UDF

2013, ജൂലൈ 25, വ്യാഴാഴ്‌ച

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ രാജിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നും തനിക്കെതിരെ പരാമര്‍ശമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്തെങ്കിലും പറയുന്നത് കേട്ട് രാജിവയ്ക്കില്ല. പി.സി ജോര്‍ജ് എന്തുകൊണ്ട് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കുന്നില്ല. തന്നെ രാജി സന്നദ്ധത അറിയിട്ടില്ല. രാജിവയ്ക്കണമോ എന്നത് അവരുടെ കാര്യമാണ്. ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളില്‍ തനിക്ക് കുഴപ്പമില്ല. ജോര്‍ജ് തുടരുന്നതില്‍ തനിക്ക് ബുദ്ധിമിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതി പറഞ്ഞുവെന്ന് നിങ്ങള്‍ പറയുന്നത് ​കുരുവിളയുടെ കേസുമായി ബന്ധപ്പെട്ടാണ്. കുരുവിളയുടെ കേസില്‍ തനിക്കോ സര്‍ക്കാരിനോ ഒന്നും മറച്ചുവയ്ക്കാനില്ല. പണം തട്ടിച്ച കേസില്‍ കുരുവിളയ്ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കുരുവിള ആരോപിക്കുന്ന പോലെ ആന്‍ഡ്രൂസ് എന്ന ഒരു ബന്ധു തനിക്കില്ല. തന്റെ സ്റ്റാഫില്‍ ഡെല്‍ജിത്ത് എന്നൊരംഗമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തന്റെ സഹോദരന്റെ മക്കള്‍ അനില്‍ അലക്‌സും അജയ് ജേക്കബുമാണ്. അനില്‍ തന്നെയാണോ ആന്‍ഡ്രൂസ് എന്ന് ഇപ്പോള്‍ പറയുന്നു. കുരുവിള പറഞ്ഞ പ്രതികളെയെല്ലാം അറസ്റ്റു ചെയ്തു. എന്നാല്‍ അവര്‍ പറയുന്നത് മറ്റൊരു കഥയാണ്. കുരുവിള പറയുന്നത് ശരിയല്ലെന്ന് അന്വേഷണ സംഘത്തിന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതിയില്‍ നിന്നുള്ള പരാമര്‍ശം മാധ്യമങ്ങള്‍ പറയുന്നതു പോലെയല്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിയില്ല. കോടതിയില്‍ നിന്നുള്ള പരാമര്‍ശം അഡ്വക്കേറ്റ്‌സ് ജനറലും മറ്റും തന്നെ അറിയിച്ചിട്ടുണ്ട്. കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താന്‍. ചിലരെ പോലെ അനുകൂല വിധി വരുമ്പോള്‍ കോടതിയെ മാനിക്കുകയും പ്രതികൂലമാകുമ്പോള്‍ കോടതിക്കെതിരെ സമരം നടത്തുകയും ചെയ്യുന്ന രീതി തനിക്കില്ല. എന്നും ഒരേ നിലപാടാണ് തനിക്ക്. മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ട് ആണ് നല്‍കിയതെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കുമോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞു. എന്നാല്‍ മാധ്യമവാര്‍ത്തകളുടെ പിന്നാലെ നടക്കാന്‍ തനിക്ക് സമയമില്ല. കോടതിയില്‍ എന്നും കേസുകള്‍ വരും. അതിനെല്ലം പ്രതികരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രിക്ക് പിന്തുണ ലഭിച്ചതായാണ് സൂചന. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മന്ത്രിസഭയില്‍ നേതൃമാറ്റം വേണ്ടെന്ന നിലപാട് മുസ്ലീം ലീഗ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം തൃപ്തികരമാണ്.