UDF

2012, ജനുവരി 19, വ്യാഴാഴ്‌ച

ഇ-മെയില്‍ വിവാദം: സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ഹീനശ്രമം-മുഖ്യമന്ത്രി


തിരുവനന്തപുരം: ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് സംസ്ഥാനത്തെ സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'മാധ്യമം' വാരികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം പരത്തി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച വാരികയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന തീരുമാനം മന്ത്രിസഭ ഐകകണേ്ഠ്യനയാണെയെടുത്തത്. അതേസമയം മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയിണുണ്ടായത്.

ഇ-മെയില്‍ വിവാദം സംബന്ധിച്ച വാര്‍ത്തകള്‍ കൊടുത്ത രീതി വളരെ നിര്‍ഭാഗ്യകരമാണ്. നമ്മള്‍ ഹൈടെക് യുഗത്തിലാണ് ജീവിക്കുന്നത്. ഇ-മെയില്‍ വിലാസങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് തികച്ചും സാധാരണ നടപടിയാണ്. സംസ്ഥാന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണത്. എന്നാല്‍ അത്തരം നടപടികളെ ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നീക്കമായി ചിത്രീകരിക്കാനും അതിനുവേണ്ട രീതിയില്‍ വാര്‍ത്ത നല്‍കാനുമാണ് 'മാധ്യമം' വാരിക ശ്രമിച്ചത്. അങ്ങേയറ്റം ഹീനമായ നടപടിയാണിത്. പോലീസ് അന്വേഷിക്കുന്ന ഒരാളില്‍ നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസത്തിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ഹൈടെക് സെല്ലിന് കത്തെഴുതിയത്. ആ കത്തിനൊപ്പമുള്ള പട്ടികയില്‍ കൃത്രിമത്വം വരുത്തിയാണ് വാരികയില്‍ ചേര്‍ത്തത്. വാരികയില്‍ ചേര്‍ത്ത പട്ടികയില്‍ 12, 26, 48 എന്നീ സ്ഥാനത്ത് ആള്‍ക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥ പട്ടികയിലെ മറ്റ് സ്ഥാനങ്ങളില്‍ നിന്നെടുത്ത ഇ-മെയില്‍ വിലാസങ്ങളാണ് ഈ പേരുകള്‍ക്കൊപ്പം ചേര്‍ത്തിട്ടുള്ളത്. 12, 26, 48 സ്ഥാനങ്ങളിലുള്ള ബിപിന്‍, എം.ഹേമ, പി.ജെ.ചെറിയാന്‍ എന്നീ പേരുകളെ ഒഴിവാക്കി വാരിക പട്ടിക പ്രസിദ്ധീകരിച്ചതെന്തിനാണ്? ഒരു പ്രത്യേക വിഭാഗത്തെ മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് കാണിക്കാനുള്ള ശ്രമമല്ലേ ഇത്? ഇതുപോലെ പലയിടങ്ങളിലും കൃത്രിമം നടത്തിയിട്ടുണ്ട്.

പാസ്‌വേഡ് അറിയാന്‍ ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ലോഗ് ഇന്‍ ഐ.ഡി അറിയാനുള്ള നിര്‍ദേശത്തെയാണ് ഇങ്ങനെ വ്യാഖ്യാനിച്ചത്. സമുദായ സ്​പര്‍ധ വളര്‍ത്താന്‍ മാത്രമേ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കൂ. എന്തുകൊണ്ടാണ് വാര്‍ത്ത ഇങ്ങനെ നല്‍കുന്നതെന്ന് 'മാധ്യമം' ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണം. രഹസ്യാന്വേഷണ വിഭാഗത്തിലെ എസ്.പി, ഹൈടെക് സെല്ലിന് അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ ഇ-മെയില്‍ വിലാസങ്ങളാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ , അത് ആ ഉദ്യോഗസ്ഥന് തെറ്റുപറ്റിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സ്വീകരിക്കുന്ന ചില നടപടികളെ മതസ്​പര്‍ധയായി വളച്ചൊടിക്കുന്ന മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രിയെ എന്തുവിമര്‍ശിച്ചാലും ഇത്തരം വാര്‍ത്തകള്‍ ഈ രീതിയില്‍ നല്‍കുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സമുദായ സ്​പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഒരു വാരിക പ്രസിദ്ധീകരിച്ച ലേഖനം അതേപടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഏറ്റെടുത്തത് തന്നെ ഞെട്ടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാരിക ബ്ലാങ്കിട്ട സ്ഥലങ്ങളില്‍ സ്വന്തം നിലയ്ക്ക് പേരുകള്‍ ചേര്‍ത്താണ് പ്രതിപക്ഷ നേതാവ് പ്രസ്താവനയിറക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.