UDF

2012, ജനുവരി 2, തിങ്കളാഴ്‌ച

ഗുരുദര്‍ശനം എക്കാലത്തും വഴികാട്ടി -മുഖ്യമന്ത്രി

ഗുരുദര്‍ശനം എക്കാലത്തും വഴികാട്ടി -മുഖ്യമന്ത്രി

വര്‍ക്കല: ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനങ്ങള്‍ മാനവരാശിയെ കോര്‍ത്തിണക്കുന്നതും അത് എക്കാലത്തും മനുഷ്യന് വഴികാട്ടിയുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 79ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധ്യാത്മികതയും സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും സമന്വയിപ്പിച്ചുള്ളതാണ് ഗുരുവിന്‍െറ ദര്‍ശനം. ഈശ്വരവിശ്വാസത്തിലും സാമുദായിക സാമൂഹിക സൗഹാര്‍ദത്തിലും അധിഷ്ഠിതമാണത്. അതുകൊണ്ടാണ് കാലം ചെല്ലുംതോറും ഗുരുദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. ‘ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്’ എന്ന അദ്ദേഹത്തിന്‍െറ മന്ത്രം ഏതുകാലത്തെയും മനുഷ്യന് വെളിച്ചം പകരുന്നതാണ്. ഭാവി മുന്‍കൂട്ടി കണ്ട ഗുരു സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. 80 വര്‍ഷം മുമ്പാണ് ഗുരു ശുചിത്വത്തിന്‍െറ പ്രസക്തി എടുത്തുപറഞ്ഞത്. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്.

കേരളത്തിന്‍െറ നവോത്ഥാനത്തില്‍ അനിഷേധ്യ സ്ഥാനമാണ് ഗുരുവിനുള്ളത്. ഗുരു ഒരു സമുദായത്തിന്‍െറ മാത്രം സ്വത്തല്ല മറിച്ച് സമൂഹത്തിനാകെ മാര്‍ഗദര്‍ശനം നല്‍കുന്ന വികാരമാണ്. അതിനാല്‍ ശിവഗിരിയും കേരളത്തിന്‍െറ വികാരമാണ്. ശിവഗിരിയുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കാനുള്ളതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.