UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂൺ 17, ബുധനാഴ്‌ച

കരുതൽ 2015: ഐ.ഐ.ടി.ക്ക് സ്ഥലം ഏറ്റെടുക്കും, മെഡിക്കല്‍ കോളേജില്‍ ആസ്പത്രിസമുച്ചയവും

പാലക്കാടിന് 16 ഇന പരിപാടി

പാലക്കാട്: പാലക്കാട് ഐ.ഐ.ടി.ക്കായി 600 ഏക്കര്‍ ഏറ്റെടുക്കാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആസ്പത്രിക്കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായെന്നും അദ്ദേഹം പറഞ്ഞു. 360 കോടിയുടെ പട്ടികജാതി നിധിയുപയോഗിച്ചാണ് നിര്‍മാണം. രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന്, ആസ്പത്രിയുടെ ഭാഗമായി കാന്‍സര്‍ചികിത്സാ-ഗവേഷണകേന്ദ്രവും തുറക്കും. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്കപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയ്ക്കുള്ള പദ്ധതിവിവരണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഓര്‍ഗാനിക് പാലക്കാട്, പട്ടാമ്പിയില്‍ സൈബര്‍പാര്‍ക്ക് എന്നിവമുതല്‍ കുടിവെള്ളവിതരണ പദ്ധതികളും റോഡ് പദ്ധതികളുമുള്‍പ്പെടെ 16 ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. ഒരുവര്‍ഷത്തിനകം ഇവ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
വിധവകളുടെ മക്കള്‍ക്ക് വിവാഹധനസഹായം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അനാഥവനിതകള്‍ക്ക് വിവാഹസഹായം നല്‍കാന്‍ നിയമമില്ല. ഈ പരിമിതി കടക്കാന്‍ നിയമനിര്‍മാണം നടത്തും.

അടിസ്ഥാനസൗകര്യമേഖലയില്‍ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി 120 കോടി രൂപ ചെലവില്‍ കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി-ഷൊറണൂര്‍ റോഡ് നിര്‍മിക്കും. പട്ടാമ്പിയിലെ ചപ്പാത്തിനുപകരം പുതിയ പാലമുള്‍പ്പെടെയുള്ളതാണ് പദ്ധതി.

പാലക്കാട് നഗരത്തില്‍നിന്ന് 6 പുതിയ ലിങ്ക് ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ 25.3 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 



പാലക്കാടൊഴികെ സംസ്ഥാനത്ത് ഇത്തവണ നടത്തിയ ജനസമ്പര്‍ക്കത്തില്‍ 3,68,290 പരാതികള്‍ കിട്ടി. പരിപാടിയോട് നിസ്സഹകരിക്കുന്നവര്‍ പരിപാടിയില്‍ പങ്കാളികളാകുന്നവരുടെ അഭിപ്രായം കേള്‍ക്കണം. പരിപാടിയുടെ ഫലവും വിലയിരുത്തണം. നിസ്സഹകരിക്കുന്നവരോട് പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ രണ്ട് അന്ധ ക്രിക്കറ്റ് കളിക്കാര്‍ ബസ്സിടിച്ച് മരിച്ചത് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് നടപടിയെടുക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കും. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 16, ചൊവ്വാഴ്ച

എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു.


എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ രണ്ടു വ്യവസ്ഥകൾ ഇവയായിരുന്നു:

1. അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം
2. ഏറ്റവും കുറഞ്ഞത്‌ 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം

ഈ രണ്ടു വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന്‌ അനുമതി ലഭിച്ചില്ല. അഭ്യന്തര വിമാന സർവീസ് വലിയ നഷ്ട്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അത് കൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും. 

സി.പി.എമ്മിന് ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷി


മുഖ്യമന്ത്രി ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളില്‍

വെട്ടിനിരത്തല്‍ നടത്തുന്ന സി.പി.എം. പ്രവര്‍ത്തകര്‍ ജൈവക്കൃഷിയിലേക്ക് തിരിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തി. പക്ഷേ, അതിനവര്‍ക്ക് കഴിയില്ലെന്ന് കണ്ണൂര്‍ സംഭവം തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷിയാണെന്ന വെളിപ്പാടിലാണ് സി.പി.എം. അതിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

 ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളിലാണ് മുഖ്യമന്തി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പങ്കെടുത്തത്. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പഞ്ചായത്തിലെ ഹൗസിങ്‌ബോര്‍ഡ്, പുറിത്തിപ്പാറ, കാനക്കുഴി, ഈഞ്ചപ്പുരി തുടങ്ങിയ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ അദ്ദേഹം വിശകലനം ചെയ്തു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. 

ശബരിയുടെ സ്വീകാര്യതയും ജി.കാര്‍ത്തികേയന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കായി കരുതലിനും വേണ്ടി നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ഹൗസിങ് കോളനി എന്ന ആശയം താന്‍ ആന്റണി മന്ത്രി സഭയില്‍ അംഗമായിരുന്ന കാലത്ത് കൊണ്ടു വന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


ഓരോ സ്ഥലങ്ങളിലും ഉജ്ജ്വലമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ സാന്നിധ്യം കുടുംബയോഗങ്ങളിലുണ്ടായിരുന്നു. 


കരുതൽ 2015: പാലക്കാട് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി ഇന്ന്‌



പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിക്ക് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായി. മുഖ്യമന്ത്രി രാവിലെ എട്ടിന് വേദിയിലെത്തും. 2015 മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 17 വരെ ഓണ്‍ലൈനില്‍ ലഭിച്ച പരാതികളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18,234 അപേക്ഷകളാണ് ലഭിച്ചത്. കൂടുതലായി 15,000 അപേക്ഷകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കിയ 50 കൗണ്ടറുകളിലൂടെ 35,000 അപേക്ഷ കൈകാര്യംചെയ്യാനുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. 

