UDF

2012, ജനുവരി 12, വ്യാഴാഴ്‌ച

മുല്ലപ്പെരിയാര്‍: മൂന്നാം കക്ഷിയായി കേന്ദ്രം അനിവാര്യമെന്ന് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമ്പോള്‍ ജലവിതരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപവത്കരിക്കുന്ന സംയുക്ത നിയന്ത്രണാധികാര സമിതിയില്‍ കേന്ദ്രത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ ഡാമിന് സംയുക്ത നിയന്ത്രണാധികാരം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ താന്‍ വിശദീകരിച്ചതിനെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ഒക്ടോബര്‍ 27ന് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജലവിതരണം സംബന്ധിച്ച സംയുക്ത നിയന്ത്രണാധികാരം വേണമെന്ന് വ്യക്തമാക്കിയിരുന്നു. അക്കാര്യമാണ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്നത്തെ സത്യവാങ്മൂലത്തില്‍ മൂന്നാംകക്ഷിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, ജലവിതരണ മേല്‍നോട്ടത്തിന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളെക്കൂടാതെ മൂന്നാംകക്ഷിയെന്ന നിലയില്‍ കേന്ദ്രവും വേണമെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ''പുതിയ ഡാമിന്റെ ജലവിതരണത്തിന് എന്തുകൊണ്ട് സ്വതന്ത്ര സമിതി ആയിക്കൂടാ എന്ന് ഉന്നതാധികാര സമിതി ചോദിച്ചു. അതിനെ എതിര്‍ത്താല്‍ നമ്മള്‍ക്ക് രഹസ്യ അജണ്ട ഉണ്ടെന്നു വരും. പുതിയ ഡാമില്‍ നിന്ന് കേരളം ജലം വിട്ടുനല്‍കുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും തമിഴ്‌നാടിന് സംശയമുണ്ട്. ആ സാഹചര്യത്തില്‍ സംയുക്ത നിയന്ത്രണ സമിതിയില്‍ കേരളവും തമിഴ്‌നാടും മാത്രം അംഗങ്ങളായാല്‍പ്പോരാ എന്നാണ് നമ്മളെടുത്ത നിലപാട്. നമ്മള്‍ വാക്ക് നല്‍കുന്നതുപോലെ അവര്‍ക്ക് വേണ്ടത്ര ജലം വിട്ടുകൊടുക്കുന്നുണ്ടെന്നത് ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ സാന്നിധ്യവും കൂടിയേ തീരൂ. അതുകൊണ്ടാണ് സ്വതന്ത്രസമിതിയില്‍ കേന്ദ്രവും വേണമെന്ന് കേരളം പറഞ്ഞത്. അതിനെച്ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ സ്ഥലത്ത് നമ്മള്‍ പണിയുന്ന ഡാമിന്റെ നിയന്ത്രണാധികാരം ആര്‍ക്കും വിട്ടുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. ജലവിതരണത്തിനാണ് സംയുക്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്'' - മുഖ്യമന്ത്രി പറഞ്ഞു.