UDF

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടുംബശ്രീയുടെ ക്രഡിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള സ്ഥലം കൂടിയാണ് കുടുംബശ്രീ. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഓരോ രൂപയും കുടുംബത്തിന്റെ നന്മക്കായാണ് വിനിയോഗിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കുടുംബശ്രീക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ കുടുംബശ്രീയുടെ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ചവര്‍ക്കുള്ള ഡെത്ത് ക്ലെയിം മന്ത്രി കെ.എം. മാണി വിതരണം ചെയ്തു. കുടുംബശ്രീ രജിസ്‌ട്രേഷന് ഈടാക്കുന്ന പിഴ ഉപേക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ വാര്‍ഷികം നടത്തുന്നതിന് ആവശ്യമായ തുക നല്‍കും. സ്ത്രീകള്‍ പണം ചെലവഴിക്കുന്നത് ചുരുക്കാനും സമ്പാദ്യശീലം വളര്‍ത്താനും കുടുംബശ്രീ സഹായിച്ചു. കുടുംബശ്രീയുടെ ഫണ്ട് ചെലവഴിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.കെ. മുനീര്‍ സ്ത്രീ സുരക്ഷാ ബീമാ യോജന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.