UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കും


ചാവക്കാട്ട് കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.  ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെപിസിസിയുമായി ആലോചിച്ച് എല്ലാ വിധ സഹായവും നല്‍കും. 

ഗ്രൂപ്പ് നോക്കിയല്ല കേസ്സ് അന്വേഷണമെന്ന് മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.അന്വേഷണത്തില്‍ ഒരു വിധ ഇടപെടലുകളുമില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കെ.പി.സി.സി. സെക്രട്ടറി എന്‍ കെ സുധീര്‍, ഡി.സി.സി. പ്രസിഡന്റ് ഒ അബ്ദു റഹിമാന്‍ കുട്ടി, എം.എല്‍.എമാരായ ടി എന്‍ പ്രതാപന്‍, പി എ മാധവന്‍ ഒപ്പമുണ്ടായി



മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹനീഫയുടെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു


2015, ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസം



അരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.



അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. 



ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 2015



2014, നവംബർ 26, ബുധനാഴ്‌ച

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃക

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണ്

യുവാക്കളില്‍ രാജ്യസ്‌നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാങ്ങോട്‌ കരിയപ്പ ഓഡിറ്റോറിയത്തില്‍ 66-ാം എന്‍.സി.സി.ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ഒരു രാജ്യത്തെ ചെറുപ്പക്കാര്‍ അച്ചടക്കമുള്ളവരും രാജ്യത്തോട്‌ കൂറുള്ളവരുമാകണം. രാജ്യത്തിന്റെ ഭാവിക്ക്‌ പ്രധാനം ഇതാണ്‌. സ്വാതന്ത്ര്യം കിട്ടിയശേഷം വലിയ പ്രാധാന്യം നല്‍കി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപംകൊടുത്ത എന്‍.സി.സി. പ്രസ്ഥാനം രാജ്യത്തെ ചെറുപ്പക്കാര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്ന ആശാകേന്ദ്രമായി മാറിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ എന്‍.സി.സിക്ക്‌ എല്ലാ പിന്തുണയും നല്‍കും. 

കട്ടപ്പനയില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പുതിയ ബറ്റാലിയന്‍ അനുവദിച്ചിരുന്നു. കേരളത്തില്‍ എന്‍.സി.സി.ക്കായി സ്ഥലം കണ്ടെത്തി നല്‍കുകയും 32 കോടി രൂപയുടെ നിര്‍മ്മാണാനുമതി ഇതിനോടകം കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത്‌ എന്‍.സി.സി. അര്‍ഹിക്കുന്ന പരിഗണന തന്നെയാണ്‌ -മുഖ്യമന്ത്രി പറഞ്ഞു. 

ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ്‌ ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ച അനസിന്റെ വീട്‌ 28-ാം തീയതി സന്ദര്‍ശിച്ച്‌ മാതാപിതാക്കളുമായി സംസാരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്‌ എന്തുചെയ്യാനാകുമെന്ന കാര്യം അനസിന്റെ മാതാപിതാക്കളുമായി ആലോചിച്ച്‌ തീരുമാനിക്കും. സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്‍.സി.സി. നിലവില്‍ വരുന്നതിന്‌ മുന്‍പ്‌ ബ്രിട്ടീഷ്‌ ഭരണകാലഘട്ടത്തിന്‌ ശേഷം 1949-ല്‍ ഒന്നാം ട്രാവന്‍കൂര്‍ കൊച്ചിന്‍ ബറ്റാലിയന്‍ എന്‍.സി.സി.എന്നാണ്‌ എന്‍.സി.സിയെ അറിയപ്പെട്ടിരുന്നത്‌. ആ കാലഘട്ടത്തിലെ കേഡറ്റും ഇന്ത്യന്‍ ആര്‍മിയില്‍ എമര്‍ജന്‍സി കമ്മീഷനിലൂടെ പ്രവേശനം ലഭിച്ച 87 വയസ്സുള്ള ക്യാപ്‌റ്റന്‍ തോമസ്‌ മിരാന്തയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച്‌ ആദരിച്ചു. 2014-ല്‍ മികച്ച പ്രകടനം കാഴ്‌ചവച്ച കേഡറ്റുകള്‍ക്ക്‌ മുഖ്യമന്ത്രി സമ്മാനദാനവും നടത്തി.

