UDF

2012, ജനുവരി 24, ചൊവ്വാഴ്ച

കേരള വികസനത്തിന് വിഷന്‍ 2030



തിരുവനന്തപുരം: 2030 വരെ കേരളത്തില്‍ നടപ്പാക്കേണ്ട വികസനപദ്ധതികളുടെ രേഖ തയ്യാറാക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടപടി തുടങ്ങി. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഉപദേശനിര്‍ദേശങ്ങളനുസരിച്ചായിരിക്കും വിഷന്‍ 2030 സമീപനരേഖയ്ക്ക് ആസൂത്രണ ബോര്‍ഡ് രൂപം നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോടു പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടെക് സിങ് അലുവാലിയയുമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ച ഇതിന്റെ ഭാഗമാണ്. മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖറും ഇതിന് നേതൃത്വം നല്‍കി.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്രയും ദീര്‍ഘകാല വികസന പരിപാടികളെക്കുറിച്ച് രൂപരേഖ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് തീരുമാനം.