UDF

2012, ജൂലൈ 14, ശനിയാഴ്‌ച

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും - മുഖ്യമന്ത്രി 

 

 



തിരുവനന്തപുരം: നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെല്‍വയലുകളുടെ വിസ്തൃതി കുറയുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കരഭൂമിയായി മാറിയ കേസുകളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ഇനി വയല്‍നികത്തല്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുപണിയാന്‍വേണ്ടിമാത്രം പരിമിതമായ സ്ഥലത്തിന്റെ കാര്യത്തില്‍ ഇളവുനല്‍കാം. എന്നാല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വയല്‍നികത്തുന്ന സംഭവം ഉണ്ടാകാന്‍ പാടില്ല. സാമ്പത്തികശക്തിയുള്ളവര്‍ വന്‍തോതില്‍ വയല്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ശക്തമാണ്. ഇത് തടയുന്നതിന് വയലുകളുടെ ക്രയവിക്രയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നകാര്യം ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പനിവ്യാപനം തടയുന്നകാര്യത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അപ്പപ്പോള്‍തന്നെ സര്‍ക്കാരിനെ അറിയിക്കണം. മാലിന്യസംസ്‌കരണപ്രശ്‌നം സര്‍ക്കാരിനുതന്നെ ഒരു തലവേദനയാണ്. ഈ സാഹചര്യത്തില്‍ ഉറവിട സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണം. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.