UDF

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ജനാധിപത്യ ശക്തികളുടെ ഐക്യത്തിന് തടസ്സം സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരോധം


 മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിനും കെട്ടുറപ്പിനും തടസ്സം സൃഷ്ടിക്കുന്നത് സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആര്‍.എസ്.പി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ദേശീയതലത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം മുമ്പെന്നത്തേക്കാളും അനിവാര്യമാണിന്ന്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഒരു സ്ഥാനമുണ്ട്. മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിനും ഇടതുപക്ഷത്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം. അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ആ ദൗത്യം നിറവേറ്റുന്നതില്‍നിന്ന് മാറിപ്പോകുന്നെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ബി.ജെ.പി.യുടെ വിജയം താത്കാലികമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കയാണ്. ഒരുവര്‍ഷംകൊണ്ട് ജനങ്ങള്‍ക്ക് അവരിലുള്ള പ്രതീക്ഷ അസ്തമിച്ചു. അവരുടെ വാക്കും പ്രവൃത്തിയും രണ്ടാണ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കൂടുന്തോറും ജനവിശ്വാസം നഷ്ടമാകും. വിശ്വാസം നഷ്ടമായ ജനങ്ങളിപ്പോള്‍ ആശങ്കയിലും ബി.ജെ.പി. സര്‍ക്കാരിനോട് അമര്‍ഷത്തിലുമാണ്.


കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഒരു മുന്നണി മാറി മറ്റൊരു മുന്നണി വരുന്ന രീതി അവസാനിക്കാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫ്. തന്നെ അധികാരത്തില്‍വരും. അരുവിക്കര തിരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിന് വല്യേട്ടന്‍ മനോഭാവമില്ല. ഒന്നും അടിച്ചേല്പിക്കുന്ന സമീപനവുമില്ല. സമവായത്തിന്റെ മാര്‍ഗത്തിലെ എപ്പോഴും നീങ്ങിയിട്ടുള്ളു. ഇനിയും ആ നയം തന്നെ തുടരും. യു.ഡി.എഫിന് ശക്തിപകരുന്നത് ഈ നയമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനഹിതമറിഞ്ഞ് സമീപനത്തില്‍ മാറ്റം വരുത്തേണ്ട കാലമാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമ്മേളനത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അധ്യക്ഷത വഹിച്ചു. ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ. സ്വാഗതം പറഞ്ഞു.