UDF

2012, മേയ് 18, വെള്ളിയാഴ്‌ച

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
Image
വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്റര്‍, വൈദ്യുതിയുള്ളവര്‍ക്ക് ഒരുലിറ്റര്‍
തിരുവനന്തപുരം: വൈദ്യുതി ഇല്ലാത്ത വീടുകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഉള്ള വീടുകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും
ഈമാസം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ വിഹിതത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും നേരത്തേ കൊടുത്ത അളവില്‍ തന്നെ അത് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
 
മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് താനും സിവില്‍ സപ്ലൈസ്മന്ത്രിയും കേന്ദ്രമന്ത്രി ജയ്പാല്‍ റെഡിയുമായി ബന്ധപ്പെട്ടിരുന്നു. സബ്‌സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം അദ്ദേഹത്തിനു മാത്രമായി കൈക്കൊള്ളാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതുവരെ വിപണി വിലയ്ക്ക് ആവശ്യമായ മണ്ണെണ്ണ ലഭിക്കും. ഇത് സബ്‌സിഡി നിരക്കില്‍ ഈമാസം സംസ്ഥാനം വിതരണം ചെയ്യും. സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പത്തു നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന വികസനത്തിന്റെ മെന്‍ഡര്‍ ആയ സാംപിട്രോഡയും സംഘവും ഈമാസം 28ന് കേരളത്തില്‍ എത്തും. മൂന്നുമാസം മുമ്പ് മന്ത്രിമാരും ആസുത്രണ ബോര്‍ഡ് അംഗങ്ങളും ഉന്നതഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളാവും പരിഗണിക്കുക. ഇവയ്ക്ക് 90 ദിവസത്തിനുള്ളില്‍ പദ്ധതി രേഖ തയ്യാറാക്കി നല്‍കുമെന്ന് അന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. അതനുസരിച്ചാണ് 28ന് യോഗം ചേരുന്നത്.
 
പാലക്കാട് മുതലമടയില്‍ സ്വകാര്യ ഡിസ്റ്റലറിക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന പഞ്ചായത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പഞ്ചായത്തിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ഇതില്‍ സര്‍ക്കാരിന് യാതൊരു നിലപാടും ഇല്ല. പഞ്ചായത്തിന്റെ അനുമതി ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാതെ ഡിസ്റ്റിലറിക്ക് പ്രവര്‍ത്തനം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ പത്തേക്കര്‍ സ്ഥലം 8.76 കോടി രൂപയ്ക്ക് സണ്‍ടെക് എന്ന സ്ഥാപനത്തിന് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ 2011ലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കോഴിക്കോട് സ്വദേശി അന്‍ഷിഫിന് വീട് വയ്ക്കാന്‍ മൂന്നുലക്ഷം രൂപ നല്‍കും. അന്തരിച്ച നാടകകലാകാരന്‍ ചങ്ങനാശ്ശേരി നടരാജന്റെ ഭാര്യ പൊന്നമ്മാളിന് പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.