UDF

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സ്ഥലമുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഭവനപദ്ധതി

 

സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് സൗജന്യമായി വീടു വച്ചു നല്കാനുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം ഒരുലക്ഷം വീടുകള്‍ നിര്‍മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എം.എന്‍ ലക്ഷംവീട് പദ്ധതിയിലെ നാശോന്മുഖമായ വീടുകളും ഈ പദ്ധതിയിലൂടെ പുതുക്കിപ്പണിയും. ഒരു വീടിന് രണ്ടരലക്ഷം രൂപ വച്ച് 2,500 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്നത്. ദേശസാത്കൃത ബാങ്കുകളില്‍ നിന്നും ഇതിനുള്ള വായ്പ ലഭ്യമാക്കി "എല്ലാവര്‍ക്കും വീട്" എന്ന കേന്ദ്രപദ്ധതി പ്രകാരം പലിശ സബ്‌സിഡി നല്‍കും. പെട്രോള്‍-ഡീസല്‍ അധിക വില്‍പ്പനനികുതിയില്‍ നിന്നു ലഭിക്കുന്ന 50 ശതമാനം വിഹിതം ഉപയോഗിച്ച് 20 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ഈ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

14 ജില്ലകളില്‍ 3,771 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ  21 മെഗാവര്‍ക്കുകള്‍ ഉടനെ ആരംഭിക്കുന്നതാണ്. 14 പ്രവൃത്തികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അടുത്ത മാസം പൂര്‍ത്തിയാകും. ടോളില്ലാതെയാണ്  ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. പെട്രോള്‍-ഡീസല്‍ അധിക വില്പന നികുതിയില്‍ നിന്നു ലഭിക്കുന്ന വിഹിതത്തിന്റെ 50 ശതമാനം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സമ്പത്തിന്റെ അമിതവും അശാസ്ത്രീയവുമായ ചൂഷണം തടയുന്നതിനായി ഒരു സുസ്ഥിര വികസന കൗണ്‍സില്‍ രൂപീകരിക്കും.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 36,491 പേര്‍ക്ക് മൂന്നു സെന്റുവീതം സ്ഥലം നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് സ്ഥലം നല്‍കാനുള്ള തീവ്രശ്രമം നടത്തിവരുകയുമാണ്. കേരളത്തെ ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതിന്റെ അവസാനഘട്ടമെന്നോണം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍, സമ്പൂര്‍ണ മൊബൈല്‍ ഗവേര്‍ണന്‍സ്, രണ്ടാംഘട്ട ഡിജിറ്റല്‍ സാക്ഷരത എന്നിവ നടപ്പാക്കും.

അഴിമതിക്കെതിരെ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വിജിലന്റ് കേരളയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. അതതു പ്രദേശത്തെ ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ അഴിമതി വിമുക്തമാക്കുക എന്നതാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. അഴിമതിക്കെതിരേയുള്ള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുകയും സേവനാവകാശ നിയമം എല്ലാ വകുപ്പുകളിലും നിര്‍ബന്ധമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.