UDF

2012, മേയ് 27, ഞായറാഴ്‌ച

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി


നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി

തിരുനാവായ: നിയമവാഴ്ച തകര്‍ക്കുന്നത് സാമൂഹിക വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് അസോസിയേഷന്‍ 29ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം നിയമത്തിന്റെ വഴി എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നതിനാല്‍ നിയമവാഴ്ച നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. അല്ലാത്തപക്ഷം ഇരിക്കുന്ന കൊമ്പ് മുറിക്കലാവും സ്ഥിതി.

 
പൊലീസിന്റെ കാര്യക്ഷമതയും അര്‍പ്പണ ബോധവും സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായതിനാല്‍ സന്തുഷ്ടമായ പൊലീസ് എന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പൊലീസില്‍ 1200 പുതിയ പോസ്റ്റുകള്‍ സൃഷ്ടിച്ചെന്നും കാസര്‍കോടിനു വേണ്ടി പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാറിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനത്തോടെ മുന്നോട്ടു പോകാനുള്ള ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കാതിരിക്കാനും സമാധാനം കെടുത്തുന്നവരെ നിലക്കു നിര്‍ത്താനും പൊലീസിനു കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി 2500 പേര്‍ക്ക് പ്രമോഷന്‍ നല്‍കും. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയെന്നത് പടിപടിയായി പരമാവധി സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. 50 വയസ്സ് കഴിഞ്ഞവരെ എച്ച്.സി പരീക്ഷയില്‍ നിന്നൊഴിവാക്കും. വനിതാ പൊലീസില്‍ 500 പേരെക്കൂടിയെടുത്ത് 10 ശതമാനമാക്കും. പൊലീസ് പരിശീലനം പരിഷ്കരിക്കും.

 
സ്റ്റുഡന്റ്സ് പൊലീസിന് റഫറഷ്മെന്റിനാവശ്യമായ തുക നല്‍കും. ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കും. ആരോഗ്യ സുരക്ഷാ പദ്ധതി ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നും കെ.എ.പി ഒന്നാം ബറ്റാലിയന്‍ സ്ഥല ലഭ്യതക്കനുസരിച്ച് എറണാകുളത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.