UDF

2012, ജനുവരി 5, വ്യാഴാഴ്‌ച

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: സഹകരണ മേഖലയുടെ നവീകരണത്തിനുള്ള വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നിക്ഷേപ സമാഹരണ അനുമതി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കേന്ദ്രത്തെ അറിയിക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും സഹകരണ മേഖലയുടെ ഉന്നമനം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നബാര്‍ഡ് വായ്പയ്ക്കുള്ള ഗ്യാരണ്ടിയുടെ കമ്മീഷന്‍ ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗ്യാരണ്ടി കമ്മീഷന്‍ തുക സര്‍ക്കാര്‍ ഓഹരിയാക്കാന്‍ ബാങ്ക് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കാര്‍ഷിക വായ്പ നിശ്ചിത സമയത്തിനുള്ളില്‍ തിരച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രാഥമിക ബാങ്കുകള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വി. എസ്. ശിവകുമാര്‍ വിതരണം ചെയ്തു.