UDF

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കാന്‍സര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കും

കാന്‍സര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കും- മുഖ്യമന്ത്രി
 
തിരുവനന്തപുരം: അര്‍ബുദരോഗ ചികിത്സ പൂര്‍ണമായും സൗജന്യമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യാന്തരതലത്തില്‍ ലഭ്യമാകുന്ന മെച്ചപ്പെട്ട ചികിത്സ ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാകുന്നുണ്ട്. ഇത് എല്ലാകുടുംബങ്ങള്‍ക്കും പ്രാപ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളില്‍ കേരളത്തെ അന്തര്‍ദേശീയ ഡെസ്റ്റിനേഷന്‍ സെന്ററാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാരില്‍ 23 പേര്‍ക്ക് ജോലി നല്‍കിക്കൊണ്ടുള്ള എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കത്ത് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാരുടെ ബാങ്ക് വായ്പകള്‍ക്ക് പലിശയിളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് എട്ടിന് യോഗം വിളിച്ചിട്ടുണ്ട്. സംഘര്‍ഷബാധിതമായ ലിബിയയില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്കും ജോലി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കും. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ഇവരെയെല്ലാം പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. യുക്രൈനില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോയ 400 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം കേരളത്തില്‍ തന്നെ ലഭ്യമാക്കിയിരുന്നെങ്കില്‍ ഇത്തരം സാഹചര്യങ്ങളൊഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.