UDF

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും -മുഖ്യമന്ത്രി

ഒരു മന്ത്രിയെ മാത്രം കുറ്റപ്പെടുത്തരുത്

തൃശ്ശൂര്‍: അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കും ക്യാബിനറ്റിനുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്തരവാദിത്വം ഏതെങ്കിലും ഒരു മന്ത്രിക്കു മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനഗവേഷണകേന്ദ്രത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പ്ലസ്ടു വിഷയത്തില്‍ തെറ്റുകള്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കണം. നല്ല ഒരു പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ ശ്രമം വിജയിച്ചാല്‍ എല്ലാ ഹൈസ്‌കൂളുകള്‍ക്കും പ്ലസ്ടു നല്‍കുന്ന കാര്യം ആലോചിക്കും -മുഖ്യമന്ത്രി പറഞ്ഞു.
 
രാഷ്ട്രപിതാവിനെ അപമാനിക്കുന്നതോ വിലകുറച്ചുകാണുന്നതോ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുന്ധതിറോയിക്കെതിരെ കേസ് എടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു എതെങ്കിലും വ്യക്തിയുടേതോ രാഷ്ട്രീയ പാര്‍ട്ടിയുെടയോ പ്രശ്‌നമല്ല. രാജ്യത്തിന്റെ നിലപാടാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വര്‍ഷക്കാലക്കെടുതികള്‍ നേരിടാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കളക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. സൗജന്യ റേഷന്‍ നല്‍കുന്നത് ആലോചിക്കും- മുഖ്യമന്ത്രി അറിയിച്ചു.