UDF

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കൊച്ചി മെട്രോ: 100 ദിവസത്തിനകം കോച്ചുകളെത്തും

പുതിയ ഡിസൈനും ലോഗോയുമായി

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ പുരോഗതിയില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തരാണെന്നും മെട്രോയ്ക്കായി നിര്‍മിക്കുന്ന കോച്ചുകള്‍ നൂറ് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വേഗം പൂര്‍ത്തിയാക്കിയ മെട്രോ എന്ന ബഹുമതി കൊച്ചിക്ക് കൈവരും. ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ മനസ്സ് വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നതിന് തെളിവാണ് മെട്രോ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോ കോച്ചുകളുടെ അകംപുറം ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്. 

മെട്രോ പദ്ധതിയുടെ അവലോകന യോഗവും വിമാനത്താവളത്തില്‍ നടന്നു. മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ തീരുമാനങ്ങളും അവലോകന യോഗം എടുത്തിട്ടുണ്ട്. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച നിയമപരമായ തടസ്സങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
 പദ്ധതി നടത്തിപ്പിനാവശ്യമായ തുകയുടെ അടുത്ത വിഹിതം ഉടനെ ലഭ്യമാക്കും. യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ഉംട) രൂപവത്കരണത്തിനുള്ള നിയമ നിര്‍മാണവും സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വ്യക്തമാക്കി.