UDF

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും






പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കോടതിയുടെ അനുമതിയോടെ ഏറ്റെടുക്കാനാണ് തീരുമാനം. അനുമതിക്ക് വേണ്ടിയുള്ള നടപടികള്‍ ഉടനെ സര്‍ക്കാര്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരിന് 498 കോടി രൂപയുടെ ബാധ്യത കോളേജ് ഏറ്റെടുക്കുന്നതുമൂലം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഒരു സ്റ്റാഫ് പാറ്റേണ്‍ ഉണ്ട്. അത് കൃത്യമായി പാലിക്കേണ്ടിവരും. അപ്പോള്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടുവരും. പക്ഷേ കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉണ്ടാവണമെന്നത് ജനങ്ങളുടെ ആവശ്യമാണ്. അതാണ് പരിഗണിക്കുന്നത്.സാമ്പത്തിക ബാധ്യതയെക്കാള്‍ കൂടുതല്‍ അസറ്റ് പരിയാരം മെഡിക്കല്‍കോളേജിനുണ്ട്. പക്ഷേ അത് വില്‍ക്കാന്‍ പറ്റില്ലല്ലോ. സാമ്പത്തിക ബാധ്യതയെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.

കളക്ടറുടെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കുന്നതല്ലാതെ മനപ്പൂര്‍വമായി ജീവനക്കാരെ ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.