UDF

2012, ജനുവരി 12, വ്യാഴാഴ്‌ച

അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി

അധികതസ്തിക; നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: അധികതസ്തിക കണ്ടെത്താനുള്ള ഉന്നതാധികാരസമിതിയുടെ പരിശോധനയുടെ പേരില്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വന്നാണ് തീരുമാനം എടുക്കുക. ഒഴിവുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് മൂന്നാംപ്രാവശ്യവും സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ലിസ്റ്റ് നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ലിസ്റ്റ് നീട്ടുന്നത് ഗുണംചെയ്യില്ളെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. ലിസ്റ്റ് നീട്ടലുമായി ബന്ധപ്പെട്ട് പി.എസ്.സിയിലെ ചിലര്‍ നാണം കെട്ടിരുന്നു. അവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരം പ്രചാരണം. മൂന്ന് മാസം നിയമനം നടത്തരുതെന്ന് രഹസ്യനിര്‍ദേശം നല്‍കിയെന്ന പ്രതിപക്ഷനേതാവിന്‍െറ ആരോപണവും തെറ്റാണ്. ചെറുപ്പക്കാര്‍ക്ക് നീതി കിട്ടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കഴിഞ്ഞ നവംബര്‍ വരെ 40000 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഈ സര്‍ക്കാര്‍ വന്ന ശേഷം അധ്യാപക പാക്കേജ് അടക്കം 20000ത്തോളം പുതിയ തസ്തികകളില്‍ ശമ്പളം കിട്ടുന്ന സാഹചര്യമുണ്ടാക്കി. 10553 അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയതിന് പുറമെ കെ.എസ്.ആര്‍.ടി.സിയില്‍ 3386പേരെ സ്ഥിരപ്പെടുത്തി. വികലാംഗര്‍ക്കായി 1144 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസില്‍ 3000 ഒഴിവുകള്‍ (കമ്യൂണിറ്റി പൊലീസ് 740, പത്മനാഭസ്വാമി ക്ഷേത്രം ചുമതലക്ക് 233, വ്യവസായ സുരക്ഷക്ക് 500 അടക്കം) സൃഷ്ടിച്ചു. ഒരു നിയമനനിരോധവും നിലവിലില്ല. മാര്‍ച്ച് 31വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്.