നേവല്‍ കേഡറ്റുകള്‍ നിര്‍മ്മിച്ച ഷിപ്പ്‌ മോഡലുകളും, എയര്‍ വിംഗ്‌ കേഡറ്റുകള്‍ നിര്‍മ്മിച്ച മൈക്രോ ലൈറ്റിന്റെ മോഡലുകളും, ആര്‍മി വിംഗിന്റെ മോഡലുകളും, സ്റ്റാളുകളും, ഫ്‌ളാഗ്‌ ഏരിയായും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 2015 ജനുവരി 26-ന്‌ റിപ്പബ്ലിക്‌ ദിനത്തില്‍ പങ്കെടുക്കുന്നതിനുള്ള കേഡുറ്റുകളുടെ കലാ സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ അവതരിപ്പിച്ചു. അശ്വാരൂഡസേനയുടെ അകമ്പടിയോടെ കേഡറ്റുകള്‍ മുഖ്യമന്ത്രിക്ക്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി.



2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം (video)

           15 August 2014


2014, മാർച്ച് 19, ബുധനാഴ്‌ച

ശ്രീ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നത് കേൾക്കു....






അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നവരെ ബഹിഷ്‌കരിക്കാനും രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുമുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പ്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ ശൈലിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകില്ല. സി.പി.എമ്മിന് അതിപ്പോഴും മനസ്സിലായിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണങ്ങളാണ് ടി.പി.വധവും പെരിഞ്ഞനത്തെ കൊലപാതകവും എന്ന് ഉമ്മൻ ചാണ്ടി.

മറ്റുള്ളവരെ അപമാനിച്ചും അവഹേളിച്ചും തെറ്റിദ്ധാരണ പരതിയുമാണ് എല് ഡി എഫ് വോട്ടു പിടിക്കാൻ ശ്രമിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി. അത് സഹിഷ്ണതയുടെ ലക്ഷണം അല്ല എന്നും ഉമ്മൻ ചാണ്ടി.

മനുഷ്യ സ്നേഹി ആയ മുഖ്യമന്ത്രി സംസ്കാര സംബനൻ ആയ മുഖ്യമന്ത്രി വെറും വോട്ടിനു വേണ്ടി മാത്രമല്ല ജനം എന്ന് തെളിയിച്ച മുഖ്യമന്ത്രി അതാണ് ഉമ്മൻ ചാണ്ടി

ഒരു നല്ല നാളെക്കായി ലോകസഭ തിരെഞ്ഞെടുപ്പിൽ യു ഡി എഫിനെ വിജയിപ്പിക്കുക

2013, നവംബർ 17, ഞായറാഴ്‌ച

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

തിരുവനന്തപുരം: യുവസംരംഭകര്‍ക്കായി വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് വര്‍ഷം തോറും 500 കോടിക്ക് മുകളിലുള്ള തുക ഇങ്ങനെ നീക്കിവെക്കുന്നത്. സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇന്ത്യയില്‍ ആദ്യമായാണ് ഇപ്രകാരം ബജറ്റിന്റെ ഗണ്യമായൊരു വിഹിതം യുവസംരംഭകര്‍ക്കായി നീക്കിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ഉപഹാരമായിട്ടാണ് ഇത് യുവാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.ടി, ടെലിഫോണ്‍ മേഖലകളിലാണ് നൂതന ആശയങ്ങളുമായി യുവാക്കള്‍ എത്തിയത്. ഇത് കൃഷി, ആരോഗ്യം, സിനിമ, ടൂറിസം ഇങ്ങനെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. യുവസംരംഭകര്‍ക്ക് ആശങ്ങള്‍ പങ്കുവെക്കാനായി സംസ്ഥാനത്തെ എല്ലാ കോളജുകളിലും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബുകള്‍ തുടങ്ങും. 

കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ മാത്രം ഐ.ടി/ടെലികോം മേഖലയില്‍ ആയിരത്തില്പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനമായി സപ്തംബര്‍ 12 ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ട്അപ്പ് ഭിത്തി സജ്ജീകരിച്ചിരുന്നു.