2015, ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസം



അരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.



അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. 



ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 2015



സി.പി.നായര്‍ വധശ്രമക്കേസ് : അവസാന തീരുമാനം കോടതിയുടേത്


കോട്ടയം: മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് അവസാനതീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത്പറഞ്ഞു. ''കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് ആഭ്യന്തരവകുപ്പുമന്ത്രി എന്നോട് സംസാരിച്ചിരുന്നു. കേസില്‍ 150ഓളം പ്രതികള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ല. അവസാനതീരുമാനം കോടതിയുടേതാണ്''- മുഖ്യമന്ത്രി പറഞ്ഞു. 

റബ്ബര്‍ സബ്‌സിഡി : കേരളത്തെ ഒഴിവാക്കിയത് ഗുരുതരവീഴ്ച



കോട്ടയം: റബ്ബര്‍കര്‍ഷകര്‍ക്കുനല്‍കുന്ന സബ്‌സിഡിയുടെ കാര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരമൊരുതീരുമാനം റബ്ബര്‍ബോര്‍ഡ് കൈക്കൊള്ളുമെന്ന് കരുതുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച റീപ്ലൂന്റിങ് സബ്‌സിഡിയാണ് ഇപ്പോഴുമുള്ളത്. സബ്‌സിഡി വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളില്‍ അവസരമൊരുക്കും


കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളിലൂടെ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മെഡിക്കല്‍ പഠന മേഖലകള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളജ് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 11 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു. സാമ്പത്തികമായി ഇതുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നില്ല അദേഹം പറഞ്ഞു.

കോട്ടയം  മെഡിക്കല്‍ കോളജില്‍ 10.39 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതുതായി ആരംഭിച്ച 10 പദ്ധതികളുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1.50 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഡയാലിസിസ് സെന്ററിന്റെയും 2.79 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജിഎന്‍എം നഴ്‌സിങ് സ്‌കൂളിന്റെയും ഉദ്ഘാടനവും നഴ്‌സിങ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്‌സ്, ഫാര്‍മസി കോളേജ് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

2015, ജൂൺ 13, ശനിയാഴ്‌ച

വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം


സംസ്ഥാനത്തിന് ഗുണകരമായ വികസനപദ്ധതികളെ, വിവാദങ്ങളിലൂടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെയും അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ വികസന പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കി ജനനന്മ ഉറപ്പുവരുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെട്ടിറച്ചിറ എസ്.സി കോളനിയില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം തന്നെ യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇടതു നിലപാടുമൂലം തടസം നേരിട്ടിരുന്ന വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായത് ഈ സര്‍ക്കാരിന്റെ നേട്ടമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് തന്നെ മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതിയെ എന്തുകൊണ്ടാണ് ഇടതുപക്ഷംഎതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. നെടുമ്പാശേരി വിമാനത്താവളത്തിനായി 100 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഡയറക്ടര്‍ ബോര്‍ഡില്‍ 21 ശതമാനം ലാഭ വിഹിതമാണ് സര്‍ക്കാരിന് കൈമാറിയത്. ഇതുവഴി 153 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. വിമാനം തങ്ങളുടെ ശരീരത്തിലൂടെ ഇറങ്ങുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കയറിക്കൂടിയ കാര്യം മറക്കരുത്. 

2006ലെ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തത്  രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നായിരുന്നു. ഇത് നടപ്പിലാക്കാന്‍ ഇടതുമുന്നണിയ്ക്ക് അഞ്ചുകൊല്ലം വേണ്ടിവന്നു. എന്നാല്‍ 2011 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫിന് ഒരു രൂപയ്ക്ക് അരിയെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം പോലും വേണ്ടി വന്നില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങളെ മുടന്തം ന്യായത്തിന്റെ പേരില്‍  ഇല്ലായ്മ ചെയ്യാനാണ് ഇടതുമുന്നണിയുടെ ശ്രമം. 

700 കോടിയുടെ സാന്ത്വന പദ്ധതികളാണ് ഈ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയത്. ഇടതുഭരണകാലത്ത് സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ മുഖം നല്‍കിയ സര്‍ക്കാരാണിത്. കാരുണ്യാ ലോട്ടറിയിലൂടെ 701 കോടി രൂപയുടെ ചികിത്സാ സഹായമാണ് തൊണ്ണൂറായിരം പേര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 500 കോടിയുടെ ധനസഹായവും ഇതുവരെ കൊടുത്തിട്ടുണ്ട്.


ബാര്‍കോഴ: വെളിപ്പെട്ടത് രാഷ്ട്രീയ കാപട്യം; മാണിക്കെതിരെ എന്ത് തെളിവുണ്ട് ?


തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മാണിസാറിനെതിരെ എന്താണ് തെളിവുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 309 സാക്ഷികളെയാണ് വിസ്തരിച്ചത്. അവര്‍ പറഞ്ഞ എല്ലാവരുടെയും മൊഴിയെടുത്തു. കുറ്റവിമുക്തനാക്കിയെന്ന് പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ ഇതുകൂടി പറയണം. ആരാണ് മാണിക്കെതിരെ സാക്ഷി പറഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. 

ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്ര മാധ്യമങ്ങളിലൂടെയാണ് മാണിക്കെതിരെ ആരും തെളിവു നല്‍കിയിട്ടില്ലെന്നു മനസിലായത്. ബാര്‍ കോഴക്കേസ് തിരഞ്ഞെടുപ്പു വിഷയമായി ഉന്നയിക്കുകയാണെങ്കില്‍ അത് ഇടതുമുന്നണിക്കു തിരിച്ചടിയാകാതെയിരുന്നാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ തെളിവില്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.