UDF

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ


തിരുവനന്തപുരം:തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ആക്രമണകാരികളായ നായകളെ നിയന്ത്രിക്കാന്‍ ഏത് നടപടിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈക്കൊള്ളാം. മനുഷ്യജീവനാണ് പ്രധാനം. തെരുവ് നായകളെ കൊല്ലുന്നതില്‍ നിയമതടസമുള്ള സാഹചര്യത്തില്‍ നായകളെ വന്ധ്യംകരിച്ച് പ്രജനനം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായ്ക്കളുടെ വന്ധ്യംകരണത്തിനായി പുതിയ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രസഭാ യോഗം രൂപംനല്‍കി. "സേഫ് കേരള" എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേയും വന്ധ്യംകരണത്തിന് എത്തിക്കാവുന്നതാണ്. വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കുന്ന ഒരു നായയ്ക്ക് 250 രൂപ നല്‍കും. സ്വന്തം വീട്ടിലെ നായയാണെങ്കിലും ഈ സംഖ്യം നല്‍കും. പദ്ധതി നടത്തിപ്പിനായി അതാത് തദ്ദേശസ്ഥാപനങ്ങള്‍ തുക വിലയിരുത്താനാണ് പദ്ധതി. 

ഇതിനായി എല്ലാ ബ്‌ളോക്കുകളലും പ്രത്യേക വെറ്ററിനറി ക്‌ളിനിക്കുകള്‍ തുടങ്ങും. പഞ്ചായത്തുകളില്‍ 50 ക്ലിനിക്കുകള്‍ ഉടനെ ആരംഭിക്കും.