2012, ഡിസംബർ 8, ശനിയാഴ്‌ച

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു 

 

 



തിരുവനന്തപുരം: രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ആഭിമുഖ്യത്തിലുള്ള യാത്രാസംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സാംസ്‌കരിക വൈവിധ്യവും അഖണ്ഡതയും ഉള്‍നാടന്‍ ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാനാണ് ഈ യാത്ര.ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ട്, മാണ്ടി തേസില്‍ ഗ്രാമങ്ങളിലെ 23 ബിരുദവിദ്യാര്‍ഥികളും രണ്ട് അധ്യാപകരും രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം. തിരുവനന്തപുരം, കന്യാകുമാരി, വെല്ലിങ്ടണ്‍, ഊട്ടി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കൂടാതെ തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പെയ്‌സ് സെന്ററും ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സും സംഘം സന്ദര്‍ശിക്കും.

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും - മുഖ്യമന്ത്രി 


 



തിരുവനന്തപുരം: വിശിഷ്ടസേവനത്തിന് സൈനികര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന് മുന്‍കാല പ്രാബല്യം നല്‍കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൈനികര്‍ക്ക് പാരിതോഷികം നല്‍കുന്നതില്‍ സംസ്ഥാനം പിന്നിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുക ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈനികക്ഷേമവകുപ്പ് സംഘടിപ്പിച്ച സായുധസേന പതാകദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിമുക്തഭടന്മാര്‍ക്കായി എല്ലാ ജില്ലകളിലും റസ്റ്റ്ഹൗസുകള്‍ സ്ഥാപിക്കും. സൈനികരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

രാജ്യത്തെ മികച്ച ടെറിട്ടോറിയല്‍ ആര്‍മിയായി തിരഞ്ഞെടുത്ത കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികമായി മിനിബസ് വാങ്ങുന്നതിന് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. അവയവമാറ്റശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്കും പ്രായംചെന്ന, സ്ഥിരംചികിത്സ ആവശ്യമായവര്‍ക്കും സാമ്പത്തികസഹായം നല്‍കും. ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള പരിധി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും-മുഖ്യമന്ത്രി അറിയിച്ചു.

ടെറിട്ടോറിയല്‍ ആര്‍മി ഗുഡ്‌വില്‍ അംബാസഡറായ നടന്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. രാജ്യത്ത് സമാധാനമാണ് ഉണ്ടാകാണ്ടേതെന്നും യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.


2012, നവംബർ 13, ചൊവ്വാഴ്ച

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്-മുഖ്യമന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിനായി 10 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാടിനുള്ളില്‍ കഴിയുന്നവരെ പുറത്തെത്തിച്ച് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവാസം ഉറപ്പാക്കുന്ന 80 കോടി രൂപയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പട്ടിക വിഭാഗത്തില്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതികളോ, പണമോ ഇല്ലാഞ്ഞിട്ടല്ല. അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലുണ്ടാകുന്ന അലംഭാവമോ, അശ്രദ്ധയോ ആണ് ഗുണഫലങ്ങള്‍ എത്തേണ്ടിടത്ത് എത്താതെ പോകുന്നതിന് കാരണം. ഇത്തരം പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഒരുരൂപയുടെ അരി അവിടെ ലഭിക്കുന്നതിന് 9 രൂപയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. റോഡ്, വീട്, ചികിത്സ, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം നിരവധി ബുദ്ധിമുട്ടുകള്‍ ഇടമലക്കുടി നിവാസികള്‍ നേരിടുന്നുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യേക പാക്കേജാണ് 10 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നത്. 

2012, നവംബർ 7, ബുധനാഴ്‌ച

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

 



തിരുവനന്തപുരം: തൊഴിലില്ലായ്മ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴില്‍നൈപുണി ആര്‍ജന പരിപാടി (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഗവ.വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

തൊഴിലെടുക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണ്. പക്ഷേ പ്രായോഗിക പരിശീലനത്തിലും സാങ്കേതികപരിജ്ഞാനത്തിലും പിന്നിലാണ്. ഇതാണ് ഇവിടത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ തൊഴില്‍ നൈപുണ്യം വാര്‍ത്തെടുക്കുക എന്നതാണ് വെല്ലുവിളി. 

