UDF

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാരനടപടി സ്വീകരിക്കാന്‍ അനുവദിക്കില്ല


മൂന്നാര്‍ സമര നായികമാര്‍ പുതുപ്പള്ളിയില്‍

''എല്ലാവരുെടയും പോസിറ്റീവായ സമീപനംകൊണ്ടേ തൊഴില്‍പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ''-മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ ആെരയും അനുവദിക്കില്ല''- മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ തോട്ടങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ല. 29ന് നടക്കുന്ന രണ്ടാം വട്ട ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍പ്രശ്‌നത്തിന് പരിഹാരംതേടി മൂന്നാര്‍സമരത്തിന് നേതൃത്വംനല്‍കിയ സ്ത്രീതൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍. കഴിഞ്ഞദിവസംനടന്ന ചര്‍ച്ചയില്‍ അഞ്ഞൂറുരൂപ ദിവസവേതനമെന്ന ആവശ്യം നടപ്പാകാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ കാണാനെത്തിയത്.

രാവിലെ എട്ടരയോടെയെത്തിയ ഇവരുമായി അരമണിക്കൂറോളം മുഖ്യമന്ത്രി ചര്‍ച്ചനടത്തി. ജോലിയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. കൂലിയും ബോണസും സംബന്ധിച്ചാണ് പരാതിയുള്ളത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. പണിമുടക്കിയ തൊഴിലാളികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതും തടയണം-തൊഴിലാളികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബോണസ് പ്രശ്‌നംപരിഹരിച്ച മുഖ്യമന്ത്രിക്ക് കൂലിവര്‍ധനയെന്ന ആവശ്യവും നടപ്പാക്കിത്തരാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് തങ്ങള്‍ എത്തിയെതെന്ന് അവര്‍ മുഖ്യമന്ത്രിയോടുപറഞ്ഞു. ''അഞ്ചുതലമുറകളായി പാവങ്ങളായ ഞങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. മക്കളുടെ ഭാവിയെങ്കിലുംകരുതി സഹായിക്കണം''- തൊഴിലാളികള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ചിലര്‍ മുഖ്യമന്ത്രിയുടെ കാലില്‍വിണുകരഞ്ഞു. ''രണ്ടാഴ്ചയിലേറെ പണിയില്ലാതായപ്പോള്‍ വീട് പട്ടിണിയിലായി. സമരം നടത്തിയതിന്റെപേരില്‍ പലരെയും പീഡിപ്പിക്കുന്നു. 29-ാംതിയ്യതി നടക്കുന്ന ചര്‍ച്ചയ്കുമുന്‍പ് വീണ്ടുമൊരുസമരത്തിനില്ല''- ഇവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.

തൊഴിലാളികളെ പ്രതിനിധീകരിച്ച് ലിസി, ഗോമതി, രാജേശ്വരി, കൗസല്യ, മുനിയമ്മ തുടങ്ങിയവരാണ് പുതുപ്പള്ളിയിലെത്തിയത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതികാസുഭാഷ് ഒപ്പമുണ്ടായിരുന്നു.