക്ഷന്മാരുടെ പ്രതിഫലം അയ്യായിരം രൂപയാക്കും


മലപ്പുറം: സംസ്ഥാനത്തെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ സേവനത്തിന് നല്‍കുന്ന പ്രതിമാസ പ്രതിഫലം നാലായിരത്തില്‍നിന്ന് അയ്യായിരം രൂപയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ തുക അപര്യാപ്തമാണെങ്കിലും സാമ്പത്തികമായ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് കുടുംബശ്രീയുടെ പതിനേഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുടുംബശ്രീ പദ്ധതിയുടെ വളര്‍ച്ച കേരളത്തിന് അലങ്കാരമാണ്. ഈ മാതൃക ലോകമാകെ അംഗീകാരം നേടിക്കഴിഞ്ഞു. എന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പദ്ധതിയേതെന്ന ചോദ്യത്തിനുള്ള ഉത്തരം ആശ്രയ എന്നാണ്. ആരും ആശ്രയമില്ലാത്ത രണ്ടുശതമാനം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ കണ്ടെത്തി പഞ്ചായത്തുകളെക്കൊണ്ട് ദത്തെടുപ്പിച്ച് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷിക്കുന്നതാണീ പദ്ധതി.

രണ്ടുഘട്ടമായി സംസ്ഥാനത്തൊട്ടാകെ 1,27,400 പേരെയാണ് കുടുബശ്രീയുടെ പ്രവര്‍ത്തനത്തിലൂടെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളാക്കിയത്. ഇത് ലോകം ഇതുവരെക്കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.