UDF

2013, ജൂലൈ 4, വ്യാഴാഴ്‌ച

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാല്‍ വിരണ്ടോടുകയും പൊലീസിനോട് തട്ടിക്കയറുകയും ചെയ്യുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എന്‍ പുരസ്കാരം ലഭിച്ച മുഖ്യമന്ത്രിക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധപ്രകടനങ്ങള്‍ നടത്തി ജനങ്ങളെ അകറ്റാനാണ് ശ്രമമെങ്കില്‍ നടക്കില്ല. ഓഫിസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റിന് പുറത്ത് ജനങ്ങളെ കാണാന്‍ സംവിധാനം ഒരുക്കിക്കഴിഞ്ഞു. പലരുമിന്ന് തെറ്റിദ്ധരിക്കുന്നതുപോലെ വ്യക്തിപരമായി ലഭിച്ചതല്ല യു.എന്‍ അവാര്‍ഡ്. കേരളത്തിന് കിട്ടിയ അംഗീകാരമാണ്. ജനസമ്പര്‍ക്ക പരിപാടി തന്‍െറ മാത്രം നേട്ടമല്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് വന്നശേഷം തന്നോട് പ്രതികാരം കാട്ടുകയാണെന്ന് ആമുഖപ്രസംഗം നടത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുവര്‍ഷത്തിനിടെ തനിക്ക് 68,000 ഫോണ്‍കോളുകള്‍ വന്നു. വിളിക്കുന്നത് സ്ത്രീയാണോ പുരുഷനാണോയെന്ന് നോക്കി എടുക്കാനാവില്ല. ലോട്ടറി എടുത്ത് മുഖ്യമന്ത്രിയായ ആളല്ല ഉമ്മന്‍ചാണ്ടി. പാവപ്പെട്ടവരുടെ അധ്വാനവും രക്തവും മുഖ്യമന്ത്രിപദത്തിന്‍െറ രൂപത്തില്‍ ലഭിച്ചതാണ്. മസാല രാഷ്ട്രീയത്തിലേക്ക് കേരള രാഷ്ട്രീയത്തെ കൊണ്ടുപോകരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ്, അസോസിയേഷന്‍ പ്രസിഡന്‍റ് ജെ. ബെന്‍സി, ജനറല്‍ സെക്രട്ടറി എ.വി. പ്രസന്നകുമാര്‍ എന്നിവരും സംസാരിച്ചു.