UDF

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി


 സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പലഭാഗങ്ങളില്‍നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.   

കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിന്റെ പലഭാഗത്തും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. സമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രധാന ചുമതലയാണ്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നതാരായാലും കര്‍ശനമായി നേരിടും. നിയമവാഴ്ച ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെടുക്കും. 

കേരളത്തില്‍ സമാധാനജീവിതം ഉറപ്പാക്കാന്‍ യു.ഡി.എഫിനു മാത്രമേ കഴിയൂ. സര്‍ക്കാരും യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെയും ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ നേരിടും. യുഡിഎഫ് ഒറ്റക്കെട്ടായാണു മുന്നോട്ടു നീങ്ങുന്നതെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വം വന്‍ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ പ്രധാനമായി ആഗ്രഹിക്കുന്നത് പുരോഗതിയും സാമ്പത്തികഭദ്രതയും തൊഴില്‍ ഭദ്രതയുമാണ്. സമഗ്ര പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുരോഗതിയിലൂടെ സമാധാനം എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ്. ഒറ്റക്കെട്ടായി വരുന്ന തിരഞ്ഞെടുപ്പുകള്‍ നേരിടും. യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുകയും പിന്നീട് ഉപേക്ഷിച്ചുപോകുകയും ചെയ്തവര്‍ക്കൊപ്പം പോകാന്‍ ആ പാര്‍ട്ടിയിലെ മഹാഭൂരിപക്ഷവും തയ്യാറല്ലെന്ന് ഇതിനകം തെളിഞ്ഞതായും അവരെയും കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.