UDF

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കൊച്ചിയിൽ സംസ്‌കരണ പ്ലാന്റിന് സർക്കാർ ഉടൻ അനുമതി നൽകും


കൊച്ചി ∙ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ ഉടനെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ ഒന്നാമതെത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി, ചിറ്റൂര്‍ ഫെറി സൗന്ദര്യവല്‍ക്കരണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ 400 നഗരങ്ങളില്‍ നിന്ന് ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ നാലാമതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. നിലവിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പുതിയ പ്ലാന്റിന് അനുമതി നല്‍കുന്നതോടെ ഒന്നാമതെത്താനുള്ള ദൗത്യം കൊച്ചി നഗരസഭ ഏറ്റെടുക്കണം. മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭയും ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.