UDF

2012, ജനുവരി 5, വ്യാഴാഴ്‌ച

വിഴിഞ്ഞം തുറമുഖം: നിയമവശം പരിഗണിച്ച് തീരുമാനിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കാര്യം നിയമവശങ്ങള്‍ പരിഗണിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടെന്‍ഡറില്‍ ഇനി ഒരു കമ്പനി മാത്രമാണ് രംഗത്തുള്ളതെങ്കിലും അത് അനുകൂലമാണെങ്കില്‍ മുന്നോട്ടുപോയാലെന്തെന്ന ആഗ്രഹമുണ്ട് . എന്നാല്‍ ഇതുസംബന്ധിച്ച് എല്ലാവശങ്ങളും പരിഗണിച്ചശേഷമേ തീരുമാനമെടുക്കൂ-മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

മുന്ദ്രാ പോര്‍ട്ടും വെല്‍സ്​പണ്‍ കണ്‍സോര്‍ഷ്യവുമാണ് നടത്തിപ്പിനുള്ള ടെന്‍ഡറില്‍ അവസാനം രംഗത്തുണ്ടായിരുന്നത്. ഇതില്‍ മുന്ദ്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതോടെ വെല്‍സ്​പണിന് മാത്രമായി യോഗ്യത. എന്നാല്‍ കേന്ദ്രത്തിന്റെ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല -തുറമുഖ വകുപ്പുമന്ത്രി കെ. ബാബു പറഞ്ഞു. ഒരാശങ്കയും ആവശ്യമില്ല. സര്‍ക്കാര്‍ നേരിട്ടാണ് തുറമുഖനിര്‍മാണം നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയായശേഷമേ നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയുടെ ആവശ്യം വരുന്നുള്ളൂ. അടിയന്തരമായി ഇത് തീരുമാനിക്കേണ്ട സാഹചര്യം ഇപ്പോഴില്ല -മന്ത്രി പറഞ്ഞു.