UDF

2013, ജൂലൈ 22, തിങ്കളാഴ്‌ച

സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും

സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും - മുഖ്യമന്ത്രി

 

കോട്ടയം:അടുത്ത മാര്‍ച്ച് 31നുള്ളില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്​പത്രികളിലും ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ച്, ജില്ലാ ആസ്​പത്രിക്കുസമീപം ആരംഭിച്ച ന്യായവില മെഡിക്കല്‍ സ്റ്റേറിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 150 കോടിയോളം രൂപ വേണം. ഇതില്‍ 100 കോടി ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവില്‍നിന്ന് ഒരുശതമാനം കണക്കാക്കി ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറിക് മരുന്നുകളില്‍ കവറിനുപുറത്ത് നിര്‍മ്മാണകമ്പനിയുടെ പേരുണ്ടാവില്ല. മരുന്നിന്റെ രാസനാമംമാത്രമേ ഉണ്ടാവുകയുള്ളൂ. 

യു.എന്‍.പൊതുസേവന പുരസ്‌കാരം നേടിയ മുഖ്യമന്ത്രിക്കുള്ള റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഉപഹാരം ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സമ്മാനിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ്, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറയില്‍ എന്നിവര്‍ സംബന്ധിച്ചു. റെഡ്‌ക്രോസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സ്വാഗതവും സെക്രട്ടറി ഫാ. ബിനോ ഫിലിപ്പ് നന്ദിയും പറഞ്ഞു.