300 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ഇതില്‍ 180 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ഐ.ടി പരിശീലനത്തിനുമാണ്. ബാക്കി 120 മണിക്കൂര്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍മേഖലയില്‍ പരിശീലനം നല്‍കും. കോഴ്‌സിന് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ശേഷിയില്ലായ്മയുടെ പേരില്‍ ആര്‍ക്കും പരിശീലനത്തിനുള്ള അവസരം നിഷേധിക്കില്ല. ബി.പി.എല്‍ വിഭാഗക്കാര്‍ക്കും ഒ.ബി.സി, എസ് സി/എസ്.ടി. വിഭാഗങ്ങള്‍ക്കും ഫീസില്ല. എ.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് ആകെ ഫീസിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. ബാക്കിയുള്ള 25 ശതമാനം സ്‌കോളര്‍ഷിപ്പായി നല്‍കും. എ.പി.എല്‍ വിഭാഗത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സബ്‌സിഡി നല്‍കും. ഈ പദ്ധതി നടപ്പാക്കിയ ശേഷം പ്രായോഗികമായി എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് അക്കാദമി ഓഫ് ഇന്ത്യയുടെ രാകേഷ് സിങ് എന്നിവര്‍ സംസാരിച്ചു.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല


 



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.ടി.ഡി.എഫ്.സി. രൂപം നല്‍കുന്ന നൂതന സ്ഥിരനിക്ഷേപ പദ്ധതിയായ 'സല്യൂട്ടി'ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ലാഭത്തിലെത്താത്തത്. 476 കോടിയുടെ സൗജന്യ യാത്രാ പാസ്സാണ് കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം നല്‍കുന്നത്.

അതു കൂടാതെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കെ.ടി.ഡി.എഫ്.സി.യുടെ സഹായം കൂടിയേ തീരൂ.

കെ.എസ്.ആര്‍.ടി.സി. യെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സല്യൂട്ട് പോലുള്ള പദ്ധതിക്ക് കഴിയും. കെ.എസ്.ആര്‍.ടി.സി. ഒരു വെള്ളാനയല്ല. നമ്മളെല്ലാംകൂടി അതിനെ ഒരു വെള്ളാനയായി കാണുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തലമുറകളെ പരസ്​പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സല്യൂട്ട് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് രസീത് വിതരണം ചെയ്തു. കെ.ടി.ഡി.എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്രനടന്‍ സുരേഷ്‌ഗോപി സ്ഥിരം നിക്ഷേപം നടത്തിയവര്‍ക്ക് ഗുരുദക്ഷിണ വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ വിതരണം ചെയ്തു. സല്യൂട്ട് പദ്ധതിയെക്കുറിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ആഷ്‌ലി വിവരിച്ചു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ഉഷാദേവി സ്വാഗതവും മാനേജര്‍ പി.വീണ നന്ദിയും പറഞ്ഞു.

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി


എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി 



തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍, ആവശ്യമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എമര്‍ജിങ് കേരളയുടെ തുടര്‍ നടപടികള്‍ക്കായി മൂന്നുസമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതികളുമായി മുന്നോട്ടുനീങ്ങാന്‍ നിലവിലെ പല നിയമങ്ങളിലും സങ്കീര്‍ണതകളുണ്ടെന്ന് എമര്‍ജിങ് കേരളയ്ക്ക് വന്ന വ്യവസായികള്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുമതിക്കുള്ള നടപടികള്‍ ലളിതമാക്കാനാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുന്നത്. ഏതൊക്കെ നിയമങ്ങളാണ് ഭേദഗതി ചെയ്യേണ്ടതെന്ന് നിശ്ചയിക്കാന്‍ ധന-നിയമമന്ത്രി കെ.എം.മാണി അധ്യക്ഷനായി 'കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചേയ്ഞ്ചസ്' രൂപവത്കരിക്കും.

പദ്ധതികള്‍ അവലോകനം നടത്താനും ആവശ്യമായവയ്ക്ക് സാധുത നല്‍കാനും ചീഫ് സെക്രട്ടറി ചെയര്‍മാനായി രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്' ആണ് രണ്ടാമത്തെ സമിതി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ബോര്‍ഡിന്റെ കണ്‍വീനര്‍. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ, റവന്യൂ, പരിസ്ഥിതി സെക്രട്ടറിമാര്‍, കെ.എസ്.ഐ.ഡി.സി എം.ഡി എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. എമര്‍ജിങ് കേരള പദ്ധതികളുടെ തുടര്‍നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ കൗണ്‍സില്‍' ആണ് മൂന്നാമത്തെ സമിതി.

