UDF

2012, ജനുവരി 30, തിങ്കളാഴ്‌ച

പുരോഗതിയ്ക്കായി പിട്രോഡയുടെ പത്തു നിര്‍ദേശങ്ങള്‍ (with VIDEO)

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട പത്തുകാര്യങ്ങള്‍ സാം പിട്രോഡ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ അധ്യക്ഷനുമായ പിട്രോഡയുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്നുമാസത്തിനകം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നും അവ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ധവളപത്രം പുറപ്പെടുവിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിട്രോഡ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ സമിതിയ്ക്ക് മുമ്പാകെയാണ് പിട്രോഡ തന്റെ പത്തിന അജണ്ട അവതരിപ്പിച്ചത്. മൂന്നുമണിയ്ക്കൂര്‍ നീണ്ട പ്രസന്‍േറഷനില്‍ മന്ത്രിമാര്‍ തൃപ്തി രേഖപ്പെടുത്തി. തന്റെ പത്തു നിര്‍ദേശങ്ങളില്‍ സംസ്ഥാനം അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടത് തീര ജല ഗതാഗത പദ്ധതിയാണെന്ന് പിട്രോഡ വ്യക്തമാക്കി. തീരമേഖലയിലൂടെയുള്ള വന്‍കിട പദ്ധതിയാണിത്. സംസ്ഥാനത്തെ നിരവധി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കുഗതാഗതപ്പാതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയ്ക്ക് സമാന്തരമായിട്ടായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നോളജ് സിറ്റിയാണ് രണ്ടാമത്തെ നിര്‍ദേശം. വിജ്ഞാനമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കായി തൊഴില്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഒന്നാംതരം ലാബുകളുമൊക്കെയുള്ള സ്വയംപര്യാപ്ത നഗരമാണ് പിട്രോഡ ലക്ഷ്യമിടുന്നത്. ഏറെ പ്രതിഭാധനരായ നിരവധി ചെറുപ്പക്കാര്‍ വികസിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചൊഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നോളജ് സിറ്റിയ്ക്ക് സംസ്ഥാനത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് പിട്രോഡ വ്യക്തമാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് മറ്റൊന്ന്. പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡിലൂടെ ബന്ധിപ്പിച്ച് ഐ.ടി സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും. മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്ന് പത്തുരൂപ ഈടാക്കി സംസ്ഥാനത്തെല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയുന്ന പദ്ധതിയാണ് മറ്റൊന്ന്. ''മൂന്ന് കോടി ജനങ്ങളുള്ള കേരളത്തില്‍ 3.5 കോടി സെല്‍ ഫോണുകളുണ്ട്. പത്തുരൂപ വെച്ച് ഈടാക്കിയാല്‍ ഇന്‍ഷുറന്‍സ് വിജയിപ്പിക്കാന്‍ കഴിയും'' -പിട്രോഡ പറഞ്ഞു.

പരിസ്ഥിതി സൗഹാര്‍ദമായ മാലിന്യ സംസ്‌കരണം, ഇ-ഗവേണന്‍സ് എന്നിവയ്ക്കായുള്ള പദ്ധതികളും പിട്രോഡ മുന്നോട്ടു വെച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള സംരംഭമാണ് മറ്റൊന്ന്. 'കേരളത്തില്‍ പെന്‍ഷന്‍ പ്രായം 55 വയസ്സാണ്. എനിക്കിപ്പോള്‍ 70 വയസ്സായി. ഞാന്‍ പതിനാറ് മണിക്കൂര്‍ ജോലിചെയ്യുന്നു. അതുപോലെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ സേവനം പല മേഖലകളിലും ഉപയോഗിക്കാന്‍ കഴിയും. സാമൂഹ്യ പ്രവര്‍ത്തനം മുതല്‍ അധ്യാപനം വരെ പല കാര്യങ്ങളിലും ഇവരെ സര്‍ക്കാരിന് പ്രയോജനപ്പെടുത്താം' - പിട്രോഡ പറഞ്ഞു. പരമ്പരാഗത തൊഴില്‍മേഖലകളെ യന്ത്രസഹായത്തോടെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ചും പിട്രോഡ ആശയം മുന്നോട്ടുവെച്ചു. കശുവണ്ടി, കയര്‍, കൈത്തറി വ്യവസായങ്ങളെ ആധുനികവത്കരിക്കുകയും തൊഴില്‍ശേഷി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. സംസ്ഥാനത്തെ ആയുര്‍വേദത്തിന്റെ ലോക തലസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പിട്രോഡ അവതരിപ്പിച്ച മറ്റൊരു ആശയം. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന ഹൈസ്​പീഡ് റെയില്‍ ഇടനാഴിയാണ് പത്താമത്തെ ഇനം. ''കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ഹൈ സ്​പീഡ് റെയില്‍ കോറിഡോര്‍. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കുറഞ്ഞത് പത്തുവര്‍ഷം വേണം. അതുകൊണ്ടുതന്നെ എത്രയും വേഗം ഇതിനുള്ള ശ്രമം തുടങ്ങണം'' - പിട്രോഡ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോല ഏറെ കര്‍മശേഷിയുള്ള നേതാവുമായി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പിട്രോഡ പറഞ്ഞു. ''പല കാര്യങ്ങളിലും രാജ്യത്തിന് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. ലോകം മാറുകയാണ്. തൊഴില്‍ പ്രശ്‌നമുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും സംസ്ഥാനം മാറിയേ തീരൂ. വ്യക്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ഏതു പദ്ധതിയും നടപ്പിലാക്കാവുന്നതേയുള്ളൂ. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കേരളം പ്രകടിപ്പിക്കേണ്ടത്'' - പിട്രോഡവ്യക്തമാക്കി.

.


ministers meeting with sam pitroda