UDF

2012, ജനുവരി 12, വ്യാഴാഴ്‌ച

മുല്ലപ്പെരിയാര്‍: സംയുക്തസമിതി തീരുമാനിച്ചത് ഇടതു സര്‍ക്കാര്‍-മുഖ്യമന്ത്രി

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം അര്‍ഥമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടുണ്ടാക്കുമ്പോള്‍ ജലനിയന്ത്രണത്തിന് സംയുക്തസമിതിയാവാമെന്ന് ഇടതുസര്‍ക്കാര്‍ തീരുമാനിച്ചതാണ്.
സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍പ്രതിനിധി കൂടി ഉള്‍പ്പെട്ട സമിതിക്ക് തയ്യാറാണെന്ന് അറിയിച്ചു. സമിതിയില്‍ കേന്ദ്രം ഉള്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്? പ്രശ്‌നപരിഹാരത്തിന് അതു നല്ലതല്ലേ- മുഖ്യമന്ത്രി ചോദിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിസംഘത്തിന്റെ ധാരണ മറികടന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2010 ഒക്ടോബറില്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സംയുക്തസമിതിക്ക് തയ്യാറാണെന്ന് അന്നാണ് സുപ്രീംകോടതിയുടെ ഉന്നതാധികാരസമിതിയെ അറിയിച്ചത്. തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയെന്നുമാത്രം. എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടുന്ന സംയുക്തസമിതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംയുക്തസമിതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലും തര്‍ക്കമില്ല -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലുള്ള സ്ഥിതിഗതികളും സര്‍ക്കാറിന്റെ നിലപാടും ബന്‍സലിനെ ധരിപ്പിച്ചു. ഇരുസംസ്ഥാനങ്ങളുംതമ്മിലുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം ശ്രമിച്ചു. എന്നാല്‍ ഇതുവരെ തമിഴ്‌നാട് ഇതിനു തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. നിയമപരമായ പരിഹാരത്തിനുപകരം കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് കേരളം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമവ്യവസ്ഥയില്‍ വിശ്വാസക്കുറവുണ്ടായിട്ടല്ല. എന്നാല്‍ തീരുമാനം നീണ്ടുപോകുന്നു. നമ്മുടെ പ്രശ്‌നം സുരക്ഷയാണ്. തമിഴ്‌നാടിന് വെള്ളവും ലഭിക്കണം. പ്രശ്‌നത്തിന് എത്രയുംപെട്ടെന്ന് പരിഹാരമുണ്ടാവണമെന്നാണ് കേരളത്തിന്റെ ആഗ്രഹം. ഇതിന് ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും ഏതുസമയത്തും തയ്യാറാണ് -അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ തര്‍ക്കവും പിറവം ഉപതിരഞ്ഞെടുപ്പും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന അദ്ദേഹംതന്നെ പിന്‍വലിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഹൈക്കോടതിബെഞ്ച് സ്ഥാപിക്കുന്ന വിഷയം കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചര്‍ച്ചചെയ്തു. പൂര്‍ണതോതില്‍ ബെഞ്ച് പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ സര്‍ക്കുലര്‍ ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിശ്ചിതദിവസങ്ങളില്‍ സിറ്റിങ് നടത്തുന്ന രീതിയിലായിരിക്കും സര്‍ക്കുലര്‍ ബെഞ്ച്. ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുമായി ചര്‍ച്ചചെയ്തു. ഏലത്തിന്റെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ഇതിന് ഒരു പദ്ധതിയുണ്ട്. ഏലത്തിനുള്ള താങ്ങുവില ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രം അടിയന്തരനടപടിയെടുക്കണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടോമിന്‍ തച്ചങ്കരിയുടെ വിഷയത്തില്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് കണ്ടാലേ മറുപടി പറയാനാവൂ. കേന്ദ്രത്തില്‍നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമടങ്ങുന്ന സമിതിയുടെ ശുപാര്‍ശ. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍കാലാവധി തീര്‍ന്നപ്പോള്‍ പുതുതായി സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്-അദ്ദേഹം പറഞ്ഞു.

വിദേശമലയാളികളുടെ 74 ശതമാനവും സംസ്ഥാനസര്‍ക്കാറിന്റെ 26 ശതമാനവും ഓഹരിപങ്കാളിത്തത്തോടെ നോര്‍ക്ക ബാങ്ക് രൂപവത്കരിക്കും. ഇതിന്റെ അനുമതിക്ക് റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കും. പ്രവാസി മലയാളികളുടെ മക്കളുടെ ഉപരിപഠനാര്‍ഥം നോര്‍ക്ക സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.