അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും : മുഖ്യമന്ത്രി

നാളികേര, നെല്‍കൃഷി മേഖല ഉണര്‍ന്നാല്‍ മാത്രമേ കേരളം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീര ഉടന്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. നെല്‍ക്കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ കിലോയ്ക്ക് 19 രൂപയാക്കി. ഇത് 20 രൂപ ആക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ 19 രൂപയ്ക്ക് സംഭരിക്കുന്ന നെല്ലിന് 13.20 രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഓരോ കിലോയ്ക്കും സംസ്ഥാനസര്‍ക്കാര്‍ 5.80 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.
ചടങ്ങില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായി. കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസഡര്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു. നീരയുടെ വിപണനോദ്ഘാടനവും 'കേരകര്‍ഷക'ന്റെ 60ാം വാര്‍ഷികപതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി ആദ്യപ്രതി ഏറ്റുവാങ്ങി. പത്മശ്രീ ഡോ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് പാലക്കാട് കിണാശ്ശേരി പാടശേഖരക്കമ്മിറ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക .
സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി എം.കെ. മുനീര്‍ സ്വാഗതവും കൃഷി ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തേ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച ഘോഷയാത്രയില്‍ കാര്‍ഷികമേഖലയുടെ സവിശേഷത വിളംബരംചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും സാംസ്‌കാരിക കലാരൂപങ്ങളും അണിനിരന്നു.