UDF

2012, മേയ് 18, വെള്ളിയാഴ്‌ച

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം -മുഖ്യമന്ത്രി


ചെലവ് മുക്കാല്‍ഭാഗം സര്‍ക്കാര്‍ വഹിക്കും

കോഴിക്കോട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഈ വര്‍ഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വാര്‍ഡുകളിലും 25,000 രൂപ വീതം അനുവദിക്കുമെന്നും ഉറവിടമാലിന്യ സംസ്കരണത്തിന് വ്യക്തികളും സ്ഥാപനങ്ങളും ചെലവാക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് 'മഴയെത്തുംമുമ്പേ' മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.

 
ഓരോ വാര്‍ഡിനും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്.എം) ഫണ്ടില്‍നിന്ന് 10,000 രൂപയും സംസ്ഥാന ശുചിത്വ മിഷന്‍ വിഹിതമായി 10,000 രൂപയും നല്‍കും. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തംനിലയില്‍ ചുരുങ്ങിയത് 5000 രൂപ അനുവദിക്കാനും അനുമതി നല്‍കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ആധുനിക സാങ്കേതിക വിദ്യകളോടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.

 
മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കുക, വേര്‍തിരിച്ച പ്ലാസ്റ്റിക്കില്‍ നിന്ന് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുളള സാധ്യത ആരായുക, ഉറവിടമാലിന്യ സംസ്കരണം എന്നിവയാണ് മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളായി സര്‍ക്കാര്‍ കാണുന്നത്.
മാലിന്യപ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബജറ്റില്‍ ഈ വര്‍ഷം 236 കോടി രൂപ നീക്കിവെച്ചിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.