വ്യവസായ ആവശ്യത്തിനായി വിവിധ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ഇതുവരെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാത്തവ കണ്ടുപിടിക്കും. ആറുമാസത്തിനകം നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ അവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും.എമര്‍ജിങ് കേരളയില്‍ ഏറ്റവുമധികം പേര്‍ താത്പര്യം പ്രകടിപ്പിച്ച 'സീ പ്ലെയിന്‍' പദ്ധതിയുടെ മേല്‍നോട്ടത്തിനായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 58 പേരാണ് സീ പ്ലെയിനില്‍ താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത ജനവരിക്ക് മുമ്പ് പദ്ധതി തുടങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോക്‌സ്‌വാഗണ്‍ അസംബ്ലി യൂണിറ്റ് തുടങ്ങുന്നതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഫോക്‌സ്‌വാഗണിന്‍േറതെന്ന മട്ടില്‍ പ്രസിദ്ധീകരിച്ച പദ്ധതിയെക്കുറിച്ച് കമ്പനി അറിഞ്ഞിട്ടില്ലെന്നായിരുന്നു ആരോപണം. ''എമര്‍ജിങ് കേരളയ്ക്ക് മുമ്പുതന്നെ ഫോക്‌സ്‌വാഗണ്‍ പ്രതിനിധികള്‍ എന്നേയും വ്യവസായ മന്ത്രിയേയും കണ്ടിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് അവരെ കെ.എസ്.ഐ.ഡി.സിയിലേക്ക് അയച്ചു. 2000 കോടി രൂപ മുടക്കി അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച താത്പര്യപത്രം വെബ്‌സൈറ്റില്‍ ഇട്ടത് പിശകായി''-മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനക്കുതിപ്പില്‍ എമര്‍ജിങ് കേരള നാഴികക്കല്ലായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഭൂമി കച്ചവടം നടത്താനാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എമര്‍ജിങ് കേരളയില്‍ ഒന്നും നടന്നിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നു. എമര്‍ജിങ് കേരളയ്ക്ക് പ്രതിപക്ഷം നല്‍കിയ സര്‍ട്ടിഫിക്കറ്റാണത്''-മുഖ്യമന്ത്രി പറഞ്ഞു.

എമര്‍ജിങ് കേരള പദ്ധതിക്കിടെ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് താന്‍ മറുപടി നല്‍കുന്നില്ലെന്നും ഓരോരുത്തരുടെ സംസ്‌ക്കാരത്തിനനുസരിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എമര്‍ജിങ് കേരള ഭൂമിക്കച്ചവടമാണെന്ന എന്‍.എസ്.എസ്സിന്‍േറയും എസ്.എന്‍.ഡി.പി.യുടേയും അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം 




കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് വ്യവസായ ലോകത്തു നിന്ന് വന്‍ പ്രതികരണം. സ്വകാര്യമേഖലയില്‍ നിന്ന് 45 പുതിയ വ്യക്തമായ പദ്ധതികള്‍ക്കുകൂടി നിക്ഷേപകര്‍ തയ്യാറായിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതികളും സഹായങ്ങളും ലഭിച്ചാല്‍ തുടങ്ങാവുന്ന പദ്ധതികളാണിത്. എമര്‍ജിങ് കേരളയ്ക്കുമുമ്പു തന്നെ ഏതാണ്ട് ഉറപ്പായ 35 പദ്ധതികള്‍ ലഭിച്ചിരുന്നു. ഐ.ടി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം,ടൂറിസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് പുതിയ പദ്ധതികള്‍. 

എമര്‍ജിങ് കേരളയുടെ ഇതുവരെയുള്ള പുരോഗതിയില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകസംഗമം വെള്ളിയാഴ്ച സമാപിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 20,000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയിളവുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. കൊച്ചിന്‍ റിഫൈനറിയുടെ വികസനവും പെട്രോകെമിക്കല്‍ യൂണിറ്റുമാണ് ഇവരുടെ പദ്ധതികള്‍. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ക്കു പകരമായി ന്യായവില ഹോട്ടലുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ പാചകവാതകം നല്‍കണമെന്ന് ബി.പി.സി.എല്‍. ചെയര്‍മാന്‍ ആര്‍.കെ.സിങ്ങിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാവുമെന്ന് ടൂറിസം വകുപ്പ് നിക്ഷേപകരെ അറിയിച്ചു. വിമാന ഇന്ധനത്തിന് നികുതിയിളവ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മൂന്നുവര്‍ഷത്തേക്ക് ഈ വിമാന സര്‍വീസുകളെ ഓപ്പറേറ്റിങ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. 58 കമ്പനികളാണ് ജലവിമാന സര്‍വീസില്‍ താത്പര്യം പ്രകടിപ്പിച്ചത്. 

അടിസ്ഥാന സൗകര്യവികസനത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിദേശ കമ്പനികളും എത്തിയിട്ടുണ്ട്. റോഡുവികസനത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ഇംഗ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയുമായും മന്ത്രി ഇബ്രാഹിം കുഞ്ഞുമായും ചര്‍ച്ച നടത്തി. ഇംഗഌണ്ടിലെ ജോണ്‍ മെക്കാല്‍സണ്‍ കമ്പനി മെട്രോ റെയിലിലും മോണോറെയിലിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ജപ്പാന്‍ എക്‌സ്‌ടേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജെട്രോ) പ്രതിനിധികളും ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്. 
മലയാളിയായ ഫൈസല്‍ കൊട്ടിക്കൊള്ളാന്റെ യു.എ.ഇ. ആസ്ഥാനമായ കെഫ് എന്ന കമ്പനിയുടെ പ്രീ ഫാബ്രിക്കേഷന്‍ യൂണിറ്റ് പദ്ധതിയും ഉറപ്പായി. കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിക്കുന്നതാണ് ഈ കമ്പനി. 350 കോടിയാണ് ഇതിനുള്ള നിക്ഷേപം. ഈ യൂണിറ്റിന് കൊച്ചിയിലെ കാക്കനാട്ട് 50 ഏക്കറാണ് അനുവദിക്കുക. 

മണപ്പാട്ട് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലാ അടിസ്ഥാനത്തിലുള്ള ഐ.ടി. പാര്‍ക്ക് (പ്രതീക്ഷിക്കുന്ന നിക്ഷേപം 1000 കോടി), ഇറ്റലിയിലെ റവാനോ ഗ്രീന്‍ പവറിന്റെ ഉപകമ്പനിയായ റവാനോ സോളാറും മീനാര്‍ ഗ്രൂപ്പും ചേര്‍ന്ന് പാലക്കാട്ട് ഉദ്ദേശിക്കുന്ന സൗരോര്‍ജ യൂണിറ്റ് (500 കോടി), അബുദാബി എസ്.എഫ്.സി. ഗ്രൂപ്പ് തിരുവനന്തപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ (150 കോടി) എന്നിവയാണ് പുതിയ പദ്ധതികളില്‍ ചിലത്. 

നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് വിവാദമായ ആറന്‍മുള സ്വകാര്യ വിമാനത്താവള പദ്ധതിയും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയാണിതെന്ന് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ് അടിസ്ഥാന സൗകര്യ വികസന സെഷനില്‍ പറഞ്ഞു. 

പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിക്ഷേപകര്‍ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ 150 എണ്ണം നടന്നു.സര്‍ക്കാര്‍ പ്രതിനിധികളുമായി 66 പേര്‍ ചര്‍ച്ചകള്‍ നടത്തി. ചെറുതും വലുതുമായ 120 പ്രോജക്ടുകള്‍കൂടി വിവിധ വ്യക്തികളും സ്ഥാപനങ്ങളും ചര്‍ച്ചകള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2012, ജൂലൈ 14, ശനിയാഴ്‌ച

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും - മുഖ്യമന്ത്രി 

 

 



തിരുവനന്തപുരം: നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെല്‍വയലുകളുടെ വിസ്തൃതി കുറയുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കരഭൂമിയായി മാറിയ കേസുകളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ഇനി വയല്‍നികത്തല്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുപണിയാന്‍വേണ്ടിമാത്രം പരിമിതമായ സ്ഥലത്തിന്റെ കാര്യത്തില്‍ ഇളവുനല്‍കാം. എന്നാല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വയല്‍നികത്തുന്ന സംഭവം ഉണ്ടാകാന്‍ പാടില്ല. സാമ്പത്തികശക്തിയുള്ളവര്‍ വന്‍തോതില്‍ വയല്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ശക്തമാണ്. ഇത് തടയുന്നതിന് വയലുകളുടെ ക്രയവിക്രയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നകാര്യം ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പനിവ്യാപനം തടയുന്നകാര്യത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അപ്പപ്പോള്‍തന്നെ സര്‍ക്കാരിനെ അറിയിക്കണം. മാലിന്യസംസ്‌കരണപ്രശ്‌നം സര്‍ക്കാരിനുതന്നെ ഒരു തലവേദനയാണ്. ഈ സാഹചര്യത്തില്‍ ഉറവിട സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണം. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, ജൂലൈ 4, ബുധനാഴ്‌ച

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ്

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ് 


 


ന്യൂഡല്‍ഹി: കേരളത്തിന് പ്രത്യേക സാമ്പത്തികപാക്കേജ് എന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കടബാധ്യതാസംസ്ഥാനമെന്ന നിലയിലാണ് കേരളം പാക്കേജ് ആവശ്യപ്പെട്ടത്. കേരളം, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് കടബാധ്യതാ സംസ്ഥാനങ്ങളായി കണ്ടെത്തിയത്. ഈ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികപാക്കേജ് നല്‍കണമെന്ന് ധനമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി വിലയിരുത്തിയിരുന്നു. ബംഗാളും പഞ്ചാബും സാമ്പത്തികപാക്കേജിനായി സമ്മര്‍ദം ചെലുത്തി വരികയാണ്. 

99137 കോടിയാണ് കേരളത്തിന്റെ മൊത്തം കടം. വിവിധ കേന്ദ്രവകുപ്പുകളില്‍നിന്നുള്ള വായ്പയിനത്തില്‍ കേരളം തിരിച്ചടയേ്ക്കണ്ടത് 2924 കോടിയാണ്. ഇതില്‍ 208 കോടി തിരിച്ചടച്ചിട്ടുണ്ട്. 2012 ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം 2716 കോടിയാണ് കേരളം തിരിച്ചടയേ്ക്കണ്ടതെന്ന് ധനമന്ത്രി കെ.എം. മാണി വിശദീകരിച്ചു. ഈ തുക എഴുതിത്തള്ളണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 30, ശനിയാഴ്‌ച

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും 

 

തിരുവനന്തപുരം: കേരളത്തില്‍ 'സീപ്ലെയിന്‍' സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'പവന്‍ ഹന്‍സ്' എന്ന സ്ഥാപനമാണ് സാധ്യതാപഠനം നടത്തുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പവന്‍ ഹന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സാധ്യതാപഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച് അഞ്ചു കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. താല്പര്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കണമെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം. 

എന്നാല്‍ പവന്‍ ഹന്‍സിന്റെ സാധ്യതാപഠനത്തിനുശേഷം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും സിവില്‍ വ്യോമയാന വകുപ്പിന്റെയും അനുമതി ലഭിച്ച ശേഷമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നതിന് അര്‍ഹരായ കമ്പനികളെ തിരഞ്ഞെടുക്കുകയെന്നും യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. മന്ത്രി എ.പി. അനില്‍കുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


2012, ജൂൺ 22, വെള്ളിയാഴ്‌ച

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും 


 



തിരുവനന്തപുരം: കേരളത്തില സമീപകാലത്തുണ്ടായ പച്ചക്കറികളുടെയും അരിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അടിയന്തര നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നരീതി തുടരും. ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫെഡ് 1500 നന്മ സ്റ്റോറുകള്‍ പുതുതായി ആരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റ നിയന്ത്രണത്തിന് മന്ത്രി അനൂപ് ജേക്കബ്ബ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.പി. മോഹനന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥരുടെയോഗം വിളിച്ചുചേര്‍ത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 26 വിപണനകേന്ദ്രങ്ങളും ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച് 42 വിപണനകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഹോര്‍ട്ടികോര്‍പ്പ് തനതായി 98 വിപണനകേന്ദ്രങ്ങളും തിരുവനന്തപുരത്ത് നാല് മൊബൈല്‍ യൂണിറ്റുകളും ആരംഭിച്ചു.

കണ്‍സ്യൂമര്‍ ഫെഡ് 154 വിപണന കേന്ദ്രങ്ങളും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 27 വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഈ നാല് ഏജന്‍സികളും പച്ചക്കറി വിപണിയില്‍ നടത്തിയ ഇടപെടലിന്റെ ഫലമായി ആറ് ഇനം പച്ചക്കറികളുടെ വില പിടിച്ചുനിര്‍ത്താനായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ഓണം-റംസാന്‍ കാലം വരെ തുടരും. വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കാന്‍ പുതിയ 100 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍കൂടി കണ്‍സ്യൂമര്‍ഫെഡ് ഉടന്‍ ആരംഭിക്കും. 59 വാഹനങ്ങളിലും ഒന്‍പത് ബോട്ടുകളിലുമായി നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ ഇനി പച്ചക്കറികൂടി ലഭ്യമാക്കും. ഇനിയും ആവശ്യമായി വന്നാല്‍ വേണ്ടത്ര വിപണനകേന്ദ്രങ്ങള്‍ ഹോര്‍ട്ടികോര്‍പ്പും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിയുടെ വിലക്കയറ്റം തടയുന്നതിന് ഒരുകിലോയ്ക്ക് 22 രൂപ നിരക്കില്‍ ജയ അരിയും 19 രൂപയ്ക്ക് കുറുവ അരിയും കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. അരിയുടെ വിലക്കയറ്റം തടയാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗിണിച്ച് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വിപണിയില്‍ ഉടന്‍ പ്രകടമാകും. ബി.പി.എല്‍. കാര്‍ക്ക് ഒരുരൂപ നിരക്കില്‍ നല്‍കുന്നതിനായി നേരത്തെ സമ്മതിച്ചതിനേക്കാള്‍ 169000 ടണ്‍ അരി അധികമായി കേന്ദ്രം നല്‍കും. 4.68 രൂപ നിരക്കില്‍ ഈ അരി ലഭിക്കും. എ.പി.എല്‍. കുടുംബങ്ങള്‍ക്ക് പ്രതിമാസം 10.5 കിലോഗ്രാം അരിയാണ് കേന്ദ്രം നല്‍കുന്നത്. ഇത് 15 കിലോഗ്രാം ആക്കി താത്കാലികമായി ഉയര്‍ത്തിയത് ഇനി സ്ഥിരമായി ലഭ്യമാക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമേ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം സ്വീകരിക്കേണ്ട മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യവകുപ്പ് സെക്രട്ടറി, റേഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 7, വ്യാഴാഴ്‌ച

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും 


 



തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട നിയമം ഉദാരമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും ഈ ദിശയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായവില സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ താലൂക്കുകള്‍ സന്ദര്‍ശിക്കും. മൂന്നുമാസത്തിനകം കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നുള്ള വ്യക്തിഗത പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

വയനാട് വന്യജീവി സങ്കേതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കര്‍ഷകരെയും ആദിവാസികളെയും വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാക്കും. 14 കോളനികളില്‍ നിന്ന്800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോളനികളില്‍ നിന്ന് 55 കുടുംബങ്ങളെ ഇതിനോടകം പുനരധിവസിപ്പിച്ചിട്ടുണ്ട്. കൊറ്റങ്കര കോളനിയില്‍ നിന്ന് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2.40 കോടിയുടെ കേന്ദ്രസഹായം ഉപയോഗിക്കും.

തൃക്കാക്കര, തൃപ്പൂണിത്തുറ, പൈനാവ്, പെരിന്തല്‍മണ്ണ, കഞ്ചിക്കോട്, നെടുമങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിശമന സേന യൂണിറ്റുകളില്‍ 26 വീതം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍ കൃഷി മെച്ചപ്പെടുത്താന്‍ കേന്ദ്രപദ്ധതി വിനിയോഗിക്കും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഫ്രാന്‍സിസിന് ഈ പദ്ധതിയുടെ അധികച്ചുമതല നല്‍കി.

കൊപ്രാസംഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സൊസൈറ്റികള്‍ക്ക് കൂടുതല്‍ ഡ്രൈയറുകള്‍ നല്‍കും. കൊപ്ര ചാക്കൊന്നിന് പത്തുരൂപ കൂട്ടിയിട്ടുണ്ട്.

2012, മേയ് 30, ബുധനാഴ്‌ച

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി 


 



സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1200 കി.മീ. റോഡുകള്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്നതിനുള്ള സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് തുടക്കമായി. 5100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

1200 കി.മീ റോഡ് പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ 1100 കോടിരൂപയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 4000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകബാങ്കില്‍ നിന്ന് 1500 കോടിരൂപയോളം വായ്പയെടുക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ നിന്നും പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും ബാക്കി തുക സമാഹരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് എന്ന കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ഫാസ്റ്റ്ട്രാക്കില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സ്റ്റേറ്റ് ഹൈവേകളേയും പ്രധാന ജില്ലാ റോഡുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തലസ്ഥാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് സെക്രട്ടറി പി.എച്ച്. കുര്യന്‍, റോഡ്ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.