UDF

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു

കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു


വൈക്കം * വടക്കന്‍ കുട്ടനാട്ടിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ചിരകാലാഭിലാഷമായ കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത് ഉല്‍സവപ്രതീതിയില്‍. ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രി പി. ജെ. ജോസഫിനെയും ജനപ്രതിനിധികളെയും താലപ്പൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആബാലവൃദ്ധം ജനങ്ങള്‍ചേര്‍ന്നു സ്വീകരിച്ചു. പാലത്തിനു നടുഭാഗത്തേക്കു നടന്നെത്തിയ മുഖ്യമന്ത്രി നാട മുറിച്ചു. 

തുടര്‍ന്നു ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ നിറഞ്ഞുകവിഞ്ഞ ആള്‍ക്കൂട്ടം ഊര്‍ജമാക്കിയ മുഖ്യമന്ത്രി, സ്പില്‍വേ നിശ്ചിതസമയത്തു പൂര്‍ത്തിയാക്കാനായതിനു പിന്നില്‍ ഈ കൂട്ടായ്മയും ഒരുമയും ആണെന്നും ഇത് എക്കാലവും മാതൃകയാക്കണമെന്നും പറഞ്ഞതു സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടാല്‍ സ്പില്‍വേയിലൂടെ സര്‍വീസ് നടത്തുന്നതിന് ഉടന്‍ പെര്‍മിറ്റ് നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതു സംബന്ധിച്ചു വകുപ്പുമായി ആലോചിക്കും. തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട വികസനത്തിനു 181 കോടി രൂപയുടെ ടെന്‍ഡര്‍ ആയതായി മുഖ്യമന്ത്രി അറിയിച്ചു. കോടതിയിലെ കേസ് തീര്‍ന്നാലുടന്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. കുട്ടനാട് പാക്കേജില്‍ കോട്ടയം ജില്ലയിലെ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തുന്നതിനുവേണ്ടി പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെട്ടതിനു ഗുണമുണ്ടായതായി മുഖ്യപ്രഭാഷണം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. വൈക്കത്തിന്റെ കാര്‍ഷിക വികസനത്തിനു സ്പില്‍വേ നിര്‍ണായക സ്വാധീനം സൃഷ്ടിക്കുമെന്നു കെ. അജിത് എംഎല്‍എ പറഞ്ഞു.