ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ചുമതല സംസ്ഥാന വിജിലന്‍സില്‍ നിന്നു മാറ്റി പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.
താങ്കള്‍ പുതിയ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ നിര്‍മിക്കുകയാണല്ലോ എന്ന് സ്വന്തമായി കേസ് വാദിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് ജസ്റ്റിസ് ആലം ചോദിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
കേസെടുത്ത സമയത്ത് അന്നത്തെ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും പ്രതിയാക്കിയപ്പോള്‍ അന്നത്തെ ധനമന്ത്രിയെയും പ്രതിയാക്കുന്നതിന് എന്തായിരുന്നു തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചത് ശരിയായിരുന്നുവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ആലം ചൂണ്ടിക്കാട്ടി. ഹര്‍ജി കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി തുടര്‍ന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണന്താനത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
2012, ജനുവരി 5, വ്യാഴാഴ്‌ച
Home »
» പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി
പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി
