UDF

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു; കീര്‍ത്തന തിങ്കളാഴ്ച കോഴിക്കോട് എന്‍.ഐ.ടി. യില്‍ പഠിക്കാന്‍ ചേരും. 

തിരുവനന്തപുരം സ്വദേശിനിയായ കീര്‍ത്തന ബിരുദാനന്തര ബിരുദത്തിന് ദേശീയതലത്തില്‍ നടത്തിയ പരീക്ഷയില്‍ ആറാം റാങ്കോടെയാണ് ഒ.ബി.സി. വിഭാഗത്തില്‍ പാസായത്. തുടര്‍ന്ന് ജൂണ്‍ 25ന് പ്രവേശനത്തിന് കോഴിക്കോട് എന്‍.ഐ.ടി. യില്‍ ചെന്നു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ആറുമാസ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കോളജ് അധികൃതര്‍ പ്രവേശനം നല്‍കാതെ മടക്കി. 
അന്ന് നാലുമണിയ്ക്കകം പുതിയ ജാതി സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്തുനിന്ന് ഫാക്‌സ് ചെയ്ത് ഹാജരാക്കാമെന്നുപറഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ നിരസിച്ചു. തുടര്‍ന്ന് കീര്‍ത്തന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോഴിക്കോട് എന്‍.ഐ.ടി. അധികൃതരോട് ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അവര്‍ പ്രവേശനം നല്‍കാന്‍ തയാറായില്ല. ജൂലായ് 24ന് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ചകളില്‍ കീര്‍ത്തനയുടെ കാര്യവും അവതരിപ്പിച്ചു. 

തുടര്‍ന്ന് ആഗസ്ത് ഒന്നാം തീയതി കേന്ദ്രമന്ത്രാലയത്തില്‍ നിന്ന് എന്‍.ഐ.ടി കളുടെ കൗണ്‍സില്‍ അധ്യക്ഷന്‍ കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ കീര്‍ത്തനയ്ക്ക് സൂപ്പര്‍ ന്യൂമററിയായി ഒരു സീറ്റ് സൃഷ്ടിച്ച് ഒ.ബി.സി. (നോണ്‍-ക്രീമിലെയര്‍) വിഭാഗത്തില്‍ എം.എസ്സി. ഫിസിക്‌സിന് പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കി. 

ഇത് ഒരു ഒറ്റത്തവണ നടപടിയാണെന്നും കീഴ്വഴക്കമായി കാണരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 
എ.ആര്‍.ക്യാമ്പിലെ സ്വീപ്പറാണ് കീര്‍ത്തനയുടെ അമ്മ. അച്ഛന്‍ നേരത്തെ മരിച്ചു. സഹോദരന്‍ ഇപ്പോള്‍ എം.ബി.എ. പഠനം പൂര്‍ത്തിയാക്കി.