UDF

2012, മേയ് 9, ബുധനാഴ്‌ച

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല

ജയിക്കാന്‍ ആരേയും കൊല്ലേണ്ട കാര്യമില്ല-ഉമ്മന്‍ചാണ്ടി

നെയ്യാറ്റിന്‍കര: തിരഞ്ഞെടുപ്പു വിജയത്തിനായി യു.ഡി.എഫിന് ആരേയും കൊല്ലേണ്ട ദുര്‍ഗതിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാളെ കൊന്നാലേ ജയിക്കാന്‍ കഴിയൂ എന്നു വന്നാല്‍ തോല്‍ക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. നയിച്ച യുവജനയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം അന്യോന്യം പോരാടാനുള്ളതല്ല. ജനനന്മയ്ക്കുവേണ്ടിയുള്ള മത്സരമാണ്. ഇന്ത്യയ്ക്ക് മാതൃകയായ കേരളം പ്രാകൃതസാഹചര്യത്തിലേക്ക് മടങ്ങേണ്ടതില്ല.

സി.പി.എമ്മിന്റെ നയം കാണുമ്പോള്‍ കേരളം 16-ാം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണെന്ന് തോന്നുന്നു. ആശയരംഗത്തെ പരാജയം നേരിടാന്‍ കൊലക്കത്തിയുമായി ഇറങ്ങുന്നത് ആശാസ്യമല്ല. ആശയരംഗത്തെ തര്‍ക്കം ആശയപരമായി നേരിടണം. അണികളെ പിടിച്ചുനിര്‍ത്താന്‍ ഇന്ന് സി.പി.എമ്മിന് കഴിയുന്നില്ല. ഒഞ്ചിയത്തെ അനുഭവം അവരെ ഭയപ്പെടുത്തുകയാണ്-അദ്ദേഹം പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള നിലപാടില്‍ സി.പി.എമ്മിനെ ഒന്നിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണം. ആര്‍.സെല്‍വരാജിന്റെ കുടുംബത്തെ വകവരുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് സി.പി.എം. മറുപടി പറയണം. ചന്ദ്രശേഖരനെ കൊന്നവരെയും പ്രേരണയായി ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.സെല്‍വരാജിന്റെ വിജയം യു.ഡി.എഫ്. സര്‍ക്കാരിനും കേരളജനതയ്ക്കുംവേണ്ടി അവിടെയുള്ള വോട്ടര്‍മാര്‍ ചെയ്യുന്ന വലിയ സംഭാവനയായിരിക്കും. നേരിയ ഭൂരിപക്ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഒരിക്കലും തടസ്സമായിട്ടില്ല. എന്നാല്‍ അഞ്ചുകൊല്ലം ഭരിച്ച എല്‍.ഡി.എഫിന്റെ അജണ്ട പാര്‍ട്ടിയുടെയും പാര്‍ട്ടിക്കാരുടെയും തര്‍ക്കം പരിഹരിക്കുക എന്നതായിരുന്നു. ഇതിലൂടെ അവര്‍ അഞ്ചു വര്‍ഷം പാഴാക്കി-മുഖ്യമന്ത്രി പറഞ്ഞു.

പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷനായി.