UDF

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും

'77ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം പൂര്‍ത്തിയാക്കും 

 1977ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി നടപടിക്രമം ലഘൂകരിക്കുമെന്നും വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല തരംതിരിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു. ഉടന്‍ വിജ്ഞാപനമിറങ്ങുമെന്നാണ് കരുതുന്നത്. 

ഈ സാഹചര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് പട്ടയവിതരണം മുടക്കാനാകില്ല. നടപടി ഊര്‍ജ്ജിതമാക്കാന്‍ കളക്ടര്‍മാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
കളക്ടര്‍മാരുടെയും വകുപ്പുമേധാവികളുെടയും വാര്‍ഷികാവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശപരിപാലന നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗിക നടപടി കൈക്കൊള്ളാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. 100 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ സംരക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പുതന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്‌നത്തിന് മുഖ്യപരിഗണന നല്‍കും. 

റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം. റേഷന്‍കടകളില്‍ത്തന്നെ തിരുത്തല്‍ വരുത്താനുള്ള നടപടികളുണ്ടാകും. ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈന്‍ എന്നീ വന്‍കിട പദ്ധതികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കും. അതിനുശേഷമേ സ്ഥലമേറ്റെടുക്കാന്‍ തുടങ്ങൂ.

വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും. ഭവനനിര്‍മ്മാണരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കും. ലക്ഷംവീട് കോളനികളിലെ വീടുകള്‍ ജീര്‍ണാവസ്ഥയിലാണ്. അത് മാറ്റണം. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താന്‍ ഡിജിറ്റല്‍ കേരള പദ്ധതിക്ക് പ്രാമുഖ്യം നല്‍കും. ഐ.ടി.യുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.