ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. വാത്സല്യത്തോടെ ഷെഫീക്കിനെ തഴുകിയ മുഖ്യമന്ത്രി ബിസ്‌കറ്റ് വച്ചുനീട്ടി. എന്നാല്‍, അതുവാങ്ങാതെ അവന്‍ ബിസ്‌കറ്റ് പാത്രത്തിലേക്ക് കൈയിട്ടപ്പോള്‍ കൂട്ടച്ചിരിയുയര്‍ന്നു. ആയ രാഗിണി, ചികിത്സ നടത്തുന്ന ഡോ.കെ.പി. ഷിയാസ് എന്നിവരോട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തു മിനുട്ടോളം അവിടെ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
ഇടുക്കിയില്‍ കുട്ടികളുടെ സംരക്ഷണ ത്തിനായി ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണനാണ് ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ഇല്ലാത്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടു ത്തിയത്.രാഗിണിക്ക് സ്ഥിരംജോലി നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.