UDF

2012, മേയ് 18, വെള്ളിയാഴ്‌ച

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

 

 


കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അത്തരം കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിതാ ഐ.ടി. ഐ.ക്ക് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗികപ്രഖ്യാപനവും വെര്‍ച്വല്‍ക്ലാസ് റൂമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സ്‌കില്‍ ഡെവലപ്‌മെന്റ്മിഷന്‍ രൂപവത്കരിച്ചത്. 2020 ആവുമ്പോഴേക്കും അഞ്ഞൂറ് ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി സജ്ജരാക്കുകയെന്നതാണ് മിഷന്റെ ലക്ഷ്യം. ആ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തും നടത്തേണ്ടതുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

വെര്‍ച്വല്‍ ക്ലാസ്‌റൂം കഴക്കൂട്ടം വനിതാ ഐ.ടി.ഐ. വിദ്യാര്‍ഥികളുമായി വിഡീയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.

ഐ.ടി.ഐ. മേഖലയുടെ വികസനത്തിനും കരിക്കുലം മാറ്റത്തിനുമായി 65 കോടിരൂപയാണ് ഈ വര്‍ഷം നീക്കിവെച്ചതെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഈവര്‍ഷംതന്നെ 20 ഗവ. ഐ.ടി.ഐ.കള്‍ക്കുകൂടി ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. 

അന്താരാഷ്ട്രതലത്തില്‍ തൊഴില്‍പരിശീലനം നല്‍കുന്ന ഐ.ടി.ഐ.കളെമാത്രമേ ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ഐ.ടി.ഐ.വിദ്യാഭ്യാസത്തില്‍ വലിയമാറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ആ മാറ്റം വെര്‍ച്ച്വല്‍ ക്ലാസ്‌റൂമില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് കഴിവുള്ളവരാണ് ഐ.ടി.ഐ. മേഖലയിലേക്ക് വരേണ്ടത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ. അംഗീകാരം നേടിയെടുക്കാന്‍ കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ.യെ പ്രാപ്തമാക്കിയ പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപകരെയും ഗുഡ്‌സ് സര്‍വീസ് എന്‍ട്രിക്ക് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുന്നെും മന്ത്രി പറഞ്ഞു.

ജോബ് പോര്‍ട്ടല്‍ ലോഞ്ചിങ് എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു.

ചടങ്ങില്‍ ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ എന്‍. മുഹമ്മദലിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം സമ്മാനിച്ചു.