UDF

2017, മേയ് 25, വ്യാഴാഴ്‌ച

വിഴിഞ്ഞം കരാര്‍: കാലാവധി നീട്ടിയത് വ്യവസ്ഥ പ്രകാരം.


  • വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയിട്ടില്ല, 
  • കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് ഏകപക്ഷീയമായല്ല. 
അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്.

കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ 40 വര്‍ഷത്തേക്കാണ് കരാര്‍. നിര്‍മാണത്തിന് എടുക്കുന്ന സമയവും കാലാവധിയില്‍ ഉള്‍പ്പെടും. 30 വര്‍ഷം എന്നുള്ള കരാറില്‍ നിര്‍മാണത്തിന് ശേഷമാണ് 30 വര്‍ഷ കാലാവധി. ഇപ്പോഴത്തെ കരാർ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ പണവും കമ്പനി തന്നെ മുടക്കണം. 40 വര്‍ഷ കരാറില്‍ 15 വര്‍ഷം മുതല്‍ നമുക്ക് വരുമാനം കിട്ടും. ആദ്യം ഒരു ശതമാനവും അത് കൂടിക്കൂടി 40 വര്‍ഷമാകുമ്പോള്‍ 25 ശതമാനം സംസ്ഥാനത്തിന് ലഭിക്കും. 40 വര്‍ഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാം. അതില്‍ നിന്ന് ഏഴ് വര്‍ഷം കഴിയുമ്പോള്‍ 10 ശതമാനം വരുമാനം ലഭിക്കും. 30 വര്‍ഷ കരാറില്‍ ഇതൊന്നുമില്ല.

വിഴിഞ്ഞം പദ്ധതി കുളച്ചലിനേക്കാള്‍ ചെലവ് കൂടുതലാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുളച്ചിലിന് എസ്റ്റിമേറ്റോ ടെന്‍ഡറോ പോലും ആയിട്ടില്ല. സിഎജി വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതായിരിക്കും. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകും.  വിഴിഞ്ഞം പദ്ധതി നടപ്പിലായത് 25 കൊല്ലത്തിനിടയിലെ അഞ്ചാമത്തെ പരിശ്രമത്തിലാണെന്നും വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു കമ്പനിയെ ലഭിച്ചത്. തുറമുഖം വന്നു കഴിയുമ്പോളുള്ള നേട്ടം പ്രവചനാതീതമാണ്. കൊളംബോയോടും വിദേശ രാജ്യങ്ങളിലെ മറ്റ് തുറമുഖങ്ങളോടാണ് വിഴിഞ്ഞം മത്സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇത് മാറും. 

കരാറിലേര്‍പ്പെട്ടതില്‍ കുറ്റബോധമില്ല, അഭിമാനമേ ഉള്ളു. സംസ്ഥാനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു എന്നാണ് കരുതുന്നത്. അതിന്റെ പേരില്‍ എന്തും നേരിടാന്‍ തയ്യാറാണ്. ഒരുദ്യോഗസ്ഥനേയും ബലിയാടാക്കില്ല. കരാര്‍ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു പരിശോധന എത്രയും പെട്ടന്ന് വേണം.