UDF

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കും



കൊച്ചി: കൊച്ചിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലബാറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കരിപ്പൂരിലും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊച്ചിയിലും സ്ഥിരം ഹജ്ജ് ഹൗസ് ഉണ്ടാകുന്നത് യാത്ര എളുപ്പമാക്കും. ഹജ്ജ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ലഗ് ഓഫ് ചെയ്ത ശേഷം ഹജ്ജ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അല്ലാഹുവിന്റെ അതിഥികളായി പോകുന്ന ഹാജിമാര്‍ നാടിന്റെ ഭാഗ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അല്ലാഹു ജീവിതത്തില്‍ മനുഷ്യന് തന്ന മഹാ സൗഭാഗ്യമാണ് ഹജ്ജ്. ദൈവത്തില്‍ സമര്‍പ്പിതമായ മനസ്സാണ് ഹാജിമാരുടെ മുഖമുദ്ര. അവനവന് മാത്രമല്ലാതെ ലോകനന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് ഹജ്ജിന്റെ ഏറ്റവും വലിയ പുണ്യമെന്നും മന്ത്രി പറഞ്ഞു. 

വിമാനത്താവളത്തിലെ ഫ്ലഗ് ഓഫ് കര്‍മത്തിനു ശേഷം ഹജ്ജ് ഹൗസിലെത്തിയ മുഖ്യമന്ത്രി തീര്‍ത്ഥാടകരുമായും സംസാരിച്ചു. ഹജ്ജ് ഹൗസില്‍ ഹാജിമാര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്.