UDF

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടുവിന് ഇനിയും ബാച്ചുകള്‍ അനുവദിക്കാന്‍ തത്കാലം ആലോചനയില്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുവദിച്ചത് കൂടുതലായെന്നതിനോടൊപ്പം ഇനിയും വേണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കോഴയുണ്ടെങ്കില്‍ അതിനുള്ള തെളിവ് കൊണ്ടുവരികയാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴയ്‌ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം എന്തെല്ലാമാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സോളാര്‍ വിവാദം ഉണ്ടായി. പക്ഷേ ഇതിന് കമ്മീഷനെ നിയോഗിച്ചപ്പോള്‍ തെളിവ് നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. പ്ലസ്ടു കോഴ്‌സ് അനുവദിച്ചതിലും വിവാദം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പക്ഷേ അഴിമതി നടത്താന്‍ ആരെങ്കിലും ആഗ്രഹിച്ചാലും അത് നടക്കില്ലെന്ന് ഉറപ്പാക്കുന്ന പാക്കേജാണ് പ്ലസ് ടുവിന് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഗസ്റ്റ് അധ്യാപകരെ നിയോഗിച്ചും അധ്യാപക ബാങ്കില്‍ നിന്ന് അധ്യാപകരെ കണ്ടെത്തിയുമാണ് ഈ പാക്കേജ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം അപേക്ഷിച്ച എല്ലാ പ്ലസ് ടു ബാച്ചുകളും അനുവദിച്ചിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍െവച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ അഴിമതിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു. തിരുവനന്തപുരത്തെ പ്രശസ്തമായ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷ പോലും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ ഇതിനകം തന്നെ 14 ബാച്ചുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തു കുട്ടികളില്‍ താഴെ എണ്ണം വിദ്യാര്‍ത്ഥികളുള്ള വിദ്യാലയങ്ങള്‍ അടുത്ത വര്‍ഷം മതിയാക്കണമെന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.